'മൂക്കിന്റെ പാലം നേരെയാക്കാൻ താടിയും മീശയും വടിക്കേണ്ട, സഖാക്കളോട് പറഞ്ഞ് കൊടുക്കൂ', പരിഹസിച്ച് അഭിജിത്ത്
പേരാമ്പ്രയില്‍ സംഘര്‍ഷത്തിനിടെ പോലീസ് ലാത്തിയടിയില്‍ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പില്‍ മൂക്കിന് ശസ്ത്രക്രിയ ചെയ്ത് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ഇതിന്റെ പേരില്‍ ഇടത് പ്രൊഫൈലുകളും പേജുകളും ഷാഫി പറമ്പിലിനെ ട്രോളുന്നുണ്ട്. മൂക്കിനേറ്റ പരിക്ക് നാടകമാണെന്നും ഇനി ശസ്ത്രക്രിയ നടന്നിട്ടുണ്ടെങ്കില്‍ തന്നെ താടിയും മീശയും എന്ത് കൊണ്ട് ഷേവ് ചെയ്തിട്ടില്ല എന്നുമുളള ചോദ്യങ്ങളാണ് ഉയരുന്നത്.
ചില നൂതന ശസ്ത്രക്രിയകൾക്ക് താടിയും മീശയും നീക്കം ചെയ്യേണ്ട കാര്യമില്ലെന്നും ഇക്കാര്യം സൈബർ സഖാക്കൾക്ക് പറഞ്ഞ് കൊടുക്കണം എന്നും പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെഎം അഭിജിത്ത്. മുൻ ഇടത് സ്ഥാനാർത്ഥിയും ഡോക്ടറുമായ ജോ ജോസഫിനെ അഭിസംബോധന ചെയ്ത് കൊണ്ടാണ് അഭിജിത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.
'പ്രിയ ഡോക്ടർ ജോ ജോസഫ്, ഡോക്ടർ കർമ്മരംഗത്ത് തിരക്കിലാണെന്ന് അറിഞ്ഞതിൽ സന്തോഷം. എഐ ഗൈഡഡ് കാർഡിയാക് സർജറി, റോബോട്ടിക് കാർഡിയാക് സർജറി, ടോട്ടലി എൻഡോസ്കോപ്പിക് കൊറോണറി ആർട്ടറി ബൈപാസ്, ട്രാൻസ്‌കത്തീറ്റർ ഏയോർട്ടിക് വാൽവ് റിപ്ലേസ്‌മെന്റ് ഹൈബ്രിഡ് കാർഡിയാക് സർജറി, ഫോർഡി ഹോളോഗ്രാഫിക് കാർഡിയാക് ഇമേജിംഗ് തുടങ്ങി പുതിയ കാലത്തിനനുസൃതമായ നൂതന ഹൃദയ ശസ്ത്രക്രിയകളെക്കുറിച്ച് കേട്ടിട്ടുണ്ട്; ഡോക്ടർക്ക് ഇതേക്കുറിച്ച് എല്ലാം ആധികാരികമായി പറയാനും സാധിക്കും. അങ്ങനെയുള്ള ഒരാൾ ഞാൻ ഉന്നയിച്ച ചെറിയൊരു ചോദ്യത്തിന് ഉത്തരം തന്നില്ല എന്നത് ദൗർഭാഗ്യകരമാണ്.

കവണ പോലുള്ള ഒരു സർജിക്കൽ ഉപകരണം മൂക്കിൻ്റെ അകത്തേക്ക് കയറ്റി ബാഹ്യമായി ഒരു മുറിവും സൃഷ്ടിക്കാത്ത വിധമുള്ള ക്ലോസ്ഡ് റിഡക്ഷിയോ സർജറിയും എൻഡോസ്കോപി സർജറിയും വഴി മൂക്കിൻ്റെ പാലം നേരെയാക്കുന്ന നൂതന ശസ്ത്രക്രിയ ചെയ്യാൻ രോഗിയുടെ താടിയും മീശയും വടിക്കേണ്ട എന്ന് ലളിതമായി അങ്ങയുടെ സഖാക്കളോട് ഒന്ന് പറഞ്ഞു കൊടുക്കാമായിരുന്നു. അവർ വീണ്ടും വീണ്ടും വിഡ്ഢിത്തം പറയുന്നത് കേൾക്കുമ്പോൾ താങ്കൾക്ക് തന്നെ മോശം തോന്നുന്നില്ലേ?
ഗാസയെ കുറിച്ചുള്ള താങ്കളുടെ പരാമർശവും കണ്ടു. താങ്കൾ ആശുപത്രിയിൽ തിരക്കിലായതിനാൽ സമീപകാലത്ത് സംഭവിച്ച കാര്യങ്ങൾ ഒന്നും ശ്രദ്ധിച്ചിരിക്കില്ല എന്നു വേണം കരുതാൻ. ഏതാനും ദിവസങ്ങൾക്ക് മുമ്പും, കൃത്യമായി പറഞ്ഞാൽ ഗാന്ധിജയന്തി ദിനത്തിൽ 'ഗാസ ഐക്യദാർഢ്യ സദസ്' നടത്തിയ പ്രസ്ഥാനത്തിൻ്റെ പേരാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, സാധ്യമായ സമയങ്ങളിലെല്ലാം പ്രസ്ഥാനത്തിനൊപ്പവും വ്യക്തിപരമായും പലസ്തീനും ഗാസയ്ക്കുമൊപ്പം തന്നെയാണ് ഞങ്ങളെല്ലാം നിലയുറപ്പിച്ചതും. പാർലമെൻ്റിൽ പലസ്തീന് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചതും സോണിയ ഗാന്ധി കേന്ദ്രസർക്കാറിന്റെ ഇസ്രയേൽ വിധേയത്വത്തെ രൂക്ഷമായ വിമർശിച്ച് ദേശീയ മാധ്യമങ്ങളിൽ നിരന്തരം ലേഖനം എഴുതുന്നതും താങ്കൾ കണ്ടിരിക്കില്ല. തിരക്കാണല്ലോ.
പക്ഷെ, മഹാത്മജിയുടെ കാലം മുതല്‍ പലസ്തിനെ അംഗീകരിച്ച
കോൺഗ്രസ്സിനെ കുറിച്ചും ഇന്ദിരാഗാന്ധിയെ തന്റെ കൂടപ്പിറപ്പ് എന്ന് വിളിച്ച യാസര്‍ അറാഫത്തിനെ കുറിച്ചും ചരിത്രം പഠിച്ചപ്പോൾ താങ്കൾ കേട്ടു കാണും! 18000 കുട്ടികള്‍ അടക്കം 60000 പലസ്തീനികള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വംശഹത്യയ്ക്ക് ഇരയായ ഒരു നാടിനുവേണ്ടി അന്നുമിന്നും ദേശീയതലത്തിലും സംസ്ഥാനത്തും പ്രതികരിക്കുന്നത് കോൺഗ്രസ്സും സഖ്യ കക്ഷികളുമാണ്. താങ്കളെപ്പോലെ ഉന്നത വിദ്യാഭ്യാസം ഉള്ള ഒരാൾ ഒരു ഭാഗത്തേക്ക് മാത്രം തുറക്കുന്ന ജാലക കാഴ്ചകളിൽ വീണുപോകരുത്.
എന്റെ സാമൂഹിക പ്രതിബദ്ധതയെ അങ്ങ് നോക്കി കാണാറുണ്ടെന്നതിലും സന്തോഷം. കോവിഡിന്റെ മറവിൽ കേരളത്തെയാകെ കൊള്ളയടിച്ച പിണറായി സർക്കാറിൻ്റെ നടപടിക്കെതിരെ ശബ്ദിച്ചവരെല്ലാം സാമൂഹ്യദ്രോഹികളായി മുദ്രകുത്തപ്പെട്ട ആ കാലത്ത്, എനിക്കെതിരെയും മുഖ്യമന്ത്രിയും നാലു മന്ത്രിമാരും ഉൾപ്പെടെ അണിനിരന്ന് കോവിഡ് ടെസ്റ്റുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനങ്ങൾ നടത്തി, ഇതോടനുബന്ധിച്ച് കേസെടുക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.
സ്നേഹത്തോടെ സൂചിപ്പിക്കട്ടെ, ഇതേ മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊലീസ്, കേസിൽ അടിസ്ഥാനമില്ലെന്ന് കണ്ട്, കേവലം ക്ലറിക്കൽ മിസ്റ്റേക്കാണ് സംഭവിച്ചതെന്നതിനാൽ ആ കേസ് റഫർ ചെയ്ത് തള്ളികളഞ്ഞകാര്യം താങ്കളോട് സൂചിപ്പിക്കട്ടെ. ഡോക്ടർ, താങ്കളുടെ ജോലി തുടരുക...തിരക്കിനിടയിൽ വല്ലപ്പോഴും സമയം വീണുകിട്ടിയാൽ, സൈബർ കടന്നലുകൾക്ക് അല്പം ബുദ്ധി ഉപദേശിക്കുക.
സ്നേഹത്തോടെ,
അഭിജിത്ത്.












Click it and Unblock the Notifications