സോളാര്‍ മാനനഷ്ടക്കേസ്: ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന വിഎസിനെതിരായ വിധിക്ക് സ്റ്റേ
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് എതിരായ മാനനഷ്ടക്കേസിലെ വിധി സ്റ്റേ ചെയ്തു. ഉമ്മന്‍ ചാണ്ടിക്ക് 10 ലക്ഷത്തി പതിനായിരം രൂപ വിഎസ് അച്യുതാനന്ദന്‍ നഷ്ടപരിഹാരം നല്‍കണം എന്നുളള കോടതി വിധിക്കാണ് സ്‌റ്റേ. സബ് കോടതിയുടെ ഉത്തരവ് തിരുവനന്തപുരം ജില്ലാ കോടതിയാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്. സബ് കോടതി വിധിക്കെതിരെ വിഎസ് സമര്‍പ്പിച്ച അപ്പീലിലാണ് വിധി.
'മേക്കപ്പോ'.. അത് ഞാൻ തന്നെയെന്ന് ഭാവന, ഗ്രീൻ ആപ്പിളെന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ കാണാം
2013ല്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിഎസ് അച്യുതാനന്ദന്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്നതാണ് കേസ്. സോളാര്‍ അഴിമതിയില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ട് എന്നായിരുന്നു വിഎസിന്റെ ആരോപണം. അന്ന് വിഎസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയുമായിരുന്നു. കീഴ്കോടതിയുടെ വിധി യുക്തിസഹമല്ലെന്നായിരുന്നു വിഎസ് പ്രതികരിച്ചിരുന്നത്.

വിഎസ് അച്യുതാനന്ദൻ നടത്തിയ പ്രതികരണം ഇങ്ങനെ ആയിരുന്നു: '' സോളാർ അഴിമതിയിൽ ശ്രീ. ഉമ്മൻ ചാണ്ടിയുടെ പങ്കിനെപറ്റി 'റിപ്പോർട്ടർ ചാനൽ' അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ശ്രീ ഉമ്മൻ ചാണ്ടിക്ക് അപകീർത്തികരമാണ് എന്നു പറഞ്ഞാണ് നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്തത്. എന്നാൽ പ്രതിപക്ഷ നേതാവായിരുന്ന ശ്രീ.വി .എസ്സ് പറഞ്ഞ കാര്യങ്ങൾ അടങ്ങിയ മുഖാമുഖം രേഖകൾ ഒന്നും തന്നേ ശ്രീ.ഉമ്മൻചാണ്ടി കോടതിയിൽ ഹാജരാക്കുകയൊ തെളിയിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ശ്രീ. ഉമ്മൻചാണ്ടിയുടെ പങ്കു തെളിയിക്കുന്ന, അദ്ദേഹം തന്നെ നിയമിച്ചിരുന്ന ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ റിപ്പോർട്ടും തുടർന്ന് ഗവണ്മെന്റ് റിപ്പോർട്ട് അംഗീകരിച്ചുകൊണ്ട് ശ്രീ. ഉമ്മൻ ചാണ്ടിയ്ക്കെതിരെ എടുത്ത നടപടി റിപ്പോർട്ടും ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാർ സാക്ഷിയായി വന്നു തെളിയിച്ചിട്ടുണ്ട്.
കോടതി വ്യവഹാരങ്ങളിൽ നീതി എപ്പോഴും കീഴ്കോടതിയിൽ നിന്നും കിട്ടികൊള്ളണമില്ലെന്ന മുൻകാല നിയമപോരാട്ടങ്ങളിൽ പലതിലും കണ്ടതാണ്. സോളാർ കേസിൽ ശ്രീ. ഉമ്മൻ ചാണ്ടിക്ക് എതിരെ നടത്തിയ പരാമർശങ്ങൾ ശ്രീ.ഉമ്മൻ ചാണ്ടിക്ക് അപകീർത്തിപരമായി തോന്നി എന്നത്, അദ്ദേഹത്തിന്റെ വ്യക്തിപരമായ തോന്നൽ ആണ്. പരാമർശങ്ങൾക്ക് അടിസ്ഥാനമായ സോളാർ കമ്മീഷൻ റിപ്പോർട്ട് ചോദ്യം ചെയ്ത് ശ്രീ.ഉമ്മൻ ചാണ്ടി തന്നെ ഹൈക്കോടതിയിൽ പോയിരുന്നു എങ്കിലും അത് തള്ളി പോവുകയായിരുന്നു.
സോളാർ കമ്മീഷൻ കണ്ടെത്തിയ വസ്തുതകൾ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പൊതുശ്രദ്ധയിൽ കൊണ്ട് വരുന്നത് പൊതുപ്രവർത്തകൻ എന്ന കർത്തവ്യബോധം മുൻനിർത്തി ഉള്ളത് ആണ് എന്ന് അപ്പീൽ കോടതി കണ്ടെത്തും എന്ന് ഉറപ്പ് ഉള്ളതിനാലും, കീഴ്കോടതിയുടെ വിധി യുക്തിസഹമല്ലാത്തതിനാലും ഇത് കീഴ്കോടതി വൈകാരികമായി അല്ല, നിയമപരമായും വസ്തുനിഷ്ഠമായും തെളിവുകൾ വിലയിരുത്തിയുള്ള നടപടിക്രമങ്ങൾ ആയിരുന്നു അവലംബിക്കേണ്ടിയിരുന്നത് എന്ന ഒരു അഭിപ്രായംകൂടി അപ്പീൽ കോടതി നടത്തും എന്ന പ്രത്യാശയിൽ, അപ്പീൽ നടപടികളും ആയി മുന്നോട്ട് പോകുമെന്ന് ഓഫീസ് അറിയിച്ചു.












Click it and Unblock the Notifications