'മുഖ്യമന്ത്രിയോട് പറയണം കേസെടുത്തപ്പോൾ ഞാൻ പേടിച്ചെന്ന്';പരിഹസിച്ച് വിഡി സതീശൻ
മുഖ്യമന്ത്രി പ്രതിക്കൂട്ടിലായതിനാലാണ് തനിക്കെതിരെ ഇപ്പോൾ വിജിലെൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എത്ര അസഹിഷ്ണുതയാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്കെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തനിക്കെതിരായ കേസെന്നും വി ഡി സതീശൻ പറഞ്ഞു. പറവൂർ മണ്ഡലത്തിലെ 'പുനർജനി' പദ്ധതിക്കു വിദേശപണപ്പിരിവ് നടത്തിയെന്ന പരാതിയിൽ വിജിലെൻസ് കേസെടുത്തതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'വിജിലന്‍സ് അന്വേഷണത്തിന് നിയമസഭയില്‍ വെല്ലുവിളിച്ചത് ഞാന്‍ തന്നെയാണ്. അതുകൊണ്ട് തന്നെ വിജിലൻസ് അന്വേഷണം എതിർക്കുന്നില്ല. ആരോപണം ആദ്യം ആഭ്യന്തര വകുപ്പ് അന്വേഷിച്ചിരുന്നു. പരാതിയിൽ കഴമ്പ് ഇല്ല എന്ന് കണ്ട് ഇത് തള്ളിക്കളഞ്ഞതാണ്. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈകോടതി തന്നെ തള്ളിയതാണ്. കഴിഞ്ഞ മൂന്ന് കൊല്ലമായി കേസെടുക്കാതെ ഇപ്പോൾ വിജിലെൻസ് അന്വേഷണം പ്രഖ്യാപിക്കുന്നത് മുഖ്യമന്ത്രി പ്രതികൂട്ടിലായത് കൊണ്ടാണ്.

ലോകകേരളസഭയുടേ പേരിൽ മുഖ്യമന്ത്രി വിദേശത്ത് പിരിവ് നടത്തുന്നതിനെ ഞങ്ങൾ ശക്തമായി വിമർശിച്ചിരുന്നു. മുഖ്യമന്ത്രിയെ വിമർശിച്ചാൽ പ്രതിപക്ഷ നേതാവിനെതിരായ നിയമപരമായി നിൽക്കാത്ത കേസ് എടുക്കാൻ പോകുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരോട് പറയാനുള്ളത് മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് വിളിക്കുമ്പോൾ പറയണം ഈ കേസ് എടുക്കുമെന്നത് കേട്ടിട്ട് പ്രതിപക്ഷ നേതാവ് പേടിച്ച് പോയി എന്ന്,അദ്ദേഹം സന്തോഷിക്കട്ടെ', സതീശൻ പറഞ്ഞു.
തനിക്കെതിരെ പടയൊരുക്കമെന്ന് വാർത്ത കൊടുത്തത് തന്റെ നേതാക്കളെന്നും സതീശൻ പറഞ്ഞു. 'വിജിലൻസ് കേസും പാർട്ടിയിലെ പടയൊരുക്കവും തമ്മിൽ ബന്ധമുണ്ടന്ന് കരുതുന്നില്ല. അവർ സി പി എമ്മുമായി ഗൂഢാലോചന നടത്തിയെന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നില്ല. പാർട്ടി തകർന്ന് തരിപ്പണമായി , നേതാക്കളും പ്രവർത്തകരും നിരാശരായി നിൽക്കുമ്പോഴാണ് ഞങ്ങളുടെ കൈയ്യിലേക്ക് നേതൃതേനം എത്തുന്നത്. പാർട്ടിയെ തിരിച്ച് കൊണ്ടുവരികയെന്ന മിഷനാണ് ഞങ്ങൾക്ക് മുൻപിൽ ഉള്ളത്.
എല്ലാവരേയും കൂട്ടിയോജിപ്പിച്ച് ചെയ്യണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
നീതി പൂർവമായിട്ടാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. നേതൃത്വത്തിന് ചില മുൻഗണനകളുണ്ട്, അത് വിനിയോഗിച്ചിട്ടുണ്ട്. അത് പക്ഷേ സ്വന്തക്കാരെ തിരുകികയറ്റാനൊന്നും വിനിയോഗിച്ചിട്ടില്ല. പാർട്ടി പ്രവർത്തകരുടെ പൂർണപിന്തുണ നമ്മുക്ക് ഉണ്ട്. എല്ലാ നേതാക്കളും ആത്മപരിശോധന നടത്തട്ടെ. ആരുമായും തർക്കത്തിന് ഞാനില്ല. എല്ലാവരേയും യോജിപ്പിച്ച് കൊണ്ടുപോകലാണ് ഞങ്ങളുടെ ദൗത്യം', വി ഡി സതീശൻ പറഞ്ഞു.












Click it and Unblock the Notifications