എസ്എഫ്ഐയും ഡിവൈഎഫ്ഐയും മിശ്രവിവാഹ ബ്യൂറോ നടത്തുകയല്ല; മുഖ്യമന്ത്രി
മിശ്രവിവാഹ ബ്യൂറോ നടത്തുകയല്ല എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറുപ്പക്കാർ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുമ്പോൾ എതിർപ്പ് എല്ലാ കാലത്തും ഉണ്ടാവാറുണ്ട്. അതുകൊണ്ട് വിവാഹം നടക്കാതിരുന്നിട്ടില്ല. പൊതുസമൂഹത്തിൽ അത് തടയാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ പൊതുസമൂഹത്തിൽ മിശ്രവിവാഹം തടയാൻ ആർക്കും കഴിയില്ല. ധാരാളം വിവാഹം അത്തരത്തിൽ നടക്കുന്നുണ്ട്. ഇഷ്ടമുള്ള ചെറുപ്പക്കാരും ചെറുപ്പക്കാരികളും വിവാഹം ചെയ്യുന്നത് ആർക്കും തടയാനാവില്ല. അത് തടഞ്ഞ് കളയാമെന്ന് ആരെങ്കിലും വിചാരിച്ചാൽ അതൊന്നും സാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഫൈസി കൂടത്തായിയുടെ പ്രസ്താവന സംഘപരിവാരത്തിൻ്റെ ലവ് ജിഹാദ് ആരോപണത്തിൻ്റെ തനിപകർപ്പ് : എസ്.എഫ്.ഐ
മിശ്ര വിവാഹത്തിനെതിനെതിരായ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പരമാർശത്തിൽ മറുപടിയുമായി എസ്എഫ്ഐ. സൗഹൃദത്തെയും, പ്രണയത്തെയും മതം തിരിച്ച് കണ്ട് വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിന് വേണ്ടി ആർ.എസ്.എസ് നടത്തിയ ശ്രമത്തിൻ്റെ മറ്റൊരു പകർപ്പാണ് നാസർ ഫൈസിയുടെ പ്രതികരണമെന്ന് എസ് എഫ് ഐ.
കേരളത്തിലെ ക്യാമ്പസുകളിൽ എസ്.എഫ്.ഐ വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നത് മതനിരപേക്ഷതയുടെ പക്ഷത്താണ്, അല്ലാതെ മതനിരാസത്തിൻ്റെ പക്ഷത്തല്ലെന്നും എസ് എഫ് ഐ വ്യക്തമാക്കി.
രാജ്യത്തെ മുസ്ലിം സമുദായത്തെ വേട്ടയാടുന്നതിന് വേണ്ടി സംഘപരിവാരം വർഷങ്ങൾക്ക് മുമ്പേ ഉയർത്തിവിട്ട ആരോപണമാണ് ലവ് ജിഹാദ്. കേരളം ലവ് ജിഹാദിൻ്റെ കേന്ദ്രമാണ് എന്നുൾപ്പെടെ സംഘപരിവാരം പ്രചരിപ്പിച്ചു. ഇതിനെതിരെ ഒരേ മനസ്സോടെയാണ് കേരള ജനത പ്രതികരിച്ചത്.
എല്ലാ മതസ്ഥർക്കും, ഒരു മതത്തിലും വിശ്വസിക്കാത്തവർക്കും ക്യാമ്പസുകളിൽ ഒരേ മനസ്സോടെ അണിനിരക്കാൻ കഴിയുന്ന സംഘടനയാണ് എസ്.എഫ്.ഐ. വിദ്യാർത്ഥികളെ മതത്തിൻ്റെ പേരിൽ ഭിന്നിപ്പിച്ച് വെള്ളം കടക്കാത്ത അറകളായി തരംതിരിക്കാനുള്ള മതവർഗീയ ശക്തികൾക്ക് എതിരാണ് എന്നും എസ്.എഫ്.ഐ. സംഘപരിവാരം രാജ്യത്ത് ന്യൂനപക്ഷങ്ങളെയും, ദളിതരെയും വേട്ടയാടുമ്പോൾ കേരളത്തിലെ ക്യാമ്പസുകളിൽ ഇതിനെതിരെ പ്രതിരോധങ്ങൾ തീർക്കുന്നത് എസ്.എഫ്.ഐ ആണ്.
കേരളത്തിലെ ക്യാമ്പസുകളിൽ എസ്.എഫ്.ഐ ഉള്ളതുകൊണ്ടാണ് എ.ബി.വി.പിയെയും, ക്യാമ്പസ് ഫ്രണ്ടിനെയും, എസ്.ഐ.ഒയെയും പോലുള്ള മതവർഗീയത പ്രചരിപ്പിക്കുന്ന വിദ്യാർത്ഥി സംഘടനകൾക്ക് വിദ്യാർത്ഥി ഹൃദയങ്ങളിലേക്ക് പ്രവേശിക്കാൻ ആവാത്തത് എന്ന് കേരള സമൂഹത്തിന് നല്ല ബോധ്യമുണ്ട് എന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ പ്രതികരിച്ചു.












Click it and Unblock the Notifications