'കേരളം കണ്ട ഏറ്റവും നീചമായ രാഷ്ട്രീയ ഗൂഢാലോചന', ഉമ്മൻചാണ്ടിയെ പിന്തുണച്ച് ഷിബു ബേബി ജോൺ
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. സംഭവം നടന്നതായി പറയുന്ന ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഇല്ലായിരുന്നു എന്നും പരാതിക്കാരി അന്ന് ക്ലിഫ് ഹൗസില്‍ എത്തിയതിന് തെളിവില്ലെന്നുമാണ് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് യുഡിഎഫിന് വൻ ആശ്വാസമായിരിക്കുകയാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്.
സംഭവത്തിൽ ആർഎസ്പി നേതാവും ചവറ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഷിബു ബേബി ജോണിന്റെ പ്രതികരണം പുറത്ത് വന്നിട്ടുണ്ട്: '' കേരളം കണ്ട ഏറ്റവും നീചമായ രാഷ്ട്രീയ ഗൂഢാലോചന ആണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉമ്മൻചാണ്ടിക്കെതിരെ നടന്നത്. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ സമസ്ത മേഖലകളിലും നേട്ടങ്ങൾ കൈവരിച്ച സർക്കാർ ആയിരുന്നു ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നത്.

കേരളത്തിൽ ഏറ്റവുമധികം വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും തുടങ്ങിവെക്കുകയും ചെയ്ത ഭരണകാലം. സുനാമിയിൽ തീരദേശത്തിന് താങ്ങായ നേതാവ്. ജനസമ്പർക്ക പരിപാടിയുമായി ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി എന്ന നിലയിൽ ഉമ്മൻചാണ്ടി സർക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് ഒരുപാട് വികസനപ്രവർത്തനങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാനിന്നും അഭിമാനിക്കുന്നുണ്ട്.
വിമർശിക്കാൻ ഒന്നും കിട്ടാതിരുന്നപ്പോൾ ആണ് ഇടതുപക്ഷം ഉമ്മൻചാണ്ടിക്കെതിരെ ഏറ്റവും നീചമായ കെട്ടുകഥകൾ പടച്ചു വിട്ട് യുഡിഎഫ് സർക്കാരിനെ പരാജയപ്പെടുത്തിയത്. അന്നും അദ്ദേഹം മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് പറഞ്ഞ് ആക്രോശിച്ചില്ല. ഒരു അന്വേഷണ ഏജൻസികളേയും കുറ്റപ്പെടുത്തിയില്ല, എങ്ങോട്ടും ഒളിച്ചു പോയില്ല. ജനങ്ങൾക്കിടയിൽ തന്നെ ജീവിച്ചിരുന്നു. ഇന്നിപ്പോൾ ആ കള്ളക്കഥകൾ പറഞ്ഞ് അധികാരത്തിൽ ഏറിയ ഇടതുപക്ഷ സർക്കാരിന്റെ കീഴിലുള്ള ക്രൈംബ്രാഞ്ച് തന്നെ ഉമ്മൻചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നു. ജനങ്ങളുടെ കോടതിയിൽ താൻ സത്യം തെളിയിക്കും എന്നാണ് ഉമ്മൻചാണ്ടി അന്ന് പറഞ്ഞത്. ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തോടെ ആ വാക്ക് നിറവേറ്റപ്പെടുക തന്നെ ചെയ്യും''.












Click it and Unblock the Notifications