ഒന്നര മണിക്കൂറോളം ഹോട്ടലില്‍ ചെലവഴിച്ചു; പിരിയുമ്പോള്‍ മോശമായി പെരുമാറി; പരാതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും മുന്‍ എംഎല്‍എയുമായ പിടി കുഞ്ഞുമുഹമ്മദിന് എതിരായ സംവിധായികയുടെ പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരാതിക്കാരിയില്‍ നിന്ന് കന്റോണ്‍മെന്റ് പൊലീസ് വിശദമായ മൊഴി എടുത്തിരുന്നു. മജിസ്‌ട്രേറ്റിനു മുന്നില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനായി പൊലീസ് ഇന്ന് അപേക്ഷ നല്‍കും. സിജെഎം കോടതിയിലാണ് അപേക്ഷ നല്‍കുന്നത്.
അന്താരാഷ്ട്ര ചലച്ചിത്ര മേളയായ ഐഎഫ്എഫ്‌കെയ്ക്കു വേണ്ടിയുള്ള സിനിമകളുടെ സിലക്ഷനിടെ ജൂറി ചെയര്‍മാനായ പിടി കുഞ്ഞുമുഹമ്മദ് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി എന്നായിരുന്നു കേസ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസടുത്തത്. ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്കു നവംബര്‍ 26ന് ഇ-മെയിലൂടെ നല്‍കിയ പരാതിയാണ് പൊലീസിലേക്കു കൈമാറിയത്. ഡിസംബര്‍ രണ്ടിനാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പരാതി പൊലീസിലേക്ക് ലഭിക്കുന്നത്.

തിരുവനന്തപുരത്തെ എസ്പി ഗ്രാന്‍ഡ് ഹോട്ടലില്‍ നവംബര്‍ ആറിന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പിടി കുഞ്ഞുമുഹമ്മദ് ജൂറി ചെയര്‍മാനും ചലച്ചിത്ര പ്രവര്‍ത്തക ജൂറി അംഗവുമാണ്. സിനിമ കണ്ട ശേഷം തിരികെ ഹോട്ടലില്‍ എത്തിയ ഇവര്‍ പിടി കുഞ്ഞുമുഹമ്മദിനുള്ള മുറിയില്‍ വച്ച് ഭക്ഷണം കഴിക്കുകയും തുടര്‍ന്ന് ഒന്നര മണിക്കൂറോളം അവിടെ ചെലവഴിക്കുകയും ചെയ്തു. പിരിയാന്‍ നേരത്ത് പിടി കുഞ്ഞുമുഹമ്മദ് മോശമായി പെരുമാറി എന്നാണ് പരാതിയില്‍ പറയുന്നത്.
താന്‍ സംവിധായകയോട് മോശമായി പെരുമാറിയിട്ടില്ലെന്നും അവര്‍ തെറ്റിദ്ധരിച്ചതായിരിക്കാം എന്നാണ് പിടി കുഞ്ഞുമുഹമ്മദ് വിശദീകരിക്കുന്നത്. സംഭവം നടന്നതായി പറയപ്പെടുന്നതിന്റെ പിറ്റേദിവസം സംവിധായകയുടെ വാട്‌സ് ആപ്പില്‍ നിന്ന് ഗുഡ്‌മോണിങ് സന്ദേശങ്ങള്‍ ലഭിക്കുകയും ചെയ്തു.
ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി ലഭിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിക്കുന്നത് നവംബര്‍ 27നാണ്. പരാതി ലഭിച്ചിട്ടും ഉടനടി നടപടി സ്വീകരിച്ചിട്ടില്ല എന്ന ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. മാധ്യമങ്ങളില്‍ അടക്കം വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഹോട്ടലില്‍ പരിശോധന നടത്തി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചിരുന്നു. പിടി കുഞ്ഞുമുഹമ്മദിന്റെ മുറിയിലേക്ക് ഇരുവരും നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
രഹസ്യ മൊഴി എടുത്തതിനു ശേഷം മാത്രമേ ആരോപണ വിധേയനായ പിടി മുഹമ്മദിനെ ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കു എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഈ മാസം 13നാണ് മുപ്പതാമത് രാജ്യാന്തരം ചലച്ചിത്രമേള ആരംഭിക്കുന്നത്. ഇതിലേക്കുള്ള മലയാള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിനിടെയാണ് പരാതിക്ക് കാരണമായ സംഭവം ഉണ്ടായത്.












Click it and Unblock the Notifications