'ഖാർഗെയ്ക്ക് വേണ്ടി എന്തുമാകാം'; പിസിസികളുടെ പരസ്യ പിന്തുണയിൽ കലിച്ച് തരൂർ, രേഖാമൂലം പരാതി
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഹൈക്കമാന്റ് മാർഗനിർദ്ദേശങ്ങൾ തള്ളി മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് പരസ്യ പിന്തുണയുമായി കൂടുതൽ പി സി സികൾ. കഴിഞ്ഞ ദിവസം പ്രചരണ പരിപാടിക്കെത്തിയ ഖാർഗെയ്ക്ക് മഹരാഷാട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ വലിയ സ്വീകരണമാണ് ലഭിച്ചത്. പി സി സി അധ്യക്ഷൻമാരടക്കം മല്ലികാർജുൻ ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ നടപടിക്കെതിരെ ശശി തരൂർ വിഭാഗം ഹൈക്കമാന്റിന് പരാതി നൽകി.

കഴിഞ്ഞ ദിവസമായിരുന്നു ഖാർഗെ ഗുജറാത്തിൽ വോട്ട് തേടിയെത്തിയത്. സംസ്ഥാന അധ്യക്ഷൻ ജഗദീഷ് ഠാക്കൂർ, പ്രതിപക്ഷ നേതാവ് സുഖ്റാം രത്, ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള സ്ക്രീനിംഗ് കമ്മറ്റി ചെയർമാൻ രമേശ് ചെന്നിത്തല എന്നിവരായിരുന്ന അദ്ദേഹത്തെ സ്വീകരിക്കാനെത്തിയത്. ജിഗ്നേഷ് മേവാനി അടക്കമുള്ളവരും ഖാർഗെയ്ക്ക് ഒപ്പമുണ്ടായിരുന്നു. ഖാർഗെ വോട്ട് തേടി പി സിസി ആസ്ഥാനത്ത് എത്തിയപ്പോഴും നേതാക്കൾ അനുഗമിച്ചു.

'ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും പരിചയസമ്പന്നനും തലമുതിർന്ന നേതാവുമായ മല്ലികാർജുൻ ഖാര്ഗെജിയെ ഗുജറാത്തിലേക്ക് സ്വീകരിച്ചു. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ അദ്ദേഹവുമൊത്ത പ്രചാരണത്തിനിറങ്ങും. വലിയ പ്രതീക്ഷ ആണ് ഈ തെരഞ്ഞെടുപ്പ് പാർട്ടിക്കും പ്രവർത്തകർക്കും നൽകിയിരിക്കുന്നത്. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കുന്ന ഈ വേളയിൽ ജനങ്ങളും സാധാരണ പാർട്ടി പ്രവർത്തകരും ആഗ്രഹിക്കുന്നത്പോലെ നമ്മുടെ പാർട്ടി തിരിച്ചുവരും എന്ന് പ്രത്യാശിക്കാം', എന്നായിരുന്നു ഖാർഗെയെ സ്വീകരിച്ച് കൊണ്ട് ചെന്നിത്തലയുടെ പ്രതികരണം.അതേസമയം
ചെന്നിത്തല ഭാരവാഹിയല്ലാത്തതിനാൽ അദ്ദേഹത്തിന് പ്രചരണത്തിന് ഇറങ്ങുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് ഇതിനോട് തരൂർ പ്രതികരിച്ചു.

അതിനിടെ ഖാർഗെ പ്രചരണം നയിച്ച മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി എച്ച് കെ പാട്ടീലാണ് ഖാർഗെയെ നേരിട്ടെത്തി സ്വീകരിച്ചത്. പി സി സി അധ്യക്ഷൻമാർ അടക്കമുള്ള പാർട്ടി ഭാരവാഹികൾ പരസ്യമായ പിന്തുണ സ്ഥാനാർത്ഥികൾക്ക് നൽകുകയോ പ്രചരണം നയിക്കുകയോ ചെയ്യരുതെന്നായിരുന്നു തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ മാർഗനിർദ്ദേശം. എന്നാൽ മാർഗനിർദ്ദേശം വന്നതിന് തൊട്ട് പിന്നാലെ തന്നെ കേരളത്തിൽ നിന്നടക്കം നേതാക്കൾ ഖാർഗെയ്ക്കൊപ്പം എന്ന് പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ പരസ്യ പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഫേസ്ബുക്കിൽ അടക്കം കുറിപ്പ് പങ്കിട്ടു. ഇതിനെതിരെ ശശി തരൂർ കടുത്ത അതൃപ്തി പ്രകടമാക്കിയിരുന്നുവെങ്കിലും സുധാകരൻ ഉൾപ്പെടെ ഒരു നേതാക്കളും അദ്ദേഹത്തിന്റെ എതിർപ്പ് പരിഗണിച്ചില്ലെന്ന് മാത്രമല്ല കേരളത്തിൽ തരൂർ സന്ദർശനത്തിനെത്തിയപ്പോൾ മുഖം നൽകാൻ പോലും കൂട്ടാക്കിയിരുന്നില്ല.അതേസമയം
ഒദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് ആവർത്തിക്കുമ്പോഴും ഖാർഗെയ്ക്ക് വേണ്ടി ഭാരവാഹികൾ തന്നെ ഇത്തരത്തിൽ പ്രചരണത്തിന് ഇറങ്ങുന്നതാണ് തരൂർ പക്ഷം ചോദ്യം ചെയ്യുന്നത്. നേതാക്കളുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി തരൂരിനെ അനുകൂലിക്കുന്ന നേതാക്കൾ തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷൻ മദുസൂദൻ മിസ്ത്രിയ്ക്ക് പരാതി നൽകിയിട്ടുണ്ട്.

അതേസമയം തരൂർ വിവിധ സംസ്ഥാനങ്ങളിലുള്ള പ്രചരണം തുടരുകയാണ്.മഹാരാഷ്ട്ര, തെലങ്കാന, കേരളം എന്നിവിടങ്ങളിലാണ് തരൂർ പ്രചരണം പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം അദ്ദേഹം തമിഴ്നാട്ടിൽ പ്രചരണത്തിന് എത്തിയിരുന്നു.700 ഓളം വോട്ടുള്ള സംസ്ഥാനത്ത് വെറും 12 പേരായിരുന്നു തരൂരിനെ സ്വീകരിക്കാനെത്തിയത്. അതേസമയം പരസ്യ പിന്തുണ ഇല്ലെങ്കിലും മത്സരത്തിൽ നിന്നും പിൻമാറില്ലെന്നും കിട്ടുന്ന പിച്ചിൽ താൻ കളിക്കുമെന്നാണ് ശശി തരൂർ പ്രതികരിച്ചത്.












Click it and Unblock the Notifications