'സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ കൊണ്ടുവന്നതിന്റെ സൂത്രധാരന്‍'; ഷംസീറിനെതിരെ ശോഭ
തൃശൂര്‍: സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍. ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മിത്ത് പരാമര്‍ശത്തിന്റെ പഞ്ചാത്തലത്തിലാണ് ശോഭയുടെ വിമര്‍ശനം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം വളരെ വിദഗ്ദമായി ആലോചിച്ച് ഉറപ്പിച്ച ശേഷം ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ കൊണ്ടുവന്നതിന്റെ സൂത്രധാരനായിരുന്നു ഷംസീര്‍ എന്ന് ശോഭ സുരേന്ദ്രന്‍ ആരോപിക്കുന്നു.
ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ തലശേരിയില്‍ നടന്ന ആദ്യ യോഗത്തില്‍ ഇന്നത്തെ സ്പീക്കര്‍ പങ്കെടുത്തെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പിണറായി വിജയന്‍ ചില സി ബി ഐ, ഇ ഡി കേസുകളിലും പെടാന്‍ പോകുന്ന സാഹചര്യത്തില്‍ വളരെ തന്ത്രപൂര്‍വം ഇവിടുത്തെ ചര്‍ച്ചകള്‍ വഴി തിരിച്ചുവിടാനുള്ള ശ്രമമാണിതെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

ഇതിന് പിന്നില്‍ ഇസ്ലാമിക ഭീകരവാദികളുണ്ട്. ഗണപതിയെ വിശ്വാസമില്ലെങ്കില്‍ ഗണപതി ഹോമത്തോട് താല്‍പര്യമില്ലെങ്കില്‍ പിന്നെ എന്തിനാണ് അമ്പലക്കമ്മിറ്റികളില്‍ സഖാക്കന്മാരെ തിരികിക്കയറ്റുന്നത്. അത് പിന്‍വലിക്കാനുള്ള ആര്‍ജവം കാണിക്കാന്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കാണിക്കണം.
ഗണപതി സയന്‍സല്ല, ഞങ്ങള്‍ സയന്‍സിനെ മാത്രമേ വിശ്വസിക്കുന്നുള്ളൂ. അതുകൊണ്ട് സഖാക്കന്മാര്‍ ആരും അമ്പലക്കമ്മിറ്റികളില്‍ ഇരിക്കേണ്ട എന്ന് പറയാനുള്ള മാന്യത കാണിക്കണമെന്നും ശോഭ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഷംസീറിനെ അവരുടെ മതത്തെ മുസ്ലീം പള്ളിയുടെ മുന്നില്‍ നിന്ന് ശാസ്ത്രീയവത്കരിക്കണമെന്ന് പറയാനുള്ള ധൈര്യമുണ്ടോ എന്നും ശോഭ ചോദിച്ചു.
ഇസ്ലാമിക തീവ്രവാദികളുടെ കൈപിടിച്ച് കൊണ്ട് ഞാനാണ് ഇവിടുത്തെ ഏറ്റവും വലിയ ഇസ്ലാമിക സമൂഹത്തിന്റെ കരുതലും താങ്ങലുമെന്ന് വരുത്തിത്തീര്‍ക്കാന്‍ ഷംസീര്‍ ശ്രമിക്കുകയാണ്. അത് കേരളത്തില്‍ വിലപ്പോകില്ലെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി. 'ഷംസീര്‍ സ്പീക്കറെ പോലെ പെരുമാറണമായിരുന്നെന്നും അദ്ദേഹം മാപ്പ് പറയാന്‍ തയ്യാറല്ല, ഷംസീറിന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്ത് ഇവിടുത്തെ ഹിന്ദുമത വിശ്വാസികള്‍ക്ക് ഇപ്പോള്‍ അദ്ദേഹത്തെ തിരിച്ചുവിളിക്കാന്‍ സാധിക്കില്ല'- ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, തന്റെ മതത്തെ പുകഴ്ത്തുകയും ഹിന്ദുമതത്തെ നിന്ദിക്കുകയും ചെയ്ത സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ കേസെടുക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ഇസ്ലാം മതത്തിന്റെ മഹത്വത്തെ കുറിച്ച് പരസ്യമായി വാഴ്ത്തുന്ന ആളായ ഷംസീര്‍ ഗണപതിയെ അവഹേളിക്കുന്നത് പരമതനിന്ദയാണ്. ഇത് അംഗീകരിച്ചു തരാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മുത്തലാഖിനെ കുറിച്ചും മുസ്ലിം പെണ്‍കുട്ടികളുടെ സ്വത്തവകാശത്തെ കുറിച്ചും മറ്റ് പല അപരിഷ്‌കൃതമായ ആചാരങ്ങളെ കുറിച്ചും സംസാരിക്കാത്ത ഷംസീര്‍ എന്തിനാണ് ഹിന്ദുക്കളെ സയന്റിഫിക്ക് ടെമ്പര്‍ പഠിപ്പിക്കാന്‍ വരുന്നത്. നോമ്പെടുക്കുന്ന, പള്ളിയില്‍ പോവുന്ന ഇസ്ലാംമത വിശ്വാസിയായ ഷംസീര്‍ ഹിന്ദുക്കളുടെ ആരാധനാ മൂര്‍ത്തികളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications