രാജ്യദ്രോഹം; കേരളത്തിൽ രജിസ്റ്റർ ചെയ്തത് 41 കേസുകൾ ,കൂടെ യുഎപിഎ ഉൾപ്പെടെ മറ്റുകേസുകളും
തിരുവനന്തപുരം; ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹ നിയമം സുപ്രീം കോടതി താല്‍ക്കാലികമായി മരവിപ്പിച്ച സാഹചര്യത്തിൽ കേരളത്തിലെ രാജ്യദ്രോഹ കുറ്റങ്ങളും ചർച്ചയാകുന്നു. നിലവിൽ കേരളത്തിൽ മാത്രം നാൽപത്തിയൊന്നോളം രാജ്യദ്രോഹ കേസുകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ നാൽപ്പതോളം കേസുകളിൽ മറ്റു കേസുകൾക്കൊപ്പമാണ് രാജ്യദ്രോഹക്കുറ്റവും ചുമത്തപ്പെട്ടിട്ടുള്ളത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള വടക്കൻ ജില്ലകളിൽ ആണ് ഏറ്റവും കൂടുതൽ രാജ്യദ്രോഹ കുറ്റം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതിൽ പകുതിയിൽ കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് വയനാട്ടിൽ നിന്നാണ്. 23 കേസുകളാണ് ഇവിടെ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കണ്ണൂരിൽ ആറും കോഴിക്കോട്ട് അഞ്ചും മലപ്പുറത്ത് നാലും പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ ഓരോ കേസുകളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യു.എ.പി.എ ഉൾപ്പടെയുള്ള കേസുകൾ രാജ്യദ്രോഹത്തിനൊപ്പം ചാർജ് ചെയ്താണ് നാൽപതോളം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആയതിനാൽ സുപ്രീം കോടതിയുടെ പുതിയ നടപടി കേരളത്തിലെ കേസുകളെ കാര്യമായി ബാധിച്ചേക്കില്ല.

അതേ സമയം രാജ്യദ്രോഹം മാത്രമായി ഒരു കേസ് മലപ്പുറത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറത്തെ ഒരു കോളേജിൽ രാജ്യദ്രോഹ മുദ്രാവാക്യം പതിച്ച പോസ്റ്റർ ഒട്ടിച്ചു എന്നതിന്റെ പേരിൽ ഒരു വിദ്യാർത്ഥിയുടെ പേരിൽ രജിസ്റ്റർ ചെയ്ത കേസ് ആയിരുന്നു ഇത്. പിന്നീട് ഈ വിദ്യാർത്ഥിക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. സുപ്രീം കോടതിയുടെ പുതിയ നടപടി ഈ വിദ്യാർത്ഥിക്ക് ആശ്വാസം നൽകുന്നതാണ്. തൃശൂരിലും ഇത്തരത്തിൽ പോസ്റ്റർ പതിച്ചതിന്റെ പേരിൽ യുവാവനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിട്ടുണ്ട്. ഇതിന് പുറമെ വേറെ വകുപ്പും ഇയാൾക്കെതിരെ ചുമത്തിയിരുന്നു. 2015-ൽ കോഴിക്കോട്ട് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനംചെയ്ത് ലഘുലേഖ വിതരണം ചെയ്തവരുടെപേരിലും രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരുന്നു.
എറണാകുളത്ത് ആകട്ടെ 2016ൽ രാഷ്ട്രീയ നേതാവിനെ കൊലപ്പെടുത്തും എന്ന് ഭീഷണി സന്ദേശം അയച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രതിക്കാണ് രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റം ചുമത്തിയത്. വടക്കൻ ജില്ലകളായ കണ്ണൂർ, വയനാട് എന്നിവിടങ്ങളിൽ കൂടുതലും മാവോയിസ്റ്റ് പ്രവർത്തനവുമായി ബന്ധപ്പെട്ടവരെയാണ് ഈ കേസിൽ പ്രതികളാക്കിയിരിക്കുന്നത്. അതേ സമയം നിയമത്തിന്റെ പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെയാണ് സുപ്രീം കോടതി രാജ്യദ്രോഹ നിയമം മരവിപ്പിച്ചിരിക്കുന്നത്. ഇക്കാലയളവിൽ 124 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. രാജ്യദ്രോഹ നിയമത്തെ കേന്ദ്ര സർക്കാർ ആദ്യം ന്യായീകരിച്ചിരുന്നുവെങ്കിലും പിന്നീട് അത് പുനഃപരിശോധിക്കുകയാണെന്നും സുപ്രീം കോടതിയെ അറിയിച്ചു.












Click it and Unblock the Notifications