കെ റെയില്‍ ഉപേക്ഷിച്ചെന്ന് ആരാ പറഞ്ഞേ? അടഞ്ഞ അധ്യായമല്ലെന്ന് കേന്ദ്രം; കേരള ബിജെപിക്ക് ഞെട്ടല്‍!
ന്യൂദല്‍ഹി: കേരളത്തിന് വന്ദേഭാരത് എക്‌സ്പ്രസ് അനുവദിച്ചതിന് പിന്നാലെ കെ റെയില്‍ ഇടവേളക്ക് ശേഷം വീണ്ടും ചര്‍ച്ചയായിരുന്നു. വന്ദേഭാരത് കേരളത്തിന് ലഭിച്ച സ്ഥിതിക്ക് കെ റെയില്‍ ഇനി ആവശ്യമില്ല എന്നും വന്ദേഭാരതിന് വേണ്ട സൗകര്യങ്ങള്‍ പെട്ടെന്ന് ചെയ്ത് കൊടുക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളുകയാണ് വേണ്ടത് എന്നുമായിരുന്നു പ്രതിപക്ഷവും സംസ്ഥാനത്തെ ബി ജെ പി നേതാക്കളും അഭിപ്രായപ്പെട്ടിരുന്നത്.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയില്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ല എന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്. മാത്രമല്ല വന്ദേഭാരതിന്റെ വേഗവും ടിക്കറ്റ് നിരക്കും സംബന്ധിച്ച വിവരങ്ങളും പുറത്ത് വന്നതോടെ ഇടത് പ്രൊഫൈലുകള്‍ സൈബര്‍ ഇടത്തിലും കെ റെയിലിനായി വീണ്ടും മുറവിളി കൂട്ടി. എന്നാല്‍ കെ റെയില്‍ നടക്കാന്‍ പോകുന്നില്ല എന്ന് തന്നെയായിരുന്നു ബി ജെ പി നേതാക്കളുടെ നിലപാട്.

ഇതിനിടെ ആണ് കേന്ദ്ര റെയില്‍വേ മന്ത്രിയുടെ നിലപാട് ബി ജെ പി സംസ്ഥാന നേതൃത്വത്തിന് അപ്രതീക്ഷിത തിരിച്ചടിയായിരിക്കുന്നത്. കേരളത്തിലെ സില്‍വര്‍ ലൈന്‍ പദ്ധതി അടഞ്ഞ അധ്യായമല്ല എന്നാണ് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് കഴിഞ്ഞ ദിവസം പറഞ്ഞത്. കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ സാന്നിധ്യത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആയിരുന്നു റെയില്‍വേ മന്ത്രി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.
കേരളത്തിലെ സില്‍വര്‍ ലൈന്‍ പദ്ധതി ഒഴിവാക്കിയോ എന്ന ചോദ്യത്തിന് ഒഴിവാക്കിയെന്ന് ആരു പറഞ്ഞു എന്നായിരുന്നു അശ്വനി വൈഷ്ണവ് തിരിച്ച് ചോദിച്ചത്. സംസ്ഥാനം നിലവില്‍ സമര്‍പ്പിച്ച ഡി പി ആര്‍ പ്രായോഗികമല്ല എന്നാണ് തങ്ങളുടെ നിലപാട് എന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്നും അശ്വനി വൈഷ്ണവ് പത്രസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
Marriage Tips: ദാമ്പത്യജീവിതത്തില്‍ ഇങ്ങനെ പെരുമാറരുത്... മനസിലുണ്ടാകണം ഇക്കാര്യങ്ങള്‍
വന്ദേഭാരതും സില്‍വര്‍ ലൈനും രണ്ടാണ് എന്നും നിലവിലെ വിശദ പദ്ധതി രേഖയില്‍ നിന്ന് മാറി സില്‍വര്‍ലൈനിന്റെ പുതിയ സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണെങ്കില്‍ പരിഗണിക്കും എന്നാണ് മന്ത്രാലയത്തിന്റെ നിലപാട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതോടൊപ്പം ശബരി എക്സ്പ്രസ് പദ്ധതിയും ചര്‍ച്ചയിലാണ് എന്നും പദ്ധതിക്കായുള്ള രണ്ട് വ്യത്യസ്ത മാര്‍ഗങ്ങളെപ്പറ്റി പഠനം നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ കെ റെയിലിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കില്ല എന്നായിരുന്നു സംസ്ഥാന ബി ജെ പി നേതാക്കള്‍ ഉറപ്പിച്ച് പറഞ്ഞിരുന്നത്. കേരളത്തില്‍ കെ റെയിലിനെ ചൊല്ലി വലിയ പ്രതിഷേധങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ ആയിരുന്നു ഇത്. അതിനിടെ പദ്ധതിക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് നിവേദനം നല്‍കിയിരുന്നു.












Click it and Unblock the Notifications