മലബാര്‍ കലാപത്തെ വര്‍ഗീയ ലഹളയാക്കി ചിത്രീകരിക്കുന്നത് സംഘപരിവാര്‍ അജണ്ട: എ വിജയരാഘവന്‍
സ്വാതന്ത്ര സമര രക്തസാക്ഷി പട്ടികയില്‍ നിന്നും 1921 ലെ മലബാര്‍ കലാപം നയിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് മുസല്യാര്‍ ഉള്‍പ്പടേയുള്ളവരെ നീക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന് വരുന്നത്. കേന്ദ്ര സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ പ്രേരിതമായിട്ടായിരിക്കാം എന്നാണ് പ്രശസ്ത ചരിത്രകാരനായ എംജിഎസ് നാരായണന്‍ പ്രതികരിച്ചത്. വിവിധ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളും കേന്ദ്ര നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
1921ൽ നടന്ന മലബാർ കലാപത്തെക്കുറിച്ചുള്ള സംവാദങ്ങൾക്കും വിവാദങ്ങളും നേരത്ത് മുതല്‍ ഉണ്ടായിരുന്നെങ്കിലും കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാർ എന്നിവരടക്കം 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽനിന്ന് നീക്കാനുള്ള തീരുമാനമാണ് ചര്‍ച്ചകളെ ചൂട് പിടിപ്പിച്ചിരിക്കുന്നത്.
തൂവെള്ളയില്‍ അതീവ സുന്ദരിയായി രഞ്ജിനി ജോസ്: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

മലബാർ കലാപത്തിന് ഇടയാക്കിയത് സാമ്രാജ്യത്വവിരോധവും ജന്മിവാഴ്‌ചയോടുള്ള എതിർപ്പുമാണോ, അതോ മതാധിഷ്‌ഠിതമായ പശ്ചാത്തലമാണോ എന്ന തർക്കം ആദ്യഘട്ടത്തിൽത്തന്നെ ഉയർന്നതാണെന്നാണ് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ വ്യക്തമാക്കുന്നത്. കലാപത്തെ പട്ടാളത്തെ ഉപയോഗിച്ച് നിഷ്‌ഠൂരമായി അടിച്ചമർത്തിയ ബ്രിട്ടീഷ് ഭരണാധികാരികൾക്കിടയിലും വ്യത്യസ്‌ത അഭിപ്രായമുണ്ടായിരുന്നു. അതിലേക്ക് വരാം. അതിനുമുമ്പ് ഈ വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പാർടി എടുത്ത നിലപാട് ആവർത്തിക്കുന്നത് ഉചിതമായിരിക്കുമെന്ന് കരുതുന്നു.മലബാർ കലാപം വിലയിരുത്തി 1946 ആഗസ്തിൽ കമ്യൂണിസ്റ്റ് പാർടി പുറപ്പെടുവിച്ച പ്രസ്‌താവനയുടെ തലവാചകം 'ആഹ്വാനവും താക്കീതും' എന്നതായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.
സാമ്രാജ്യാധിപത്യത്തിനും ജന്മികൾക്കും എതിരെ കൃഷിക്കാരിൽ പൊതുവിലും മുസ്ലിം കൃഷിക്കാരിൽ വിശേഷിച്ചും വളർന്നുവന്ന രോഷവും പ്രതിഷേധവുമായിരുന്നു കലാപത്തിന് തുടക്കമിട്ടത്. മഹാത്മാഗാന്ധി, അലി സഹോദരന്മാർ എന്നിവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട കോൺഗ്രസ് കമ്മിറ്റികളും ഖിലാഫത്ത് കമ്മിറ്റികളും ഈ പ്രതിഷേധത്തിന് രൂപം നൽകുന്നതിന് സഹായിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണവുമായി കൂട്ടുചേർന്നുള്ള ജന്മിവാഴ്‌ചയ്‌ക്കെതിരെ സംഘടിതമായി ഉയർന്നുവന്ന കുടിയാൻ പ്രസ്ഥാനവും സമരത്തെ സഹായിച്ചു. ഇതാണ് കമ്യൂണിസ്റ്റ് പാർടിയുടെ പ്രധാന വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

