'എൽജിബിടിക്യൂ കമ്മ്യൂണിറ്റിയെ അപമാനിച്ചിട്ടില്ല'; വീഡിയോയുമായി രഞ്ജിനി ജോസ്
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന അപവാദ പ്രചരണങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് കൊണ്ട് ഗായിക രഞ്ജിനി ജോസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എല്ലാ പരിധികളും ലംഘിച്ച് കൊണ്ടാണ് തനിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടക്കുന്നതെന്നും ഇത്തരത്തിലുള്ള പ്രചരണങ്ങൾക്കെതിരെ ശക്തമായ നിയമം ആവശ്യമാണെന്നുമായിരുന്നു രഞ്ജിനിയുടെ വാക്കുകൾ.
തന്റെ സഹോദരിയെ പോലെ കരുതുന്ന വ്യക്തിക്കൊപ്പമുള്ള ചിത്രം ലെസ്ബിയൻസ് ആണെന്ന രീതിയിൽ ഒരു മാധ്യമം പ്രചരിപ്പിച്ചെന്നും രഞ്ജിനി കുറ്റപ്പെടുത്തിയിരുന്നു.ഇപ്പോഴിതാ പുതിയ വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് രഞ്ജിനി. താൻ എൽജിബിടിക്യൂ കമ്മ്യൂണിറ്റിയെ ഒരു രീതിയിലും അപമാനിച്ചിട്ടില്ലെന്നും വീഡിയോയിൽ താൻ പറഞ്ഞ വാക്കുകൾ ചിലരെ ബുദ്ധിമുട്ടിച്ചതായി അറിഞ്ഞുവെന്നും രഞ്ജിനി വീഡിയോയിൽ പറഞ്ഞു.

വ്യാജ പ്രചരണങ്ങൾക്കെതിരെ രഞ്ജിനി ആദ്യം പങ്കുവെച്ച വാക്കുകൾ ഇങ്ങനെയായിരുന്നു- 'സെലിബ്രിറ്റികളെ കുറിച്ച് എന്തും എഴുതി വിടാനും അത് വായിക്കാനും പലർക്കും രസമാണ്. എന്നാൽ നിങ്ങളൊക്കെ മനസിലാക്കേണ്ടത് ഞങ്ങളും മനുഷ്യരാണ്. സ്വന്തം ജോലി ചെയ്ത് ജീവിക്കുന്നവരാണ്. എന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ഒരിക്കലും പൊതു ഇടത്ത് ചർച്ച ചെയ്യാത്ത ആളാണ് ഞാൻ.ഞാനായി ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് വരുത്തി എന്ന പരാതികളും ഇതുവരെ എവിടെ നിന്നും ഉണ്ടായിട്ടില്ല. പിന്നെ എന്തിനാണ് കുറച്ച് മാസങ്ങളായി എന്നെയിങ്ങനെ ലക്ഷ്യം വെയ്ക്കുന്നതെന്ന് അറിയില്ല'.

'ഇതിന് മുൻപ് പലതും വന്നപ്പോൾ അത് വിട്ട് കളഞ്ഞു. എന്നാൽ നിരന്തരം നമ്മളെ ലക്ഷ്യം വെച്ച് അറ്റാക്ക് ചെയ്യുമ്പോൾ എന്ത് ചെയ്യും?
ഒരു ആണിന്റെ കൂടെ നിൽക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്താൽ ഉടനെ അവനുമായി എനിക്ക് ബന്ധമുണ്ടെന്നും ഞങ്ങൾ കല്യാണം കഴിക്കാൻ പോകുകയാണെന്നുമല്ല അതിന്റെ അർത്ഥം.അതുകഴിഞ്ഞ് എന്റെ സ്വന്തം ചേച്ചിയെപ്പോലെ കാണുന്ന വ്യക്തിയുടെ കൂടെ ഫ്രണ്ട്ഷിപ്പ് ഡേ ഗൃഹലക്ഷ്മിയിൽ കവർ ഫോട്ടോ വന്നപ്പോൾ നിങ്ങളിനി വിവാഹം കഴിക്കുമോയെന്നായിരുന്നു ചോദ്യം. ഞങ്ങൾ ഞങ്ങളുടെ വിവാഹ സങ്കൽപ്പത്തെ കുറിച്ച് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടും വിവാഹം കഴിക്കുന്ന പോലെയാക്കി അത്. ‘ഇവര്‍ ലെസ്ബിയൻസ് ആണോ?' എന്ന തലക്കെട്ടോടെയാണ് ഒരു മാധ്യമം വാർത്ത കൊടുത്തത്'.

'സ്വവർഗാനുരാഗം എന്നതൊക്കെ കേരളത്തിൽ പുതിയതായത് കൊണ്ട് അതൊക്കെ എല്ലായിടത്തും എടുത്ത് വിതറുകയാണോ? നിങ്ങൾക്ക് സൗഹൃദങ്ങളും സഹോദരങ്ങളുമൊക്കെയില്ലേ? അതിന്റെയൊക്കെ അടിസ്ഥാനം ലൈംഗികതയാണോ? ഇത്രയും ഇടുങ്ങിയ ചിന്തയോടെയാണോ നിങ്ങൾ വളർന്നുവന്നിരിക്കുന്നത്, ഇടപഴുകുന്നത്? വൃത്തികേടുകൾ എഴുതുന്നതിന് ഒരു പരിധിയില്ലേ? മനപ്പൂർവ്വം കരിവാരിത്തേക്കാനായി ചെയ്യുന്നത് പോലെയാണ്'.

'ഇത്തരം പ്രവചരങ്ങൾക്കെതിരെ ശക്തമായ നിയമങ്ങൾ ഉണ്ടാവണം. കാരണം പല കലാകാരൻമാരും ഇത്തരത്തിൽ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പലരും പ്രതികരിക്കാത്തത് വലിയ വിഷയമാകുമോയെന്ന് കരുതിയാണ്. മനുഷ്യൻ എന്ന നിലയിൽ എനിക്ക് ഇതിനോട് പ്രതികരിക്കാൻ തോന്നിയത് കൊണ്ടാണ് ഇപ്പോൾ ഈ വീഡിയോ പങ്കുവെച്ചത്. നാട്ടുകാരോടാണ് പറയാനുള്ളത്. ഇങ്ങനെയൊക്കെ പറയുന്നത് കൊണ്ട് നിങ്ങൾക്ക് എന്താണ് കിട്ടുന്നത്. ഇത്തരം കാര്യങ്ങൾ നിങ്ങൾക്ക് എതിരെയാണ് വരുന്നതെങ്കിൽ എങ്ങനെയാകും നിങ്ങൾ പ്രതികരിക്കുക? നിങ്ങൾക്ക് വിഷമമാകില്ലേ? അതുപോലെതന്നെയല്ലേ ഞങ്ങളും. കേരളത്തിന്റെ സംസ്കാരം ഇതാണോ? എന്തുകൊണ്ടാണ് ഇത്രയും മോശമായി ചിത്രീകരിക്കുന്നത്'.

'വായിൽ വരുന്നതു മുഴുവൻ എഴുതി കഴിഞ്ഞാൽ അതിനെ തടയിടുന്നതിന് ശക്തമായ നിയമം വരണം എന്നാണ് എനിക്കു പറയാനുള്ളത്. ഇതെന്റെ നിലപാടാണ്. ഞാൻ ഈ പറഞ്ഞതിനോട് നിങ്ങൾക്കു പ്രതികരിക്കാം.വളരെ മോശമായി പ്രതികരിക്കാനാണ് ഉദ്ദേശമെങ്കിൽ തീർച്ചയായും കേസ് കൊടുക്കും. യാതൊരു ദാക്ഷിണ്യവും കാണിക്കില്ല. വൃത്തികേട് എഴുതുന്നവർ നന്നായി ആലോചിച്ച് ചെയ്യണം. എല്ലാത്തിനും പരിധിയുണ്ട്. ക്ഷമയ്ക്കൊരു പരിധിയുണ്ട്. കോവിഡിന്റെ സമയത്ത് എല്ലാവരും കഷ്ടപ്പെട്ടതാണ്. ശാരീരികവും മാനസികവും സാമ്പത്തികവുമായെല്ലാം. അത് കഴിഞ്ഞ് തിരിച്ച് എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് വരാൻ നോക്കുമ്പോൾ ഇതാണോ മനുഷ്യപ്പറ്റ്? കഷ്ടം!',രഞ്ജിനി വീഡിയോയിൽ പറഞ്ഞു.

എന്നാൽ ഈ വീഡിയോയിൽ എൽജിബിടിക്യൂയെ കുറിച്ച് പറഞ്ഞത് ചിലരെ ബുദ്ധിമുട്ടിച്ചെന്ന് ചിലർ അറിയിച്ചുവെന്ന് പറഞ്ഞ് കൊണ്ടായിരുന്നു രഞ്ജിനി പുതിയ വീഡിയോ പങ്കിട്ടത്. രഞ്ജനി പറഞ്ഞത് -'എൽജിബിടിക്യൂ കമ്മ്യൂണിറ്റിയെ കുറിച്ച് ആദ്യമായി കേൾക്കുന്ന ആളല്ല താൻ. എല്ലാവരേയും ഉൾക്കൊള്ളുന്ന വ്യക്തിയാണ് താൻ.
എൽജിബിടിക്യു കമ്മ്യൂണിറ്റിക്കെതിരെ ഒരിക്കലും താൻ സംസാരിക്കില്ല. എന്നെ അറിയാവുന്ന എല്ലാവർക്കും അതറിയാം. എന്നെ ഒരാണിനേയും പെണ്ണിനേയും ചേർത്ത് പറഞ്ഞു എന്നാണ് ഞാൻ പറഞ്ഞത്. അല്ലാതെ ആരുടേയും ഓറിയെന്റേഷന് എതിരായിട്ടല്ല വീഡിയോയിൽ പറഞ്ഞത്. വ്യാജ പ്രചരണത്തിനെതിരെയാണ് ഞാൻ സംസാരിച്ചത്. ദയവ് ചെയ്ത് അത് തെറ്റായ രീതിയിൽ എടുക്കരുത്. കമ്മ്യൂണിറ്റിയിൽ നിന്നുള്ള നിരവധി സുഹൃത്തുക്കൾ തനിക്കുണ്ട്. അവരെ പൂർണമായി പിന്തുണയ്ക്കുന്ന ആളാണ് ഞാൻ ', രഞ്ജിനി പറഞ്ഞു.
'കാവ്യ മെലിഞ്ഞല്ലോ? ടെൻഷനാവേണ്ട',ഈ ചിരിക്ക് പിന്നിൽ?';വൈറലായി ദിലീപിന്റേയും കാവ്യയുടേയും ചിത്രങ്ങൾ












Click it and Unblock the Notifications