ദിലീപിന് 10 കോടി രൂപയെങ്കിലും ചിലവായി കാണും; തന്റെ നഷ്ടം അദ്ദേഹം ചൂണ്ടിക്കാട്ടി പക്ഷെ: ശാന്തിവിള ദിനേശ്
നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ ദിലീപിനെതിരായ തെളിവ് കണ്ടെത്താന്‍ ഇപ്പോഴും അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. കേസുമായി ബന്ധപ്പെട്ട് അതിജീവിത നല്‍കിയ ഒരു ഉപഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ വിധി പറയുന്നത് ഇഷ്ടമല്ല എന്നുള്ളതുകൊണ്ടാണ് ഇത്തരമൊരു ഉപഹർജിയുമായി ചെന്നതെന്നാണ് എനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറയുന്നു.
ഈ കേസില്‍ വിധി പറയരുത്. യഥാർത്ഥ കുറ്റവാളികളെ ശിക്ഷിക്കരുത്. നിങ്ങള്‍ ആരേയും ശിക്ഷിച്ചില്ലെങ്കിലും കുഴപ്പമില്ല, പക്ഷെ ദിലീപിന് ശിക്ഷ നല്‍കാതെ വിട്ടുകളയുമോ എന്ന പേടി കൊണ്ടായിരിക്കണം ഉപഹർജികള്‍ കൊടുത്ത് കേസ് നീട്ടി നീട്ടി കൊണ്ടുപോകുന്നത്. ഇത്തരത്തില്‍ ഉപഹർജി വരുമ്പോള്‍ അത് സ്വീകരിക്കരുത് എന്ന് ആവശ്യപ്പെട്ട് ദിലീപ് രംഗത്ത് വരും.

ദിലീപ് ഉപഹർജിയെ എതിർക്കുമ്പോള്‍ കോടതി ചോദിക്കുക നിങ്ങളെ കുറിച്ചുള്ള കാര്യമല്ലല്ലോ, പിന്നെന്തിനാണ് ഇതില്‍ കക്ഷി ചേരുന്നത് എന്നാണ്. മെമ്മറി കാർഡ് ചോർന്നെന്ന് പറയുന്ന സംഭവത്തില്‍ ആരോപണം കോടതി ഉദ്യോഗസ്ഥർക്കെതിരെയാണ്. കേസ് നീണ്ടുപോകുന്നതിനാല്‍ തനിക്കുള്ള നഷ്ടം ദിലീപ് ചൂണ്ടിക്കാട്ടുമ്പോള്‍ നിങ്ങള്‍ ഇതില്‍ കക്ഷി അല്ലാത്തതിനാല്‍ ഹർജി എടുക്കാനാകില്ലെന്ന് പറയുകയാണെന്നും ശാന്തിവിള ദിനേശ്.
നിയമപരമായി നിലനില്‍ക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഉപഹർജി തള്ളിയത്. കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡ് മൂന്ന് തവണ നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ടെന്നാണ് കേസ്. അതും ഏതാനും സെക്കന്‍ഡുകള്‍ മാത്രം. എനിക്ക് ചോദിക്കാനുള്ളത്, ഈ മെമ്മറി കാർഡിന്റെ ഒർജിനല്‍ ഇതുവരെ കിട്ടിയിട്ടില്ലാലോ. അതിന്റെ ഡ്യൂപ്ലിക്കേറ്റാണ് കോടതിയിലുള്ളത്.
മെമ്മറി കാർഡ് പരിശോധിക്കപ്പെട്ടതില്‍ സംശയമില്ലെന്നും അത് ആരെന്ന് കണ്ടെത്തണമെന്നുമായിരുന്നു ഹൈക്കോടതി നിർദേശിച്ചത്. കോടതി നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് വസ്തുതാപരം അല്ലെന്നും അത് തള്ളണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയാണ് തള്ളിയത്. സർക്കാറും അതിജീവിതയുടെ ഹർജിയെ പിന്തുണയ്ക്കുകയാണ് ചെയ്തത്.
അതിജീവിതക്ക് ഇനി വേണമെങ്കില്‍ പുതിയ ഹർജിയുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാം. അല്ലെങ്കില്‍ സുപ്രീംകോടതിയിലേക്കും പോകാം. അതും അല്ലെങ്കില്‍ പുതിയ ഹർജിയും നല്‍കാം. എന്തായാലും കഷ്ടപ്പെട്ട് ഉണ്ടാക്കിയ കുറച്ച് കാശ് കളയാം എന്നതാണ് ഇതിലെ കാര്യം. എനിക്ക് തോന്നുന്നത് ഈ കേസുമായി ബന്ധപ്പെട്ട് ദിലീപിന് ഒരു 10 കോടി രൂപയെങ്കിലും ചിലവായി കാണുമെന്നാണ്. അതിജീവിതയ്ക്കും അത്രയും ആയി കാണും. കാരണം അവരും അധികവും സ്വന്തമായി വക്കീലിനെ വെച്ചൊക്കെയാണ് കേസ് നടത്തിയത്.
അതിജീവിതയുടെ ആവശ്യപ്രകരാമാണ് അന്വേഷണം നടത്താന്‍ വനിത ഉദ്യോഗസ്ഥയേയും വിചാരണ നടത്താന്‍ വനിത ജഡ്ജിയേയും വെക്കുന്നതെന്നാണ് വാർത്ത. എന്നാല്‍ ഇപ്പോള്‍ പറയുന്നത് ആ വനിത ജഡ്ജ് വേണ്ടെന്നാണ്. അങ്ങനെ വാദിയും പ്രതിയും പറയുന്നത് കേട്ട് ജഡ്ജിമാരെ മാറ്റുകയാണെങ്കില്‍ ഈ നാട്ടില്‍ നിയമം നടത്താന്‍ സാധിക്കുമോ. അതുകൊണ്ട് തന്നെ അവരെ മാറ്റിയില്ല.
സെഷന്‍സ് ജഡ്ജ് കൊടുത്ത അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന് പറയാന്‍ കാരണം അതില്‍ ദിലീപിന്റെ പേര് ഇല്ലാത്തത് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല. കേസിലെ പ്രധാന തൊണ്ടിമുതലാണ് ഈ മെമ്മറി കാർഡ്. കേസിലെ പ്രധാന തെളിവുമാണ്. എന്തായാലും ഇനി അതിജീവിത പുതിയ ഹർജിയുമായി വന്നാല്‍ അത് മറ്റൊരു കേസുമായി മുന്നോട്ട് പോകും.
ഭാഗ്യത്തിന് ദിലീപ് പുതിയ ഹർജിയില്‍ പെടുകയും ഇല്ല. കോടതിയിലെ ആ ഉദ്യോഗസ്ഥർ അഞ്ചാറ് വർഷം കോടതി കയറി ഇറങ്ങേണ്ടി വരും. മറുവശത്ത് കുറച്ച് കാശുകൂടെ അതിജീവിതയുടെ പോകുകയും ചെയ്യും. ഹാഷ് വാല്യൂ മാറി എന്ന് പറയുന്നത് തികച്ചും അപ്രസ്കതമായ കാര്യമാണെന്നാണ് ഐടി രംഗത്ത് വിദഗ്ധർ പറയുന്നതെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications