ശശി തരൂരിന്റെ വാദം വസ്തുനിഷ്ഠമായ യാഥാര്‍ഥ്യം; പിന്തുണച്ച് ഇപി ജയരാജനും എകെ ബാലനും
തിരുവനന്തപുരം: കേരളത്തിലെ വ്യവസായ രംഗത്ത് വികസന മുന്നേറ്റമെന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ വാദം വസ്തുനിഷ്ഠമായ യാഥാര്‍ഥ്യമെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. തരൂർ പറഞ്ഞ കാര്യങ്ങളില്‍ എന്താണ് തെറ്റുള്ളതെന്ന് ചോദിക്കുന്ന അദ്ദേഹം വിഷയം വഷളാക്കിയത് ചില കോണ്‍ഗ്രസ് നേതാക്കളാണെന്നും ആരോപിക്കുന്നു. സംസ്ഥാനത്ത് ഇന്ന് യു ഡി എഫിന് എതിരായ അന്തരീക്ഷം ഉരുത്തിരിഞ്ഞിട്ടുണ്ട്. ശശി തരൂരാണ് ശരി എന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറയുകയാണെന്നും ഇപി ജയരാജന്‍ അഭിപ്രായപ്പെട്ടു.
'കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ കേരളത്തിൻ്റെ വ്യവസായ മുന്നേറ്റത്തെ പ്രശംസിച്ചതിൽ വി ഡി സതീശനും രമേശ് ചെന്നിത്തലയും ഇങ്ങനെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് എന്തിനാണ്. വികസനത്തിൽ കേരളം ലോകത്തിനും രാജ്യത്തിനും മാതൃകയാണെന്ന് ശശി തരൂർ കൃത്യമായ ഡാറ്റകൾ ഉദ്ധരിച്ചു കൊണ്ടാണ് ഒരു ഇംഗ്ളീഷ് ദിനപത്രത്തിൽ ലേഖനം എഴുതിയത്. ഈ ലേഖനത്തിൽ കേരള വികസനത്തെ കുറിച്ച് നടത്തിയ പരാമർശങ്ങൾ തികച്ചും യാഥാർഥ്യ ബോധത്തോടെയുള്ളതാണ്.' ഇപി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഒട്ടനവധി വിഷയങ്ങളിൽ കേരളം ലോകത്തിനും രാജ്യത്തിനും മാതൃകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, ഭൂപരിഷ്കരണം തുടങ്ങിയ മേഖലകളിലെല്ലാം നാം ലോക മാതൃകയാണ്. വ്യവസായ മേഖലയിൽ കൈവരിച്ചതും കൈവരിച്ചുകൊണ്ടിരിക്കുന്നതുമായ നേട്ടങ്ങളും സമാനമായ മുന്നേറ്റത്തിൻ്റെ തുടർച്ചയാണ്. ഈ വികസന മുന്നേറ്റത്തെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ പ്രകീർത്തിക്കുമ്പോൾ സതീശനും ചെന്നിത്തലയും അസ്വസ്ഥരാകുന്നു.
കേരളം വികസിക്കുന്നത് ഇവർക്ക് സഹിക്കുന്നില്ല. കേരളത്തിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ സമീപനം ഇങ്ങനെയായിരിക്കുന്നു. ഇത് കേരള വിരുദ്ധ നിലപാടാണെന്ന് തിരിച്ചറിയാത്തവരല്ല അവർ മറിച്ച് അന്ധമായ രാഷ്ട്രീയ വിരോധത്താലാണ് ഇത്തരം നിലപാടെടുക്കുന്നത്. ഇത് ബിജെപിയെ സഹായിക്കുന്ന നിലപാടാണ്. ദേശീയ തലത്തിലും കോൺഗ്രസ് ഇത്തരം സമീപനം സ്വീകരിക്കുന്നതുകൊണ്ടാണ് ആ പാർടി തളരുന്നതും അത് ബി ജെ പിക്ക് വളമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇപി ജയരാജന് പിന്നാലെ ശശി തരൂരിനെ പിന്തുണച്ച് എകെ ബാലനും രംഗത്ത് വന്നു. നാലു പാലര്‍മെന്റ് തിരഞ്ഞെടുപ്പ് വിജയിച്ച വിപ്ലവകാരിയാണ് തരൂര്‍, ലോകം അറിയുന്ന ബുദ്ധിജീവി, മഹാനായ ഡിപ്ലോമാറ്റ് ആണ് ശശി തരൂര്‍. വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള കാര്യമാണ് ശശി തരൂര്‍ പറഞ്ഞത്. വസ്തുകള്‍ വെച്ച് തരൂരിനെ നേരിടട്ടെ. സംഭവത്തില്‍ യുഡിഎഫ് ആരോപണങ്ങള്‍ക്ക് ശശി തരൂര്‍ തന്നെ മറുപടി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സികളുടെ റിപ്പോര്‍ട്ട് ആണ് ശശി തരൂര്‍ അടിസ്ഥാനമാക്കിയതെന്നും എകെ ബാലന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications