'കേട്ടാൽ അറയ്ക്കുന്ന തെറി വിളികളാണ്': ചിത്രക്കെതിരായ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും സൂരജ്
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ രാമനാമം ജപിച്ചും വിളക്ക് തെളിച്ചും ആഘോഷിക്കണം എന്ന നിർദേശത്തിന് പിന്നാലെ ഗായി കെ എസ് ചിത്രയ്ക്കെതിരെ വലിയ വിമർശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. ചിത്രയുടെ നിലപാടിനെതിരെ സംഗീത മേഖലയില്‍ നിന്നും ഉയർന്ന ആദ്യ വിമർശനം ഗായകന്‍ സൂരജ് സന്തോഷിന്റേതായിരുന്നു.
പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത മറക്കുന്നുവെന്നും എത്രയെത്ര കെ എസ് ചിത്രമാർ തനി സ്വരൂപം കാട്ടാൻ ഇരിക്കുന്നുവെന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലിലൂടെയുള്ള സൂരജിന്റെ പ്രതികരണം. ഇതിന് പിന്നാലെ സൂരജിനെതിരേയും വ്യാപക സൈബർ ആക്രമണമാണ് സൂരജിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നത്. എന്നാല്‍ എത്ര സൈബർ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നാല്‍ കെഎസ് ചിത്രക്കെതിരായ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് ദ ഫോർത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സൂരജ് വ്യക്തമാക്കുന്നത്.

'1992 ഡിസംബർ ആറിന് ഇന്ത്യയുടെ ജനാധിപത്യവും രാഷ്ട്രീയ സാഹചര്യവും തന്നെ മാറ്റിക്കൊണ്ട് ബാബരി മസ്ജിദ് പൊളിച്ചു മാറ്റപ്പെട്ടു. ആ സംഭവം ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളേയും ഇന്ത്യയിലെ മുസ്ലിംങ്ങളുടെ ജീവിതത്തേയും എങ്ങനെയെല്ലാം തകിടം മറിച്ചുവെന്ന് നമുക്ക് എല്ലാവർക്കും അറിയാം. പള്ളി പൊളിച്ച് അമ്പലം പണിത സംഭവം എങ്ങനെയാണ് ഇന്ത്യയിലെ എല്ലാവരും ആഘോഷിക്കണമെന്ന് പറയുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.' ഫോർത്തിന്റെ അഭിമുഖത്തില്‍ സൂരജ് വ്യക്തമാക്കുന്നു.
ചിത്രയെപ്പോലുള്ള ഒരു വ്യക്തിയെ വിമർശിക്കാന്‍ പലപ്പോഴും ആരും തയ്യാറാവാറില്ല. പൊതുവെ കലാകാരൻമാർക്ക് രാഷ്ട്രീയം പാടില്ലെന്ന പൊതുബോധമുണ്ട്. എന്നാല്‍ കലാകാരന്മാർക്ക് കലാകാരന് നമ്മുടെ സാമൂഹിക ജീവിതത്തിൽ നിലപാടുകൾ വേണമെന്നും രാജ്യത്തെ സഹജീവികളോട് സഹാനുഭൂതിയോടെ പെരുമാറണമെന്നും കരുതുന്ന ഒരാളാണ് ഞാൻ.
ചിത്രക്കെതിരെ എന്ന് മാത്രമല്ല, ആരുടേയും നിലപാടുകള്‍ക്കെതിരേയും മാന്യമായ വിമർശനം നടത്താമെന്നാണ് എന്റെ വിശ്വാസം. ചിത്രയെന്ന വ്യക്തിയെയോ അവരുടെ സംഗീതത്തെയോ അല്ല ഞാൻ വിമർശിച്ചത്. അവർ എടുത്ത നിലപാടിനെയാണ്. അതേസമയം തന്നെ ചിത്രയെ വ്യക്തിപരമായോ അവരുടെ ഗായിക എന്ന സ്വത്വത്തിനെയോ അധിക്ഷേപിക്കുകയോ ഞാൻ ചെയ്തിട്ടില്ലെന്നും സൂരജ് പറയുന്നു.
ഇപ്പോള്‍ മാത്രമല്ല, നേരത്തേയും എനിക്കെതിരെ സൈബർ അധിക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ട്. 'ആലായാൽ തറ വേണോ ?' എന്ന ഗാനം പുറത്തിറങ്ങിയപ്പോൾ മുതൽ രൂക്ഷമായ അധിക്ഷേപം എനിക്കും എന്റെ കുടുംബത്തിനുമെതിരെ ഉണ്ടായിട്ടുണ്ട്. തെരുവില്‍ കണ്ടാല്‍ എന്നെ നഗ്നനാക്കി വിടുമെന്നൊക്കെയായിരുന്നു ഭീഷണി. ആർഎസ്എസിന്റെയും തീവ്ര റൈറ്റ് വിങ് രാഷ്ട്രീയം പേറുന്നവരുമൊക്കെയായിരുന്നു ആ ഭീഷണികള്‍ക്ക് പിന്നില്‍.
ചിത്രയുടെ നിലപാടിനെ വിമർശിച്ചതിന് പിന്നാലെ ഞാന്‍ പി എഫ് ഐ ചാരൻ ആണെന്നും, കൊലപാതക കേസിലെ പ്രതിയെ ഒളിപ്പിച്ചുവെന്നും ജനം ടിവിയിൽ നിന്ന് അഡ്വാൻസ് വാങ്ങിയെന്നും പിന്നീട് അവർ തന്നെ പരിപാടി ക്യാൻസൽ ചെയ്തെന്നുമെല്ലാമുള്ള വ്യാജ കഥകള്‍ പ്രചരിപ്പിക്കുന്നത്. ഞാൻ അങ്ങനെ ഒരു തുക വാങ്ങിയിട്ടില്ലെന്ന് മാത്രമല്ല, അങ്ങനെ ഒരു പരിപാടിയില്‍ പങ്കെടുക്കുകയും ഇല്ലെന്നും സൂരജ് വ്യക്തമാക്കുന്നു.
പല തരത്തിലുള്ള വ്യാജ വാർത്തകള്‍ എനിക്കെതിരെ പ്രചരിപ്പിക്കുന്നുണ്ട്. എന്റെ വീട്ടുകാരെ അടക്കം കേട്ടാൽ അറയ്ക്കുന്ന തെറി വിളിക്കുന്നുണ്ട്. അപ്പോഴും എനിക്ക് പറയാനുള്ളത്. ഞാന്‍ വിമർശിച്ചത് കെ എസ് ചിത്രയുടെ സംഗീതത്തെയോ ആ വ്യക്തിയെയോ അല്ല, അവരുടെ നിലപാടിനെയാണ്. രണ്ടും തമ്മിൽ വളരെ വ്യത്യാസമുണ്ട്. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി നിലപാട് അടിയറവ് വെക്കാൻ ഞാൻ തയ്യാറല്ല.
വർഷങ്ങളായി ഭക്തി ഗാനങ്ങള്‍ ആലപിക്കുന്ന വ്യക്തിയാണ് കെഎസ് ചിത്ര. അതിനെ ആരും കുറ്റം പറയാറില്ലല്ലോ അത് ആസ്വദിക്കാറുമുണ്ട്. ചിത്രയുടെ ആത്മീയതയയും ആരും വിമർശിക്കാറില്ല. സംഘപരിവാർ ഇവിടുത്തെ ഹിന്ദുക്കൾ അപകടത്തിലാണെന്ന നരേറ്റീവ് പ്രചരിപ്പിക്കാറുണ്ട്. അത്തരത്തിൽ സമൂഹത്തിൽ വർഗീയ വിഭജനം നടത്തുന്ന സംഘപരിവാറിന് നേട്ടം ഉണ്ടാക്കുന്ന തരത്തിൽ അവരെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇപ്പോൾ കെ എസ് ചിത്ര സ്വീകരിച്ചിരിക്കുന്നത്.
പള്ളിപൊളിച്ച് അമ്പലം പണിയുകയും ചെയ്ത സ്ഥലത്ത് പ്രതിഷ്ഠ നടത്തുകയും ചെയ്യുന്നതിനെ പിന്തുണയ്ക്കുകയും അതിനെ ആഘോഷിക്കാനും പറയുമ്പോളാണ് വിമർശനം ഉണ്ടായത്. ക്ഷേത്രം തുറക്കുന്നതിനെ കുറിച്ച് അല്ലെ ചിത്ര പറഞ്ഞത് എന്ന് നിഷകളങ്കമായി ചോദിക്കുന്നവരോട് ഒന്നും പറയാനില്ല. ജി വേണുഗോപാലിനെ പോലുള്ളവർക്ക് അഭിപ്രായം പറയാനുള്ള അവകാശം ഉണ്ട്. പക്ഷെ അവർ വളരെ നിഷ്‌കളങ്കമായിട്ടാണ് ഇത് പറഞ്ഞതെന്ന് പറയുന്നതിനോട് യോജിക്കാൻ ആവില്ലെന്നും അഭിമുഖത്തില്‍ സൂരജ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications