കണ്ണൂരില്‍ അബ്ദുള്ളക്കുട്ടിക്ക് പാരവെച്ചത് കെ സുധാകരന്‍?
കണ്ണൂര്‍: കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ എ പി അബ്ദുള്ളക്കുട്ടിയെ മാറ്റി സതീശന്‍ പാച്ചേനിക്ക് സീറ്റ് നല്‍കിയതിന് പിന്നില്‍ കെ സുധാകരനെന്ന് ആരോപണം. അബ്ദുള്ളക്കുട്ടിയുടെ അണികളെന്ന് തോന്നിക്കുന്ന ഒരുവിഭാഗമാണ് നഗരത്തില്‍ ആരോപണവുമായി വ്യാപകമായി പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. കണ്ണൂര്‍ സിറ്റി, ടൗണ്‍, തോട്ടട തുടങ്ങിയ കേന്ദ്രങ്ങളിലെ ഫ് ളക്‌സ് ബോര്‍ഡുകളിലാണ് സുധാകനെതിരെ ആരോപണം നിരത്തുന്നത്.
കണ്ണൂരിലെ കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച സ്ഥാനാര്‍ഥിയായി കരുതുന്ന സതീശന്‍ പാച്ചേനിക്കും പോസ്റ്ററില്‍ വിമര്‍ശനമുണ്ട്. സീറ്റു നേടാനായി ഒടുവില്‍ ഗ്രൂപ്പുമാറിയെന്നാണ് ആരോപണം. ഒരുകാലത്ത് സുധാകരന്റെ വലംകൈ ആയി മാറിയിരുന്ന അബ്ദുള്ളക്കുട്ടിയെ കണ്ണൂരില്‍നിന്നും മാറ്റാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്ന് ഐ ഗ്രൂപ്പുകാര്‍ പറയുന്നു.

എ ഗ്രൂപ്പിന്റെ താത്പര്യത്തിനനുസരിച്ചുമാത്രം പ്രവര്‍ത്തിച്ചയാളാണ് സതീശന്‍ പാച്ചേനി. അത്തരത്തിലുള്ള ഒരാളെ സുധാകരന്‍ കൂടെക്കൂട്ടിയത് അംഗീകരിക്കാനാവില്ലെന്നും തെരഞ്ഞെടുപ്പില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമന്നും ചില നേതാക്കള്‍ രഹസ്യമായി ഐ ഗ്രൂപ്പിനെ അറിയിച്ചിട്ടുണ്ട്. അബ്ദുള്ളക്കുട്ടിയുടെ അടുപ്പക്കാരാണ് പ്രചരണത്തിന് പിന്നലെന്നാണ് നിഗമനം.
എന്നും അധികാര രാഷ്ട്രീയത്തിന്റെ ഒപ്പം നടന്നയാളാണ് അബ്ദുള്ളക്കുട്ടി. രണ്ടുതവണ എംപിയായി മൂന്നാം തവണ അവസരം നഷ്ടപ്പെട്ടതോടെയാണ് സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നത്. കോണ്‍ഗ്രസില്‍ രണ്ടുതവണ എംഎല്‍എയുമായി. ഇത്തവണ തലശ്ശേരിയില്‍ സിപിഎം കോട്ടയിലാണ് അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ഥിയാകുക. മണ്ഡലത്തില്‍ തോല്‍ക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. തോറ്റാല്‍ കോണ്‍ഗ്രസില്‍ തനിക്ക് ഇപ്പോഴുള്ള വിലയുണ്ടാകില്ലെന്ന് അബ്ദുള്ളക്കുട്ടിക്ക് ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ അബ്ദുള്ളക്കുട്ടിയാണ് ചില അണികളെ പ്രകോപിപ്പിച്ച് പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നതെന്ന് സുധാകര വിഭാഗം കരുതുന്നു.












Click it and Unblock the Notifications