ബിഎ ഇംഗ്ലീഷിൽ നാലാം റാങ്കുകാരി,ഹൊറർ സിനിമ ആരാധിക, സൈനികനുമൊത്തുള്ള ജീവിതം സ്വപ്നം കണ്ടു, പക്ഷേ..
തിരുവനന്തപുരം: പാറശാല സ്വദേശിയായ ഷാരോണിനെ കൊലപ്പെടുത്തിയത് ഗ്രീഷ്മയാണെന്ന് വിശ്വസിക്കാൻ നാട്ടുകാർക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല. പഠിക്കാൻ മിടുക്കിയായ, എല്ലാവരോടും നല്ല നിലയിൽ പെരുമാറിയിരുന്ന പെൺകുട്ടിയാണ് ഈ അരുംകൊലയ്ക്ക് പിന്നിലെന്നത് ഞെട്ടിക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു.
മാതാപിതാക്കളുടെ ഏക മകളാണ് ഗ്രീഷ്മ. തമിഴ്നാട്ടിലെ എംഎസ് സർവ്വകലാശാലയിൽ നിന്നും ബി എ ഇംഗ്ലീഷ് സാഹിത്യത്തിൽ നാലാം റാങ്ക് നേടിയിരുന്നു. ഹൊറർ സിനിമയുടെ ആരാധിക കൂടിയായ ഗ്രീഷ്മ കീടനാശിനി നൽകി ഇഞ്ചിഞ്ചായാണ് ഷാരോണിനെ കൊലപ്പെടുത്തിയത്.

ഒരു വർഷം മുൻപാണ് ഇരുവരും പ്രണയത്തിലായത്. അഴകിയ മണ്ഡപം മുസ്ലിം ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥിയായ ഗ്രീഷ്മയും നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ വിദ്യാർഥിയായ ഷാരോണും നിത്യവും ഒരേ ബസിലായിരുന്നു യാത്ര ചെയ്തത്. ബസിൽ നിന്നും കണ്ടുള്ള പരിചയമാണ് പ്രണയത്തിലെത്തിയത്. എന്നാൽ ഷാരോണുമായുള്ള ബന്ധം വീട്ടുകാർ അംഗീകരിച്ചിരുന്നില്ല. മാത്രമല്ല ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹം ആലോചിച്ച് ഉറപ്പിക്കുകയും ചെയ്തു.

തമിഴ്നാട് സ്വദേശിയായ സൈനികനുമായിട്ടായിരുന്നു വിവാഹം ഉറപ്പിച്ചത്. ഇതിന് ഗ്രീഷ്മയും സമ്മതം മൂളി. ഇതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ പരമാവധി ശ്രമിച്ചു. എന്നാൽ ഷാരോൺ ഒഴിഞ്ഞ് പോയില്ല. ജാതക ദോഷം ഉണ്ടെന്നുൾപ്പെടെ ഷാരോണിനോട് ഗ്രീഷ്മ പറഞ്ഞിരുന്നു. ആദ്യ ഭർത്താവ് മരിക്കുമെന്നായിരുന്നു ഗ്രീഷ്മ പറഞ്ഞത്. എന്നാൽ ഇതെല്ലാം ഷാരോൺ നിസാരമായി എടുക്കുകയായിരുന്നു.

വിവാഹം നിശ്ചയിച്ചതോടെ ഷാരോണിന് ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്താകുമോ എന്നും ഗ്രീഷ്മ ഭയപ്പെട്ടിരുന്നു. പല തവണ ഇത് തരാൻ ഷാരോണിന് ഗ്രീഷ്മ ആവശ്യപ്പെട്ടിരുന്നത്രേ. എന്നാൽ ഷാരോൺ ഇതിന് തയ്യാറായിരുന്നില്ല. ഇതിനെല്ലാം ഒടുവിലാണ് യുവാവിനെ ഇല്ലാതാക്കാനുള്ള പദ്ധതികൾ ഗ്രീഷ്മ മെനഞ്ഞത്. ആദ്യം കഷായത്തിലായിരുന്നു വിഷം കലർത്തി നൽകിയിരുന്നത്. എന്നാൽ ഇതിന് കൈപ്പാണെന്ന് ഷാരോൺ പറഞ്ഞതോ ജ്യൂസിൽ വിഷം കലർത്തി.

പലപ്പോഴും ഗ്രീഷ്മ നൽകിയ ജ്യൂസ് കുടിച്ച് ഷാരോൺ ചർദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നുണ്ട്. അന്ധവിശ്വാസം കാരണമാണ് തന്റെ മകനെ ഗ്രീഷ്മ ഇല്ലാതാക്കിയതെന്നാണ് ഷാരോണിന്റെ അമ്മ പറയുന്നത്. പള്ളിയിൽ കൊണ്ടുപോയി ഷാരോണിനെ കൊണ്ട് ഗ്രീഷ്മ താലിക്കെട്ടിച്ചെന്നും സിന്ദൂരം അണിയിപ്പിച്ചെന്നും ഷാരോണിന്റെ അമ്മ പറയുന്നു. മകൻ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നാണ് ഇവർ വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ടെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം ഗ്രീഷ്മയല്ലാതെ മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. യുവതിയുടെ മാതാപിതാക്കളേയും അമ്മാവനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുകയാണ് പോലീസ്. യുവതിയുടെ കുടുംബാംഗങ്ങൾക്ക് ഷാരോണുമായുള്ള ബന്ധം അറിയാമായിരുന്നുവെന്നും കുടുംബത്തിനും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നുമാണ് ഷാരോണിന്റെ കുടുംബം ആരോപിച്ചത്.

അമ്മ അറിയാതെ ഗ്രീഷ്മ ഒന്നും ചെയ്യില്ലെന്നും അവരെ കൂടി പ്രതി ചേർക്കണമെന്നും ഷാരോണിന്റെ പിതാവ് ആവശ്യപ്പെട്ടു. വിവാഹ നിശ്ചയം കഴിഞ്ഞ പെൺകുട്ടിയുടെ വീട്ടിലേക്ക് നേരത്തേ പരിചയമുള്ള ആൺകുട്ടിയെ വിളിച്ച് വരുത്തിയത് എന്തിനാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നുമാണ് ഷാരോണിന്റെ പിതാവ് ആരോപിക്കുന്നത്.

അവൻ എത്തുന്നതിന് തൊട്ട് മുൻപായി അമ്മ വീട്ടിൽ നിന്നും പോയത് സംശയകരമാണ്. വിഷയം തയ്യാറാക്കി വെച്ചായിരിക്കും അവർ പോയിട്ടുണ്ടാകുകയെന്നും ഇക്കാര്യം പോലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ഗ്രീഷ്മയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. വിഷം സൂക്ഷിച്ചിരുന്ന കുപ്പി ഉൾപ്പെടെയുള്ളവ കണ്ടെടുക്കേണ്ടതുണ്ട്. അതിന് ശേഷമായിരിക്കും യുവതിയെ കോടതിയിൽ ഹാജരാക്കുക.












Click it and Unblock the Notifications