അര്‍ജുനെ കാത്ത് ഏഴാം നാള്‍; അത്യാധുനിക സംവിധാനങ്ങളെത്തിച്ച് പരിശോധന
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. കരയിലെയും പുഴയിലെയും മണ്ണ് മാറ്റിയുള്ള പരിശോധനയാണ് ഇന്ന് നടക്കുക. രക്ഷാദൗത്യത്തിന് സൈന്യമാണ് മേല്‍നോട്ടം വഹിക്കുന്നത്. ബെലഗാവിയില്‍ നിന്നുള്ള 40 അംഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി തിരച്ചില്‍ നടത്തുന്നത്.
ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനങ്ങള്‍ അടക്കം ഇവിടെ എത്തിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ചാകും പരിശോധന നടക്കുക. അര്‍ജുനെ കാണാതായിട്ട് ഇന്ന് ഏഴ് ദിവസമായിരിക്കുകയാണ്. ഇതുവരെയുള്ള തിരച്ചിലില്‍ കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. മണ്ണ് ഇടിഞ്ഞിടത്ത് ലോറി ഇല്ലെന്ന് പൂര്‍ണമായും ഉറപ്പാക്കിയ ശേഷം മാത്രമാകും ഈ ഭാഗത്തെ പരിശോധന നിര്‍ത്തുക.

കരയിലെ മണ്ണിനടിയില്‍ ലോറി ഉണ്ടാകാന്‍ സാധ്യതയില്ല എന്നാണ് കര്‍ണാടക സര്‍ക്കാര്‍ പറയുന്നത്. എങ്കിലും കരയില്‍ പരിശോധന തുടരാനാണ് സൈന്യത്തിന്റെ തീരുമാനം. ലോറി ഇവിടെ ഇല്ലെന്ന് പൂര്‍ണ്ണമായും ഉറപ്പിക്കുന്നത് വരെ മണ്ണ് നീക്കിയുള്ള പരിശോധന തുടരും. ഇന്നലെ റഡാര്‍ സിഗ്‌നലുകള്‍ ലഭിച്ചയിടങ്ങളില്‍ മണ്ണ് നീക്കി നടത്തിയ പരിശോധനയില്‍ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്താനായിരുന്നില്ല.
ഗംഗാവലി പുഴയിലേക്ക് ഇടിഞ്ഞുതാണ് കിടക്കുന്ന മണ്ണ് മാറ്റിയും പരിശോധന നടക്കും. കരയിലെ പരിശോധന പൂര്‍ത്തിയായ ശേഷമാകും പുഴയിലെ വിശദമായ പരിശോധന. എന്‍ഡിആര്‍എഫും നാവികസേനയുടെ സ്‌കൂബ സംഘവും ഗംഗാവലി പുഴയില്‍ ഇന്നും തിരച്ചില്‍ തുടരും. ഗംഗാവലി പുഴയില്‍ തിരച്ചില്‍ നടത്തുന്നതിന് നാവികസേനയുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ്.
അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും എന്നാണ് വിവരം. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അഡ്വ.സുഭാഷ് ചന്ദ്രനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. കര്‍ണാടക സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കര്‍ണാടക, കേരള സര്‍ക്കാരുകള്‍ക്കും രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അതിനിടെ നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി അഭിലാഷ് ഇന്നലെ രംഗത്തെത്തിയിരുന്നു. അങ്കോളയിലെ പഞ്ചര്‍ കടയില്‍ തന്റെ വാഹനത്തിന്റെ ടയര്‍ നന്നാകുന്നതിനിടെ വലിയ ഒരു ശബ്ദം കേട്ടുവെന്നും നോക്കിയപ്പോള്‍ മണ്ണിടിച്ചിലില്‍ ഒരു ടാങ്കര്‍ ഗംഗാവലി നദിയിലേക്ക് ഒലിച്ചുപോവുന്നത് കണ്ടുവെന്നുമാണ് അഭിലാഷ് പറയുന്നത്. എന്നാല്‍ അര്‍ജുന്റെ ലോറി നദിയിലേക്ക് ഒഴുകി പോകുന്നതായി താന്‍ കണ്ടില്ലെന്നാണ് അഭിലാഷ് പറയുന്നത്.
അര്‍ജുന്റെ വാഹനം ഒഴുകി പോകാന്‍ സാധ്യതയില്ല എന്നാണ് അഭിലാഷിന്റേയും നിഗമനം. അര്‍ജുന്റെ ലോറി റോഡിന്റെ എതിര്‍ വശത്തായിരുന്നു എന്നും റോഡിന്റെ മധ്യഭാഗത്ത് ഡിവൈഡര്‍ ഉള്ളത് കൊണ്ട് തന്നെ അതിന് സാധ്യതയില്ലെന്നും അഭിലാഷ് പറയുന്നു.












Click it and Unblock the Notifications