സിദ്ധീഖ് ലാല്‍ കൂട്ടുകെട്ട് പിറന്ന കഥ: ആദ്യം പുല്ലേപ്പടിയിലെ എതിരാളി, പിന്നീട് ഹിറ്റുകളുടെ തോഴർ
'കഥ, തിരക്കഥ, സംവിധാനം സിദ്ധീഖ്-ലാല്‍' മലയാള സിനിമ ചരിത്രത്തില്‍ ഒരു ചിത്രത്തിന്റെ ടൈറ്റില്‍ കാർഡില്‍ ഏറ്റവും കൂടുതല്‍ നാളുകള്‍ തുടർച്ചയായി എഴുതിക്കാണിച്ച ടൈറ്റില്‍. ഗോഡ്ഫാദറായിരുന്നു ആ ചിത്രം. തിരുവനന്തപുരത്തെ തിയേറ്റേറില്‍ തുടർച്ചയായി 405 ദിവസമാണ് ഗോഡ്ഫാദർ ഓടിയത്.
സിദ്ധീഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന മൂന്നാമത്തെ ചിത്രമായിരുന്നു ഗോഡ്ഫാദർ. ആദ്യ ചിത്രമായ റാംജി റാവ് സ്പീക്കിംഗ്, പിന്നാലെ പുറത്തിറങ്ങിയ ഇൻ ഹരിഹർ നഗർ എന്നിവയിലൂടെ മലയാളത്തില്‍ അതിനോടകം തന്നെ പുതിയ ട്രെന്‍ഡ് സെറ്റിങ് സിദ്ധീഖും-ലാലും കൂടി സൃഷിച്ചിരുന്നു. ഗോഡ്ഫാദറിന് ശേഷം പുറത്തിറങ്ങിയ വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയ ചിത്രങ്ങളും വന്‍ വിജയമായി.

ലാലിനെ കണ്ടുമുട്ടിയ കഥ സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ സിദ്ധീഖ് തന്നെ വിശദമായി വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളം പുല്ലേപ്പടി മേഖലയിലായിരുന്നു സിദ്ധീഖിന്റെയും ലാലിന്റെയും കുടുംബം താമസിച്ചത്. തുടക്കത്തില്‍ ഇരുവരും തമ്മില്‍ വലിയ അടുപ്പം ഉണ്ടായിരുന്നില്ല. മേഖലയില്‍ ഭൂരിപക്ഷമായ മുസ്ലിം വിദ്യാർത്ഥികളും ക്രിസ്ത്യന്‍ വിദ്യാർത്ഥികളും രണ്ട് വിഭാഗങ്ങളായിട്ടാണ് തുടക്കത്തില്‍ നിന്നിരുന്നതെന്നാണ് സിദ്ധീഖ് തന്നെ പറയുന്നത്.
കായിക രംഗത്ത് മുസ്ലിം വിദ്യാർത്ഥികള്‍ മികവ് പുലർത്തുമ്പോള്‍ കലാരംഗത്ത് ക്രിസ്ത്യന്‍ വിദ്യാർത്ഥികളായിരുന്നു കേമന്മാർ. ഇരുഭാഗവും തമ്മില്‍ ഫുട്ബോള്‍ മത്സരമൊക്കെ ഉണ്ടാവുമ്പോള്‍ സിദ്ധീഖിന്റെ പക്ഷത്തിനായിരുന്നു വിജയം. ലാലിന്റെ കുടുംബം പാരമ്പര്യമായി തന്നെ കലാകാരന്മാരാണ്. പിതാവ് പോൾ കൊച്ചിൻ കലാഭവനിലെ തബല അദ്ധ്യാപകനായിരുന്നു. രണ്ട് ഭാഗങ്ങളായി നിന്നിരുന്ന ഇവരെ ഒന്നിപ്പിക്കാന്‍ ഇടയാക്കുന്നത് സിദ്ധീഖിന്റെ ഇടപെടലുകളാണ്.
പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച് എല്ലാ ദിവസവും കലാപരിപാടിയുണ്ടാവും. ഒരിക്കല്‍ ലാലിന്റെ ക്ലബ് അവതരിപ്പിച്ചത് കൊച്ചിയിലെ ടിപ് ടോപ്പ് അസീസ് എന്നയാളുടെ 'എനിക്ക് ഗുസ്തി പഠിക്കണ്ട' എന്ന നാടകമായിരുന്നു. പിന്നീട് ഞങ്ങളുടെ ക്ലബ്ബിന്റെ വാർഷികത്തിന് ഈ നാടകം കളിക്കാമെന്ന് തീരുമാനിക്കുന്നു. അങ്ങനെ ആ നാടകത്തിന്റെ കോപ്പി ചോദിക്കാന്‍ എതിരാളികളായ ലാലിന്റെ ഗ്രൂപ്പിന്റെ അടുത്തേക്ക് പോവുന്നുവെന്നും സഫാരി ചാനലില്‍ സിദ്ധീഖ് പറയുന്നു.
ചോദിച്ച ഉടന്‍ തന്നെ ലാല്‍ ആ നാടകത്തിന്റെ കോപ്പി തന്നു. നാടകം റിഹേഴ്സല്‍ തുടങ്ങിയപ്പോള്‍ ലാല്‍ അവിടെ ചെയ്ത വേഷം ഇവിടെ ചെയ്യുന്നയാള്‍ക്ക് ലാല്‍ ചെയ്ത അത്ര മികച്ചതാക്കാന്‍ പറ്റുന്നില്ലെന്ന പ്രശ്നം വന്നു. ബാക്കിയുള്ളതൊക്കെ ഒരുവിധം പരിഹരിച്ചിരുന്നു. അങ്ങനെ ഞങ്ങള്‍ വീണ്ടും ലാലിന്റെ അടുത്തേക്ക് പോയി ആ വേഷം ചെയ്യാമോയെന്ന് ചോദിക്കുന്നു. ലാല്‍ ഉടന്‍ തന്നെ സമ്മതം അറിയിക്കുകയും ഞങ്ങളുടെ ക്ലബ്ബില്‍ മെമ്പർഷിപ്പ് എടുത്ത് നാടകത്തില്‍ അഭിനയിക്കുകയും ചെയ്യുന്നു. ആ സമയം മുതലാണ് ഞങ്ങള്‍ എല്ലാവരും ഒന്നാവുന്നത്.
കൊച്ചിന്‍ ഹനീഫ്ക്കയാണ് ഞങ്ങളുടെ ഒരു റോള്‍ മോഡല്‍. മിമിക്രിയില്‍ കേരള യൂണിവേഴ്സ്റ്റിയില്‍ ഒന്നാം സ്ഥാനം നേടിയ അദ്ദേഹം ഒരു സ്റ്റാറായിരുന്നു. അതോടെ ഞങ്ങള്‍ക്കും മിമിക്രി പഠിക്കണമെന്ന ആഗ്രഹമായി. അതിനായി സ്ഥിരം പരിശീലനം തുടങ്ങി. എന്റെ ട്രൂപ്പില്‍ ഞാനും സുഹൃത്ത് ഉസ്മാനും ലാലിന്റെ ട്രൂപ്പില്‍ ലാലുമായിരുന്നു മിമിക്രിക്കാർ. ഉസ്മാന്‍ ഗള്‍ഫില്‍ പോയതിന് ശേഷമാണ് ഞാനും ലാലും മിമിക്രി വേദിയില്‍ ആദ്യമായി ഒന്നിക്കുന്നത്.
വടുതലയിലെ അമ്പലത്തിലായിരുന്നു ആദ്യ പരിപാടി. ഞാനും ഉസ്മാനും ബുക്ക് ചെയ്ത പരിപാടിയായിരുന്നു അതെങ്കിലും വേദിയിലെത്തിയതും ലാലിനൊപ്പമാണ്. ഓട്ടോറിക്ഷയില്‍ പോവുമ്പോഴാണ് അന്നത്തെ പരിപാടി പ്ലാന്‍ ചെയ്യുന്നത്. ആ പരിപാടിയുടെ പോസ്റ്ററിലാണ് സിദ്ധീഖ് - ലാല്‍ എന്ന് ആദ്യമായി അച്ചടിച്ച് വരുന്നത്. ആ പരിപാടി വന്‍ വിജയമായതോടെ ഞങ്ങള്‍ സ്ഥിരമായി മിമിക്രി അവതരിപ്പിക്കാന്‍ തുടങ്ങിയെന്നും സിദ്ധീഖ് പറയുന്നു.












Click it and Unblock the Notifications