ദിലീപിനെ ബിജെപിയിലേക്ക് എത്തിക്കാനാണ് അവരുടെ നീക്കം: കാരണങ്ങള്‍ നിരത്തി ശാന്തിവിള ദിനേശ്
ഏറെ കാലത്തിന് ശേഷം ഒരു ദിലീപ് ചിത്രത്തിന് ലഭിക്കുന്ന മികച്ച വരവേല്‍പ്പായിരുന്നു പ്രിന്‍സ് ആന്‍ഡ് ഫാമിലിക്ക് തിയേറ്ററുകളില്‍ ലഭിച്ചത്. പതിവ് പോലെ ചിത്രവുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള വിവാദങ്ങളും ഉയർന്ന് വന്നു. പ്രമുഖ സോഷ്യല്‍ മീഡിയ റിവ്യൂവർമാർ നെഗറ്റീവ് പറഞ്ഞതായിരുന്നു ഇതില്‍ പ്രധാനം. ചിത്രത്തിന് തിയേറ്ററിലും ആളുകള്‍ കയറുമ്പോള്‍ റിവ്യൂവർമാർ പ്രത്യേക അജണ്ട വെച്ച് പെരുമാറുന്നുവെന്നായിരുന്നു അണിയറപ്രവർത്തകരുടെ ആരോപണം.
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തില്‍ തന്നെ ചർച്ചയായ ചില രാഷ്ട്രീയ വിഷയങ്ങളും ഉയർന്ന് വന്നു എന്നതാണ് ശ്രദ്ധേയം. ചിത്രത്തെ പ്രകീർത്തിച്ചുകൊണ്ട് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി എംഎ ബേബി രംഗത്ത് വന്നതോടെ വിവിധ കോണുകളില്‍ നിന്നാണ് അദ്ദേഹത്തിന് വിമർശനം നേരിടേണ്ടി വന്നത്. ഇതോടെ എംഎ ബേബിക്ക് ഈ വിഷയത്തില്‍ വലിയ വിശദീകരണവും നല്‍കേണ്ടി വന്നു.

വിശദീകരണം നല്‍കിയതോടെ വിവാദം അവസാനിക്കുന്നത് അല്ല ദിലീപിന് അനുകൂലിക്കുന്ന സംവിധായകന്‍ ശാന്തിവിള ദിനേശ് അടക്കമുള്ളവർ എംഎ ബേബിക്കെതിരെ വിമർശനം ഉയർത്തുന്നതാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ഒരു പാർട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ ഒരാള്‍ ഇത്തരം വിമർശനങ്ങള്‍ കേട്ട് സ്വന്തം നിലപാട് തിരുത്താന്‍ പാടില്ലായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. മാത്രവുമല്ല എല്ലാവരും കൂടെ ദിലീപിനെ ബി ജെ പിയില്‍ എത്തിക്കാനാണ് നീക്കമെന്നും ശാന്തിവിള ദിനേശ് ആരോപിക്കുന്നു.
കോടതി ശിക്ഷവിധിക്കാതെ, കുറ്റവാളിയെന്ന് കോടതി പറയാത്ത ഒരു വ്യക്തിയുടെ സിനിമ കണ്ട് നല്ലത് എന്ന് പറയരുതെന്ന് കല്‍പ്പിക്കുന്ന സമൂഹത്ത കണ്ട് ബേബി സഖാവ് പേടിച്ചോളൂ.. പക്ഷെ സി പി എമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പേടിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. ബുക്ക് മൈ ഷോയില്‍ പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ ചിത്രം വലിയ തോതില്‍ വിറ്റുപോകുന്നതാണ് പലരുടേയും പ്രശ്നം.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പറയാന്‍ പാടില്ലാത്ത പലതും ചാനലുകളിലൂടെ പറഞ്ഞ വ്യക്തിയാണ് ലിബർട്ടി ബഷീർക്ക. അദ്ദേഹമാണ് പറയുന്നത് തുടരും പോലെ ദിലീപിന്റെ സിനിമയ്ക്കും മികച്ച സ്വീകരണം ലഭിക്കുന്നു, പടം വിജയമാണെന്ന്. എന്നാല്‍ മറ്റ് ചിലർക്ക് അത് ദഹിക്കില്ല.
യുവരാജ് ഗോകുല്‍ എന്ന യുവമോർച്ച നേതാവിട്ട പോസ്റ്റില്‍ പ്രിന്‍സ് ആന്‍ഡ് ഫാമിലി കോടികള്‍ നേടുമെന്ന് പറയുന്നുണ്ട്. അതൊക്കെ പലർക്കും പ്രശ്നമാണ്. ഒരു യൂട്യൂബ് ചാനലിലെ മുന്‍ മാധ്യമ പ്രവർത്തകനൊക്കെ കമ്യൂണിസ്റ്റ് എന്ന ലേബലിലാണ് പ്രസംഗിക്കുന്നത്. അവസരവാദം ആണെന്ന് ഉറപ്പാണ്. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന് പറഞ്ഞത് പോലെ എങ്ങനെയെങ്കിലും ദിലീപിനെ ബി ജെ പി പാളയത്തില്‍ എത്തിക്കുകയാണ് ഈ മാപ്രകളുടെ അജണ്ടയെന്ന് ഞാന്‍ പറയും.
കോണ്‍ഗ്രസ് നേതാവും ആലുവ എം എല്‍ എയുമായ അന്‍വർ സാദത്തിന്റെ അടുത്ത ആളുമാണ് ദിലീപ്. അന്‍വറിനെ ജയിപ്പിക്കാന്‍ എന്തും ചെയ്യുന്ന ആളാണ് ദിലീപെന്ന് അവിടുത്തെ പല നേതാക്കളും എന്നോട് പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല ഒന്നാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ മമ്മൂട്ടി കഴിഞ്ഞാല്‍ പങ്കെടുത്ത ഏക സിനിമക്കാരന്‍ ദിലീപ് ആയിരുന്നു. അങ്ങനെയുള്ള ദിലീപിനെ മാപ്രകള്‍ മറിയച്ചേടത്തിയെപ്പോലെ ബി ജെ പിയില്‍ എത്തിക്കുന്നു.
ദിലീപ് സിനിമക്ക് വേണ്ടി സംഘപരിവാർ ആഘോഷിക്കുന്നു, പരിശ്രമക്കുന്നുവെന്നാണ് മധുവിന്റെ അടുത്ത കണ്ടുപിടുത്തം. സംഘപരിവാറുകാർക്ക് ഏതെങ്കിലും സിനിമ വിജയിപ്പിക്കണമെങ്കില്‍ പുഴ മുതല്‍ പുഴ വരെ എന്ന സിനിമയല്ലേ വിജയിപ്പിക്കേണ്ടത്. കാരണം അവരില്‍ നിന്നൊക്കെ പിരിച്ചല്ലേ ആ സിനിമ നിർമ്മിച്ചത്. അങ്ങനെയുള്ളവർ ഈ സിനിമ പ്രമോട്ട് ചെയ്യുമോയെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.












Click it and Unblock the Notifications