ശ്വേത മേനോനെതിരെ വൃത്തികേട്: ആർക്ക് വേണ്ടിയാണ് ഇതെന്ന് വ്യക്തം: ഏത് പൂട്ടും തുറക്കുന്ന മഹാനാണോ
കൊച്ചി: നടി ശ്വേതാമേനോനെതിരെ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ സ്റ്റേ ചെയ്തിരിക്കുകയാണ് ഹൈക്കോടതി. തുടർ നടപടികൾ പൂർണമായും തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. സിജെഎം കോടതിയുടെ നടപടിയേയും ഹൈക്കോടതി വിമർശിച്ചു. സാമ്പത്തികലാഭത്തിനുവേണ്ടി സിനിമയിൽ അശ്ലീലരംഗങ്ങളിൽ അഭിനയിച്ചെന്ന തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിൽ എറണാകുളം സിജെഎം കോടതി നിർദേശത്തെത്തുടർന്നായിരുന്നു എറണാകുളം സെൻട്രൽ പോലീസ് ശ്വേതമേനോനെതിരെ കേസെടുത്തത്.
അതേസമയം, ശ്വേത മേനോനെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന് അഭിപ്രായപ്പെട്ട് നടി സീമ ജി നായരും രംഗത്ത് വന്നു. ആദ്യം കണ്ട ദിവസം മുതൽ ഒരേ രീതിയിൽ ഇടപെടുന്ന, ചുരുക്കം ചിലരിൽ ഒരാളാണ് ശ്വേത മേനോന്‍. എന്നിട്ടും അവരെക്കുറിച്ച് എത്ര വൃത്തികെട്ട രീതിയിൽ എഫ് ഐ ആർ ഫയൽ ചെയ്തിരിക്കുന്നതെന്നും സീമ ജി നായർ ഫേസ്ബുക്കില്‍ കുറിക്കുന്നു. അവരുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

നമസ്ക്കാരം, ഇന്നലെ വളരെ വിഷമം ഉണ്ടാക്കിയ ഒരു പ്രശ്നം, ആരുടെയോ സ്വാർത്ഥ താൽപ്പര്യങ്ങൾ മൂലം ഉയർന്നു വന്നതാണ്. എന്തിനുവേണ്ടി, ആർക്കുവേണ്ടി എന്ന് ചോദിച്ചാൽ, അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാകുന്ന വ്യക്തമായ ഉത്തരമുണ്ട്. 'അമ്മ'യെ തകർക്കണമെന്ന പിടിവാശി ചിലർക്കുണ്ട്. ഈ പ്രശ്നത്തിൽ നിന്ന് മരുന്നിനും കൈനീട്ടത്തിനും വേണ്ടി കാത്തിരിക്കുന്ന കുറച്ച് പാവങ്ങൾ ഉണ്ട്. അവരുടെ മനസ്സ് ഓർക്കേണ്ടതല്ലേ? 'അമ്മ' എന്ന പേര് പോലും പുറത്ത് ഉച്ചരിക്കാൻ കഴിയാത്തവിധം തലകുനിക്കേണ്ട അവസ്ഥയാണ്.
ഓരോ ദിവസവും, ഇടിവെട്ടുന്ന സമയത്ത് വിഷക്കൂണുകൾ പൊന്തിവരുന്നതുപോലെ പുതിയ ആരോപണങ്ങൾ ഉയർന്നുവരുന്നു. ആ കുട്ടിയെക്കുറിച്ച് എത്ര മോശമായാണ് പറഞ്ഞിരിക്കുന്നത്! 14 വർഷം മുമ്പ് 'കയം' എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഒരുമിച്ച് കുറേ ദിവസങ്ങൾ ചെലവഴിച്ചവർ, അന്ന് തുടങ്ങിയ സ്നേഹം, എന്നും ഫോൺ വിളിക്കുകയോ കാണുകയോ ചെയ്യുന്ന ബന്ധമല്ല. ആദ്യം കണ്ട ദിവസം മുതൽ ഒരേ രീതിയിൽ ഇടപെടുന്ന, ചുരുക്കം ചിലരിൽ ഒരാളാണ് ആ വ്യക്തി. എന്നിട്ടും അവരെക്കുറിച്ച് എത്ര വൃത്തികെട്ട രീതിയിൽ എഫ് ഐ ആർ ഫയൽ ചെയ്തിരിക്കുന്നു! അവർ നടത്തുന്ന സ്ഥാപനങ്ങൾ, കുട്ടികളെ വഴിതെറ്റിക്കുന്ന വീഡിയോകൾ നിർമ്മിക്കുന്നു എന്നിങ്ങനെ അറപ്പുളവാക്കുന്ന ആരോപണങ്ങൾ.
'കളിമൺ', 'പാലേരി മാണിക്യം', 'കയം', 'കാമസൂത്ര'-എന്തുമാകട്ടെ, അവയെല്ലാം നിയമവിധേയമായി, സെൻസർ ബോർഡിന്റെ അംഗീകാരത്തോടെ റിലീസ് ചെയ്തവയാണ്. ഇപ്പോൾ അടുത്തതായി പോൺ സൈറ്റിൽ വീഡിയോകൾ ഉണ്ടെന്ന ആരോപണം! ആർക്കും ഏത് വീഡിയോയും മോർഫിംഗ് ചെയ്യാൻ കഴിയുന്ന ഈ കാലഘട്ടത്തിൽ, ബാൻ ചെയ്ത സൈറ്റുകളിൽ 'മാർട്ടിൻ' എന്ന വ്യക്തിക്ക് മാത്രം കാണാൻ കഴിയുന്ന ഇത്തരം വീഡിയോകൾ കണ്ടുവെന്ന് പറയുമ്പോൾ, ഏത് പൂട്ടും തുറക്കാൻ കഴിവുള്ള മഹാനാണോ ഇതെന്ന് അത്ഭുതപ്പെടേണ്ടി വരുന്നു. ബാൻ ചെയ്ത സാധനങ്ങൾ തുറന്നുകൊടുക്കാൻ കഴിവുള്ളവർ ഇവിടെയുള്ളിടത്തോളം, മാർട്ടിന് വിഷമിക്കേണ്ട കാര്യമില്ലല്ലോ.
'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചതാണ് ശ്വേത ചെയ്ത തെറ്റ്. കുക്കു പരമേശ്വരനും അതേ തെറ്റാണ് ചെയ്തത്. ഏത് നീതിപീഠം വരെ പോയാലും, ഈ ആരോപണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കണം. ആർക്കോവേണ്ടി തിളക്കുന്ന സാമ്പാറിലെ കഷണങ്ങളായി ശ്വേതയും കുക്കുവും മാറരുത്. ഒരു സ്ഥാനത്തിന് വേണ്ടി എന്ത് ചീഞ്ഞ കളിയും കളിക്കാൻ തയ്യാറുള്ളവർ കളിക്കട്ടെ, പക്ഷേ നിങ്ങൾ ജയിച്ചേ മതിയാകൂ. മറ്റൊരു കാരണവും കൊണ്ടല്ല, ഓരോ ദിവസവും പുറത്തുവരുന്നത് അത്രയും മനസ്സിനെ വേദനിപ്പിക്കുന്ന കാര്യങ്ങളാണ്. ഇനി വരുന്നിടത്തുവച്ച് കാണാം. ധൈര്യമായി മുന്നോട്ട് പോകുക, മുന്നോട്ട് പോയേ മതിയാകൂ.












Click it and Unblock the Notifications