തുടര്‍ന്ന് 'കമ്യൂണിസ്റ്റ് പാർടി കേരളത്തിൽ' എന്ന ഗ്രന്ഥത്തിൽ ഇ എം എസ് മലബാര്‍ കലാപത്തെ കുറിച്ച് പറയുന്ന കാര്യവും തന്‍റെ പ്രസ്താവനയില്‍ സിപിഎം ആക്ടിങ് സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. ''അതേ അവസരത്തിൽ കലാപത്തിന് മറ്റൊരു വശമുണ്ടെന്ന് പാർട്ടി ചൂണ്ടിക്കാണിച്ചു. സ്വാതന്ത്ര്യസമരത്തിന്റെയും കുടിയാൻ പ്രക്ഷോഭത്തിന്റെയും ഭാഗമായി വളർന്ന പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന മുസ്ലിം ജനസാമാന്യത്തിൽ ഇസ്ലാമിക സാഹോദര്യത്തിന്റെ വികാരങ്ങളും ഉൾപ്പെട്ടിരുന്നു. അതിനെ മതനിരപേക്ഷ ദേശീയതയ്‌ക്ക് കീഴ്‌പ്പെടുത്താൻ കോൺഗ്രസ്-ഖിലാഫത്ത് നേതൃത്വത്തിന് കഴിഞ്ഞില്ല. അതുകൊണ്ട്, മതനിരപേക്ഷതയുടെ അടിസ്ഥാനത്തിൽ തുടങ്ങിയ കോൺഗ്രസ്-ഖിലാഫത്ത് പ്രസ്ഥാനം മലബാർ പ്രദേശത്ത് 'മാപ്പിള ലഹള'യായി മാറി. സാമ്രാജ്യാധിപത്യത്തിനും ജന്മികൾക്കും എതിരായ സമരം എന്നതിനോടൊപ്പം ഇതുകൂടി ചേർത്താലേ ശാസ്‌ത്രീയ വിശകലനമാവുകയുള്ളൂ. ഈ സത്യം സൂചിപ്പിക്കുന്നതിനാണ് പാർടിയുടെ പ്രസ്‌താവനയിൽ ആഹ്വാനം, താക്കീത് എന്ന രണ്ടു പദങ്ങൾ പ്രയോഗിച്ചത്''.
സാമ്രാജ്യത്വത്തിനും സഖ്യശക്തികളായ ഫ്യൂഡൽ പ്രഭുക്കൾക്കും നാട്ടുപ്രമാണികൾക്കും എതിരെ ഇന്ത്യയിലാകെ പ്രക്ഷോഭം വളർന്ന പശ്ചാത്തലത്തിലാണ് 1946ൽ കമ്യൂണിസ്റ്റ് പാർടി ഈ പ്രസ്‌താവന പുറപ്പെടുവിച്ചെന്ന കാര്യവും വിജയരാഘവന്‍ വ്യക്തമാക്കുന്നു. 1921ലെ പോലെ വിപ്ലവമുന്നേറ്റത്തെ സമുദായസ്‌പർധയുടെ മാർഗത്തിലേക്ക് തിരിച്ചുവിടാനുള്ള ശ്രമം നടക്കുകയായിരുന്നു. ഈ സത്യം കാണാതിരുന്നാൽ 1921ൽ നടന്നതുപോലെ വിപ്ലവമുന്നേറ്റത്തെ വർഗീയലഹളയാക്കി മാറ്റാൻ എതിരാളികൾക്ക് കഴിയുമെന്ന മുന്നറിയിപ്പാണ് പാർടി നൽകിയത്. കാർഷിക ബന്ധങ്ങളെ താറുമാറാക്കിയ ബ്രിട്ടീഷ് ഭരണം, കർഷകരുടെമേൽ കനത്ത നികുതിഭാരം അടിച്ചേൽപ്പിച്ചിരുന്നു. കരംപിരിവു വഴി കർഷകരുടെ അധ്വാനത്തിന്റെ സിംഹഭാഗവും ഭരണകൂടം കൈയിലാക്കി. ഉൽപ്പാദനത്തിന്റെ മൂന്നിൽ രണ്ട് സർക്കാരും ജന്മിയും കൊണ്ടുപോകും. ഭൂനികുതിക്കു പുറമെ ഉപ്പ്, പുകയില, വീട്, കടകൾ, കന്നുകാലി, മീൻവല, തറികൾ, കള്ള്, ചാരായം, വെട്ടുകത്തികൾ തുടങ്ങി സകലതിനും നികുതി ചുമത്തി. ഇതിനെതിരായ രോഷമാണ് കലാപങ്ങളായി മാറിയത്.

കലാപങ്ങളെപ്പറ്റി വില്യന്‍ ലോഗനും ചരിത്ര കാരനായ കെഎന്‍ പണിക്കരും നടത്തിയ നിരീക്ഷണങ്ങളും അദ്ദേഹം വ്യക്തമാക്കുന്നു. കോളനിഭരണം തുടങ്ങുംമുമ്പ് കുടിയൊഴിപ്പിക്കൽ കേട്ടുകേൾവികൂടിയില്ലായിരുന്നു. കോടതിവഴിയും അല്ലാതെയും കുടിയൊഴിപ്പിക്കൽ പതിവായി മാറി. കലാപത്തെക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയ വിഖ്യാത ചരിത്രകാരൻ ഡോ. കെ എൻ പണിക്കർ നിരീക്ഷിക്കുന്നത്, പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവും നടന്ന കലാപങ്ങളുടെ മൂലകാരണം ഭൂമിസംബന്ധമായ തർക്കങ്ങളായിരുന്നെന്നും മതം അതിൽ പ്രത്യയശാസ്‌ത്ര പങ്കുവഹിച്ചു എന്നുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മതാശയത്തിന്റെ സ്വാധീനം ഉണ്ടായിരുന്നെങ്കിലും കലാപം രൂപപ്പെടുത്തിയത് കോളനി-ജന്മിവാഴ്‌ചയോടുള്ള രോഷമായിരുന്നു എന്ന് ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എട്ടുമാസം നീണ്ടുനിന്ന കലാപത്തിൽ പങ്കെടുത്തവരിൽ അധികവും ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ മാപ്പിളമാരായിരുന്നു. കാർഷിക കലാപത്തെ മാപ്പിള കലാപമായി കണക്കാക്കുന്നതിന് പശ്ചാത്തലം ഇട വരുത്തിയിട്ടുണ്ടാകും. എന്നാൽ, ഇവിടെ ശ്രദ്ധിക്കേണ്ട വസ്‌തുത, മാപ്പിളമാരുടെ മൂന്നിൽ രണ്ടും ഒഴിഞ്ഞുനിന്നു എന്നാണ്. ധനികമാപ്പിളമാർ തീരെ പങ്കെടുത്തില്ല. സമരത്തിന് പശ്ചാത്തലമായി മാറിയ കോൺഗ്രസ് ഖിലാഫത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ മുസ്ലിങ്ങളും ഹിന്ദുക്കളും ഉണ്ടായിരുന്നു. എന്നാൽ, പ്രത്യക്ഷസമരം വന്നപ്പോൾ കോൺഗ്രസ് നേതൃത്വം പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നില്ല.

മതം മാത്രമായിരുന്നില്ല നിർണായകം എന്ന് ഇതിൽനിന്ന് വ്യക്തമാണ്. സർക്കാർ ഓഫീസുകളും ഹിന്ദു ഭൂവുടമകളുടെ വീടുകളും ആക്രമിക്കപ്പെട്ട ചില കേസുകളിൽ ഹിന്ദുക്കൾ പങ്കെടുത്തിരുന്നതായി പൊലീസ് രേഖകളിൽ കാണുന്നതായി ഗവേഷകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മണ്ണാർക്കാട്, പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷൻ ആക്രമണങ്ങളിൽ ഇവരുടെ പങ്കാളിത്തം രേഖകളിൽ കാണാം. പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരിൽ ബഹുഭൂരിഭാഗവും തൊഴിലാളികളും കുടിയായ്‌മ കൃഷിക്കാരുമായിരുന്നു. ധനികമാപ്പിളമാർ പ്രക്ഷോഭങ്ങളിൽനിന്ന് മാറിനിന്നെന്നു മാത്രമല്ല, അടിച്ചമർത്തുന്നതിന് ബ്രിട്ടീഷുകാരെ സഹായിക്കുകയും ചെയ്‌തു.
മലബാർ കലാപത്തെ വർഗീയലഹളയാക്കി ചിത്രീകരിക്കാൻ സംഘപരിവാറും അതിന്റെ നിയന്ത്രണത്തിലുള്ള ഏജൻസികളും ശ്രമിക്കുന്നതിൽ അത്ഭുതമൊന്നുമില്ല. വാരിയൻകുന്നത്തിനെയും ആലി മുസ്ലിയാരെയും സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയിൽനിന്ന് നീക്കാൻ ശ്രമിക്കുന്ന ഐസിഎച്ച്‌ആർ, സംഘപരിവാർ നിയന്ത്രണത്തിലാക്കിയ വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളിൽ ഒന്നാണ്.

തികച്ചും മതിനിരപേക്ഷമായ കാഴ്‌ചപ്പാടോടെ ബ്രിട്ടീഷ് ഭരണത്തിനും ജന്മിവാഴ്‌ചയ്‌ക്കും എതിരെ പോരാടിയ ധീരന്മാരായിരുന്നു വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആലി മുസ്ലിയാരെയും പോലുള്ളവരെന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നുണ്ട്. ഭൂനികുതി പരിഷ്‌കരിക്കാൻ അവർ ശ്രമിച്ചു. സർക്കാരിന് നികുതിയും ജന്മിമാർക്ക് പാട്ടവും കൊടുക്കുന്നത് നിർത്താൻ കുടിയാന്മാരോടും കർഷകരോടും വാരിയൻകുന്നത്ത് നിർദേശിച്ചു. കാണക്കുടിയായ്‌മ നിർത്തലാക്കിയെന്നും ഭൂമി കൈവശമുള്ള കുടിയാന്മാരെല്ലാം ജന്മിമാരാണെന്നും വാരിയൻകുന്നത്ത് പ്രഖ്യാപിച്ചു. ഈ ആശയങ്ങൾ പ്രാഥമിക രൂപത്തിൽ വന്നതല്ലാതെ മുന്നോട്ടുപോയില്ലെന്ന് നമുക്കറിയാം. 1921 ആഗസ്‌ത് 24ന് മഞ്ചേരിയിൽവച്ച് ഹൈന്ദവകുടുംബങ്ങൾക്ക് സുരക്ഷിതത്വവും സംരക്ഷണവും നൽകുന്ന ഒരു പ്രഖ്യാപനം കുഞ്ഞഹമ്മദ് ഹാജി നടത്തിയിരുന്നെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications