ഡിസിസി അധ്യക്ഷ പട്ടിക; അന്തിമ ചിത്രം തെളിഞ്ഞു..മാറിയത് 6 ജില്ലകളിലെ പേരുകൾ..അതൃപ്തിയിൽ നേതാക്കൾ
തിരുവനന്തപുരം; നീണ്ട ചർച്ചകൾക്കൊടുവിൽ തയ്യാറാക്കിയ കേരളത്തിലെ ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക ഹൈക്കമാന്റിന് മുന്നിൽ. ഇന്ന് തന്നെ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി അന്തിമ പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. അന്തിമ സാധ്യത പട്ടികയിൽ വ്യാഴാഴ്ച നടന്ന ദില്ലി ചർച്ചയിൽ വലിയ മാറ്റങ്ങൾ കടന്ന് കൂടിയിരുന്നു. ഇതുപ്രകാരം ആറ് ജില്ലകളിലെ പേരുകളിലാണ് മാറ്റം ഉണ്ടായത്. സമുദായിക സമവാക്യങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ടായിരുന്നു പുതിയ നടപടി. അതേസമയം ഗ്രൂപ്പ് കളിൽ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കെപിസിസി നേതൃത്വത്തിന് എത്രമാത്രം ഇത് നടപ്പാക്കാൻ സാധിച്ചുവെന്നാണ് അന്തിമ പട്ടിക പ്രഖ്യാപനം വരുമ്പോൾ ഉയരുന്ന പ്രധാന ചോദ്യം.
'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ

പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും നടത്തിയ അന്തിമ ചർച്ചയ്ക്കൊടുവിൽ ബുധാനാഴ്ചയായിരുന്നു അന്തിമ സാധ്യത പട്ടിക ഹൈക്കമാന്റിന് കൈമാറിയത്. നേരത്തേ ഗ്രൂപ്പുകൾ ഉയർത്തിയ എതിർപ്പുകളും ഹൈക്കമാന്റ് നിർദ്ദേശങ്ങളും കൂടി പരിഗണിച്ചുള്ള പട്ടികയായിരുന്നു കൈമാറിയത്. എന്നാൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ ആറിടത്ത് പട്ടികയിൽ മാറ്റം വരുത്തി. പട്ടികയിൽ ആദ്യ ഘട്ടത്തിൽ ഇല്ലാതിരുന്നവർ പോലും ഇതിൽ ഇടംപിടിച്ചുവെന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരം ജില്ലയിലാണ് അപ്രതീക്ഷിത മാറ്റം സംഭവിച്ചത്. ശശി തരൂർ എംപിയുടെ നോമിനിയായ ജി എസ് ബാബു മുൻ എംഎൽഎ കൂടിയായ കെ എസ് ശബരീനാഥന്റേയും പേരുകൾക്കായിരുന്നു അവസാനം വരെ മുൻതൂക്കം ഉണ്ടായിരുന്നത്. എന്നാൽ സാമുദായിക പരിഗണനകൾ ഉയർന്നതോടെ കാലങ്ങളായി ഐ ഗ്രൂപ്പ് ഭരിച്ചിരുന്ന തിരുവനന്തപുരം എ ഗ്രൂപ്പിന്റെ കൈയ്യിലെത്തി. ഇവിടെ ഉമ്മൻ ചാണ്ടിയുടെ നോമിനായി പാലോട് രവിയ്ക്ക് നറുക്ക് വീണത്.

തർക്കം നിലനിന്നിരുന്ന ആലപ്പുഴയിൽ രമേശ് ചെന്നിത്തലയുടെ നോമിനിയായ ബാബു പ്രസാദിനെ അവസാന നിമിഷം മാറ്റി. പ്രാദേശിക എതിർപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതോടെ കെ സി വേണുഗോപാലിന്റെ വിശ്വസ്തനായ കെ പി ശ്രീകുമാറിനെ ഡി സി സി അധ്യക്ഷനാക്കും. കോട്ടയത്ത് തുടക്കത്തിൽ നാട്ടകം സുരേഷിന്റെ പേരിനായിരുന്നു മുൻഗണന ലഭിച്ചിരുന്നത്. എന്നാൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഹിന്ദു സമുദായാംഗങ്ങൾ എത്തിയതോടെ കോട്ടയത്ത് പുതിയ നിർദ്ദേശങ്ങൾ ഉയർന്നു.

കേരള കോൺഗ്രസ് എം യു ഡി എഫ് ബന്ധം അവസാനിപ്പിച്ച സാഹചര്യത്തിൽ കോട്ടയത്ത് ക്രിസ്ത്യൻ പ്രാതിനിധ്യം വേണമെന്ന ആവശ്യം ശക്തമാകുകയായിരുന്നു.എ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രമാണ് കോട്ടയം. യുഡിഎഫ് കോട്ടയായിരുന്ന ജില്ലയിൽ ഇക്കുറി കനത്ത തിരിച്ചടിയായിരുന്നു കോൺഗ്രസ് നേരിട്ടത്. അതുകൊണ്ട് തന്നെ നഷ്ടപ്രതാപം തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെ സമുദായ സമവാക്യങ്ങൾ കൂടി പരിഗണിച്ചായിരിക്കണം മാറ്റം എന്ന ആവശ്യം ശക്തമായിരുന്നു. ഇതോടെ ഉമ്മൻചാണ്ടിയുടെ പിന്തുണയോടെ യാക്കോബായ വിഭാഗക്കാരനായ ഫിൽസൺ മാത്യൂസിന് നറുക്ക് വീഴുകയായിരുന്നു. നിലവിൽ കത്തോലിക്ക സമുദായാംഗമായ ജോഷി ഫിലിപ്പാണ് അധ്യക്ഷൻ.

പാലക്കാട് ജില്ലയിൽ കെസി വേണുഗോപാലിൻറെ നോമിനിയായ എ തങ്കപ്പനാണ് നറുക്ക് വീണത്. കെ സുധാകരന്റെ നോമിനിയായ എ വി ഗോപിനാഥ് ആയിരുനന്ു അവസാന ഘട്ടത്തിൽ വരെ മുൻതൂക്കം. എന്നാൽ ഗോപിനാഥനെതിരെ ജില്ലയിൽ നിന്നും പരാതി പ്രളയം ഉയർന്നു.ഡിസിസി ഭാരവാഹികൾ ഉൾപ്പെടെ ഹൈക്കമാന്റിന് കത്തയച്ചിരുന്നു.

പാർട്ടിയുടെ പരാജയത്തിന് വേമ്ടി പ്രവർത്തിച്ച ആളാണ് ഗോപിനാഥ് എന്ന ആക്ഷേപമായിരുന്നു പാലക്കാട് എംപി കൂടിയായ വികെ ശ്രീകണ്ഠൻ ഉയർത്തിയത്. ഇതോടെയാണ് ഗോപിനാഥനെ മാറ്റി നിർത്തിയത്. എന്നാൽ മുൻ അധ്യക്ഷന്മാർക്ക് അവസരം നൽകേണ്ട എന്ന പൊതുനയത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് കോൺഗ്രസ് നേതാക്കള് അവകാശപ്പെടുന്നത്.

അതേസമയം വയനാട് എൻഡി അപ്പച്ചൻ ഡി സി സി അധ്യക്ഷനാകും. നേരത്തേയും അധ്യക്ഷനാി അപ്പച്ചൻ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ രാഹുൽ ഗാന്ധിയുടെ താലപര്യത്തോടെയാണ് ഇപ്പോഴത്തെ നിയമനമെന്നാണ് സൂചന. കോട്ടയത്ത് യാക്കോബായ സമുദായത്തിന് പ്രാതിനിധ്യം നൽകിയത് പരിഗണിച്ച് ഇടുക്കിയിൽ ഐ ഗ്രൂപ്പ് നേതാവായ എസ് അശോകനെ നിശ്ചയിച്ചു. കാസർഗോഡ് ഖാദർ മാങ്ങാടിനെ അവസാന നിമിഷമാണ് മാറ്റിയത്. സമുദായ സമവാക്യം പരിഗണിച്ച് കൊണ്ട് പികെ ഫൈസിലിനെയാണ് ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്.

കൊല്ലത്ത് മുതിർന്ന നേതാവ് രാജേന്ദ്ര പ്രസാദിനാണ് നറുക്ക് വീണത്. കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് കൊടുക്കുന്നിൽ സുരേഷിന്റെ നോമിനിയാണ് രാജേന്ദ്ര പ്രസാദ്.പത്തനംതിട്ടയിൽ പിജെ കുര്യന്റെ നോമിനിയായ സതീശൻ കൊച്ചുപറമ്പിൽ പട്ടികയിൽ ഇടം നേടി. എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിശ്വസ്തൻ മുഹമ്മദ് ഷിയാസ് ഇടം പിടിച്ചു.

ഹൈക്കമാന്റ് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ ജില്ലയിൽ വനിതാ പ്രാതിനിധ്യം ഉണ്ടായേക്കുമെന്ന് തുടക്കം മുതൽ ചർച്ചകൾ ഉണ്ടായിരുന്നു. പദ്മജ വേണുഗോപാലിന്റെ പേരായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത് എന്നായിരുന്നു വിവരം. എന്നാൽ ഐ ഗ്രൂപ്പിന്റെ ജോസ് വെള്ളൂർ ഇവിടെ സ്ഥാനം ഉറപ്പിച്ചു.മലപ്പുറത്ത് എ ഗ്രൂപ്പിന്റെ നിർദ്ദേശം തള്ളി വിഎസ് ജോയിക്കാണ് അവസരം ലഭിച്ചത്. തുടക്കം മുതൽ ആര്യാടൻ ഷൗക്കത്തിനായി നേതാക്കൾ രംഗത്തുണ്ടായിരുന്നുവെങ്കിലും പ്രവർത്തന പരിചയമില്ലെന്ന് ചൂണ്ടിക്കാട്ടി പേര് തള്ളുകയായിരുന്നു. കോഴിക്കോട് എ ഗ്രൂപ്പിന്റെ കൈവശമാണെങ്കിലും ഐ ഗ്രൂപ്പിനാണ് ഇത്തവണ ജില്ല ലഭിച്ചത്. ഐ ഗ്രൂപ്പ് നേതാവായ കെ പ്രവീൺ കുമാർ അധ്യക്ഷനാകും. വടകര എംപി കെ മുരളീധരന്റെ പിന്തുണ പ്രവീണിനായിരുന്നു. കണ്ണൂരിൽ മാർട്ടിൻ ജോസിനും അവസരം ലഭിച്ചു.
Recommended Video

മൂന്ന് നായർ സമുദായാംഗങ്ങൾ, അഞ്ച് പേർ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന്, മുസ്ലീം വിഭാഗത്തിൽ നിന്നും രണ്ട് പേർ എന്നിങ്ങനെയാണ് പട്ടികയിൽ ഇടംപിടിച്ചവർ. എന്നാൽ അന്തിമ ചിത്രം തെളിപ്പോഴേക്കും ഹൈക്കമാന്റിലേക്ക് നേതാക്കളുടെ പരാതി പ്രളയമാണെന്നാണ് റിപ്പോർട്ട്. സ്ത്രീകൾക്കും ദളിത് വിഭാഗത്തിനും പ്രാതിനിധ്യം നൽകിയില്ലെന്നതാണ് പ്രധാ ആക്ഷേപം. മാത്രമല്ല ഓർത്തഡോക്സ്, ലത്തീൻ കത്തോലിക്ക, മാർത്തോമ വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഇല്ലെന്നും നേതാക്കൾ പരാതി ഉയർത്തുന്നു. അതേസമയം ഈ ആക്ഷേപങ്ങൾ കെപിസിസി പട്ടികയിൽ പരിഹരിക്കാമെന്നാണ് ഹൈക്കമാന്റ് നേതൃത്വം വ്യക്തമാക്കുന്നത്.












Click it and Unblock the Notifications