മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്‌റഫ് പത്രിക പിന്‍വലിച്ചു
കാസര്‍കോട്: നാടകീയ രംഗങ്ങള്‍ക്കിടെ മഞ്ചേശ്വരം മണ്ഡലത്തില്‍ മല്‍സരിക്കുന്നതില്‍ നിന്ന് എസ്ഡിപിഐ പിന്മാറി. പാര്‍ട്ടി സ്ഥാനാര്‍ഥി കെഎം അഷ്‌റഫ് പത്രിക പിന്‍വലിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിക്കുകയാണ് അഷ്‌റഫ് ചെയ്തത്. എന്നാല്‍ മല്‍സരവുമായി മുന്നോട്ട് പോകണം എന്നായിരുന്നു എസ്ഡിപിഐ പ്രാദേശിക ഘടകങ്ങളുടെ നിലപാട്.
പാര്‍ട്ടിയാണ് തന്നോട് മല്‍സരിക്കാന്‍ പറഞ്ഞത്, ഇപ്പോള്‍ പാര്‍ട്ടിയാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്. അത് അനുസരിക്കുന്നു എന്നാണ് അഷ്‌റഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തില്‍ അഷ്‌റഫിന് കടുത്ത അതൃപ്തിയുണ്ട് എന്നാണ് വിവരം. അദ്ദേഹം ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജിവച്ചു.

ബിജെപിക്ക് ജയസാധ്യത കൂടുതലുള്ള മണ്ഡലമാണ് മഞ്ചേശ്വരം. മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇത്തവണ വീണ്ടും ജനവിധി തേടുന്നുണ്ട്. രണ്ട് തവണ ചുണ്ടിനും കപ്പിനും ഇടയിലാണ് സുരേന്ദ്രന്‍ ഇവിടെ തോറ്റത്. എസ്ഡിപിഐ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ മതേതര വോട്ടുകള്‍ ഭിന്നിക്കുമെന്ന് പ്രചാരണം ശക്തമായിരുന്നു. ഇത് സുരേന്ദ്രന് അനുകൂലമായ സാഹചര്യം ഒരുക്കുമെന്നും ഉറപ്പായി.
തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ മുസ്ലിം ലീഗുമായുണ്ടായ പ്രശ്‌നങ്ങളാണ് ഇത്തവണ മഞ്ചേശ്വരം മണ്ഡലത്തില്‍ മല്‍സരിക്കാന്‍ എസ്ഡിപിഐ തീരുമാനിക്കാന്‍ കാരണം. എസ്ഡിപിഐ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ മുസ്ലിം ലീഗും ബിജെപിയും ഒരുമിച്ച് നീങ്ങിയിരുന്നു. ചില ഇടങ്ങളില്‍ മുസ്ലിം ലീഗും സിപിഎമ്മും ഒരുമിച്ചു. ഈ സാഹചര്യത്തില്‍ നിമയസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ പിന്തുണയ്ക്കരുത് എന്നാണ് പ്രാദേശിക നേതാക്കളുടെ വികാരം.
ഇക്കാര്യം കണക്കിലെടുത്താണ് സംസ്ഥാന നേതൃത്വം മഞ്ചേശ്വരത്ത് മല്‍സരിക്കാന്‍ അനുമതി നല്‍കിയത്. ഇതോടെ കെഎം അഷ്‌റഫ് പ്രചാരണം തുടങ്ങുകയും ചെയ്തു. എന്നാല്‍ എസ്ഡിപിഐ നിലപാട് ബിജെപിയെ സഹായിക്കുമെന്നും എക്കാലത്തും പാര്‍ട്ടിക്ക് തിരിച്ചടിയാകുന്ന തീരുമാനമാണിത് എന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. മാത്രമല്ല, സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ യുഡിഎഫ് എസ്ഡിപിഐയുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
ഇതോടെ സമ്മര്‍ദ്ദത്തിലായ എസ്ഡിപിഐ സംസ്ഥാന നേതൃത്വം മല്‍സര രംഗത്ത് നിന്ന് പിന്മാറാന്‍ തീരുമാനിച്ചു. പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷന്‍ വിളിച്ച് അറിയിക്കാനും ധാരണയായി. സ്ഥാനാര്‍ഥിയെയും പ്രധാന പ്രാദേശിക നേതാക്കളെയും വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. ഈ വേളയില്‍ തന്നെ അഷ്‌റഫ് യോഗത്തില്‍ നിന്ന് പുറത്തേക്ക് പോന്നു. കളക്ട്രേറ്റിലേക്ക് പോകാന്‍ വേണ്ടിയാണ് യോഗത്തില്‍ നിന്ന് ഇറങ്ങിയത് എന്നും പ്രതിഷേധിച്ച് ഇറങ്ങിയതല്ല എന്നുമാണ് അഷ്‌റഫ് പറയുന്നത്.
എന്നാല്‍ ജില്ലാ കൗണ്‍സില്‍ അംഗത്വം രാജിവയ്ക്കുകയാണ് എന്നും അഷ്‌റഫ് പറഞ്ഞു. തന്നെ വിശ്വസിച്ച പ്രവര്‍ത്തകരോടും ജനങ്ങളോടുമുള്ള കടപ്പാടിന്റെ ഭാഗമായിട്ടാണ് രാജിവയ്ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പ്രചാരണം തുടങ്ങിയ ശേഷം പിന്‍വലിക്കേണ്ടി വന്നത് പ്രാദേശിക എസ്ഡിപിഐ നേതാക്കളില്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കെഎം അഷ്‌റഫ് പിന്മാറിയത് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി എകെഎം അഷ്‌റഫിന് ആശ്വാസമാണ്. എന്നാല്‍ എസ്ഡിപിഐ വോട്ടുകള്‍ യുഡിഎഫിന് ലഭിക്കുമോ എന്ന കാര്യത്തില്‍ സംശയം ബാക്കിയാണ്.












Click it and Unblock the Notifications