വടകരയില്‍ യുഡിഎഫ് വിജയം ഉറപ്പ്: സൈബർ ആക്രമണം തങ്ങളുടെ രീതി അല്ലെന്നും ഷാഫി പറമ്പില്‍
കത്തുന്ന മേട മാസ വെയിലിനേയും വെല്ലും തിരഞ്ഞെടുപ്പ് ചൂടാണ് വടകരയിലേത്. പാനൂർ ബോംബ് സ്ഫോടനം മുതല്‍ സ്ഥാനാർത്ഥിക്കെതിരായ സൈബർ ആക്രമണം വരെ ആരോപണ-പ്രത്യാരോപണങ്ങള്‍ നിരവധി. വിജയത്തിനായി ഓരോ വോട്ടും പ്രധാനപ്പെട്ടതാണെന്ന് ഏത് തിരഞ്ഞെടുപ്പിലും നേതാക്കള്‍ പറയുന്ന കാര്യമാണെങ്കിലും വടകരയുടെ കാര്യത്തില്‍ ഇത്തവണ അത് നൂറ് ശതമാനം ശരിയാണ്. പരമാവധി മണ്ഡലത്തിന്റെ എല്ലാ കോണുകളിലുമെത്തി സ്ഥാനാർത്ഥികള്‍ വോട്ടുറപ്പിക്കുകയാണ്.
പേരാമ്പ്ര നിയോജക മണ്ഡലത്തിലെ മലയോര മേഖലയായ പൂഴിത്തോട്-ചെമ്പനോട ഭാഗത്ത് നിന്നുമാണ് ഷാഫി പറമ്പിലിന്റെ വാഹന പ്രചരണ ജാഥ വ്യാഴാഴ്ച ആരംഭിച്ചത്. വെയിലാണെങ്കിലും ഓരോ വോട്ടറേയും നേരിട്ട് കാണാന്‍ തുറന്ന വാഹനത്തില്‍ തന്നെയാണ് സ്ഥാനാർത്ഥിയുടെ യാത്ര. തിരക്കേറിയ ഈ പ്രചരണത്തിനിടയില്‍ വണ്‍ ഇന്ത്യ മലയാളത്തോടൊപ്പം ചേരുകയാണ് സ്ഥാനാർത്ഥി. സൈബർ ആക്രമണം ഉള്‍പ്പെടെ ഇടതുപക്ഷം ഉയർത്തുന്ന ഓരോ ആരോപണങ്ങള്‍ക്കും ഷാഫി പറമ്പില്‍ വ്യക്തമായ മറുപടി അഭിമുഖത്തില്‍ നല്കുന്നു..

ചക്കിട്ടപാറ നരിനടയിലെ സ്വീകരണ യോഗത്തില്‍
ഞാന്‍ ചെയ്തിട്ടില്ല, ചെയ്യിക്കുകയുമില്ല
സൈബർ ആക്രമണങ്ങളെ എത്ര തവണ തള്ളിപ്പറഞ്ഞ വ്യക്തിയാണ് ഞാന്‍. അത് ഏതെങ്കിലും ഒരു വ്യക്തിക്കെതിരേയുള്ള സൈബർ ആക്രമണം മാത്രമല്ല, എല്ലാ തരത്തിലുള്ള സൈബർ ആക്രമണങ്ങളേയും ഞാന്‍ തള്ളിപ്പറയുന്നു. അത്തരം കാര്യങ്ങളോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. ആദ്യമായിട്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വ്യക്തിയല്ല ഞാന്‍. നേരത്തെ എവിടേയെങ്കിലും എന്റെ ഭാഗത്ത് നിന്നും ഇതുപോലൊരു പ്രവർത്തി ഉണ്ടായതായി ആരെങ്കിലും പറഞ്ഞ് കേട്ടിട്ടുണ്ടോ. ഇതൊന്നും ഞാന്‍ ചെയ്യികയുമില്ല, ചെയ്യിക്കുകയുമില്ലെന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്ക് അറിയാം.
നിരവധി തവണ തള്ളിപ്പറഞ്ഞിട്ടും ഇടത് സ്ഥാനാർത്ഥിക്കെതിരായ സൈബർ ആക്രമണത്തെ ഞാന്‍ തള്ളിപ്പറഞ്ഞില്ലെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പില്‍ ജനങ്ങളോട് വേറെ ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് അവർ എനിക്കെതിരെ ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.

വടകരക്കാരുടെ ഹൃദയത്തിലൊരു ഇടം
വടകരയുമായി എനിക്കുള്ള ബന്ധത്തിന്റെ അളവ് കോല് എന്ന് പറയുന്നത് കാലമല്ല. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവരുടെ മനസ്സില്‍ ഒരു ഇടം തന്നു എന്നുള്ളത് സ്ഥാനാർത്ഥി എന്ന നിലയില്‍ എന്നെ സംഭന്ധിച്ച് ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. ഇത്രയും പ്രധാനപ്പെട്ട ഒരു പോരാട്ടത്തില്‍ ജനങ്ങള്‍ നല്കുന്ന പിന്തുണയോളം വരുന്ന ഒരു കരുത്ത് വേറേയില്ല. അതുകൊണ്ട് തന്നെയാണ് ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസം ഞങ്ങള്‍ പ്രകടിപ്പിക്കുന്നത്. വടകരയിലെ ജനങ്ങള്‍ നല്കുന്ന പിന്തുണയും സ്നേഹവുമാണ് ഏറ്റവും വലിയ കരുത്ത്.
ബോംബ് നിർമ്മിച്ചത് എന്തിനാണ്
പാനൂർ ബോംബ് സ്ഫോടനം എന്നതൊക്കെ പറയുന്നത് പ്രധാനപ്പെട്ട ഒരു വിഷയമാണ്. ബോബ് ഉണ്ടാക്കുന്നതിനിടെ സ്ഫോടനമുണ്ടായി ഒരാള്‍ മരിച്ച് പോകുകയാണ്. എന്തിനാണ് ബോംബ് ഉണ്ടാക്കുന്നത്. എന്തെങ്കിലും നല്ല കാര്യം ചെയ്യുന്നതിന് ഇടയ്ക്കല്ല, ഈ മരണം സംഭവിക്കുന്നത്. ഒരു വാഹനം ഓടിക്കുന്നതിന് ഇടയ്ക്കോ, മരത്തില്‍ കയറുന്നതിന് ഇടയ്ക്കോ, അല്ലെങ്കില്‍ റെയില്‍ വേ ട്രാക്ക് മുറിച്ച് കടയ്ക്കുമ്പോഴോ ഉണ്ടായ മരണം അല്ല. ബോബ് ഉണ്ടാകുന്നതിന് ഇടയില്‍, അത് പൊട്ടി മരിക്കുകയാണ്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാനാണ് ഈ ബോംബുകള്‍ ഉണ്ടാക്കിയതെന്നാണ് റിമാന്‍ഡ് റിപ്പോർട്ടില്‍ പറയുന്നത്. നാട്ടില്‍ അക്രമവും കലാപവും ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നുള്ളത് ഇതില്‍ നിന്നും വളരെ വ്യക്തമാണ്.

ഇന്ത്യാ മുന്നണിയും പ്രതീക്ഷകളും
ദേശീയ തലത്തിലേക്ക് നോക്കുകയാണെങ്കില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കണ്ട സാഹചര്യം അല്ല ഇപ്പോള്‍ ഇന്ത്യ സഖ്യത്തിനുള്ളത്. അതില്‍ നിന്നെല്ലാം സഖ്യം വലിയ രീതിയില്‍ മുന്നോട്ട് പോയി. സഖ്യ കക്ഷികള്‍ക്കിടയില്‍ മികച്ച രീതിയില്‍ ചർച്ചകള്‍ നടത്തി സീറ്റ് ധാരണയില്‍ എത്താന്‍ സാധിച്ചു. നേതാക്കന്മാർക്കിടയിലും മുന്നണി മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍ക്കിടയിലും വ്യക്തമായ ധാരണകളുണ്ടായി.
തിരഞ്ഞെടുപ്പിന്റെ പടിവാതില്ക്കല് എത്തി നില്‍ക്കുമ്പോഴാണ് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. ബിജെപി സർക്കാർ നടത്തുന്ന തികഞ്ഞ ജനാധിപത്യ വിരുദ്ധത ഇതില്‍ നിന്നെല്ലാം ജനങ്ങള്‍ക്ക് വ്യക്തമായി. നാനൂറ് സീറ്റ് ബി ജെ പിക്ക് ലഭിക്കണമെങ്കില്‍ കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് നേടണം. ഉത്തരേന്ത്യയിലൊക്കെ ലഭിക്കാവുന്നതിന്റെ പരമാവധി സീറ്റുകള്‍ കഴിഞ്ഞ തവണ അവർക്ക് ലഭിച്ച് കഴിഞ്ഞു.

കോണ്‍ഗ്രസിന്റെ കാര്യം നോക്കുകയാണെങ്കില്‍ കഴിഞ്ഞ തവണ ലഭിച്ചു എന്ന് പറയുന്നത് നാമമാത്രമായ സീറ്റുകള്‍ മാത്രമാണ്. ചില സംസ്ഥാനങ്ങളില്‍ ഒന്നുമില്ലെന്ന് തന്നെ പറയേണ്ടി വരും. അവിടെയൊക്കെ ഇന്ത്യാ സഖ്യത്തിനെ സംബന്ധിച്ചാണ് കാര്യങ്ങള്‍ അനുകൂലം. ഡല്‍ഹിയിലും ബിഹാറിലുമൊക്കെ സഖ്യത്തിന് നല്ല മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിക്കും. ഒരു ഭരണമാറ്റം അനിവാര്യമാണെന്ന് രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ കരുതുന്നു. ബാലറ്റിലൂടെ ആ വികാരം പ്രതിഫലിച്ചാല്‍ ചരിത്രപരമായ ഒരുമാറ്റം ഉണ്ടാകും.
ബിജെപിക്ക് കേരളത്തില്‍ ഇടമില്ല
ബിജെപി വലിയ അവകാശവാദങ്ങളാണ് പതിവ് പോലെ നടത്തുന്നത്. അവർക്ക് കേരളത്തെ ഉള്‍ക്കൊള്ളാനോ മനസ്സിലാക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. വിഭാഗീയ, വിഭജന അജണ്ടകള്‍ അല്ലാതെ കേരളത്തിലെ ജനങ്ങള്‍ക്ക് മുമ്പില്‍ അവർക്ക് ഒന്നും വെക്കാനില്ല. ഇത്തരക്കാർക്കെതിരെ എല്ലാ കാലത്തും കേരളത്തിലെ ജനങ്ങള്‍ സ്വീകരിച്ച ഒരു സ്പിരിറ്റ് ഉണ്ട്. ആ സ്പിരിറ്റാണ് കേരളത്തിലെ ബി ജെ പിയുടെ സാധ്യതകളെ അടച്ച് കളയുന്നത്.
ബി ജെ പിയെ സംബന്ധിച്ച് എന്ത് ഭരണ നേട്ടമാണ് ഉയർത്തിക്കാട്ടാനുള്ളത്. കേരളത്തിലെ ബി ജെ പി നേതാക്കന്മാർ തന്നെ പറഞ്ഞ കാര്യങ്ങള്‍ ജനം മറന്നിട്ടില്ല. ലിറ്ററിന് 50 രൂപയ്ക്ക് പെട്രോള്‍ കിട്ടുമെന്ന് പറഞ്ഞവരാണ് കേരളത്തിലെ ബി ജെ പി നേതാക്കള്‍. 400 രൂപയ്ക്ക് ഗ്യാസ് കിട്ടുമെന്ന് പറഞ്ഞതും ജനങ്ങള്‍ മറന്നിട്ടില്ല. ബി ജെ പി ഭരണത്തിന് കീഴില്‍ ആനുകൂല്യങ്ങള്‍ മുഴുവന്‍ ലഭിക്കുന്നത് കോർപ്പറേറ്റുകള്‍ക്കും സമ്പന്നർക്കുമാണ്. നാട്ടിലെ ജനങ്ങള്‍ക്ക് എന്ത് നേട്ടമാണ് ലഭിച്ചത്.

ചെമ്പ്രയിലെ സ്വീകരണ കേന്ദ്രത്തില്‍
ജനങ്ങള്‍ക്ക് വേണ്ടി പ്രവർത്തിച്ച കോണ്‍ഗ്രസ്
കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോഴാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൊണ്ടുവരുന്നത്. ദേശീയ ഭക്ഷ്യ സുരക്ഷ നിയമവും നടപ്പിലാക്കിയത് യു പി എ സർക്കാരാണ്. ദേശീയ വിദ്യാഭ്യാസ അവകാശ നിയമം, തുടങ്ങി സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്ന എണ്ണിയാല്‍ ഒടുങ്ങാത്ത പദ്ധതികള്‍ നടപ്പിലാക്കാന്‍ യു പി എ സർക്കാറുകള്‍ക്ക് കഴിഞ്ഞു. അതിനെ താഴെ ഇറക്കിയിട്ട് പകരം ബി ജെ പി വന്നപ്പോള്‍ സാധാരണക്കാർക്ക് എന്ത് ആനുകൂല്യമാണ് ലഭിച്ചത്. ജി എസ് ടി അടക്കം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പരിപാടികളല്ലേ അവർ അവതരിപ്പിച്ചത്. ഭരണകൂടത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തേണ്ട ഒരു സാഹചര്യം ഇന്ന് ഇന്ത്യയിലില്ല.
വടകരയിലെ ജനങ്ങള്‍ക്ക് നല്‍കാനുള്ള ഉറപ്പ്
തിരഞ്ഞെടുപ്പ് സമയത്ത് മാത്രം ജനങ്ങളെ തിരഞ്ഞ് വരുന്ന ഒരാളായി ഞാന്‍ മാറില്ല എന്നുള്ളതാണ് വടകരയിലെ ജനങ്ങള്‍ക്ക് എനിക്ക് നല്‍കാനുള്ള ഉറപ്പ്. വടകരയിലെ ജനങ്ങള്‍ക്ക് വേണ്ടി ഏത് ആവശ്യത്തിനും അവർക്ക് ഒപ്പമുണ്ടാകും. വലിയൊരു പാരമ്പര്യമുള്ള മണ്ഡലമാണ് വടകര. പാർലമെന്റില്‍ വടകരയുടെ ശബ്ദം ശക്തമായി തന്നെ ഉയർത്തുമെന്നും ഞാന്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്കുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications