കായിക പരിശീലകൻ ഒ.എം.നമ്പ്യാര്‍ അന്തരിച്ചു
തിരുവനന്തപുരം; പ്രശസ്ത കായിക പരിശീലകനായ ഒ.എം.നമ്പ്യാര്‍ അന്തരിച്ചു.90 വയസായിരുന്നു. കോഴിക്കോട് മണിയൂരിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. പിടി ഉഷയുടെ പരിശീലകനായിരുന്നു നമ്പ്യാർ..രാജ്യം പദ്മശ്രീയും ദ്രോണാചാര്യ പുരസ്‌കാരവും നല്‍കി ആദരിച്ചിട്ടുണ്ട്
ഇന്ത്യയിലെ ആദ്യ ദ്രോണാചാര്യ പുരസ്കാര ജേതാവ് ആണ് കെഎം നമ്പ്യാർ. 1985 ലായിരുന്നു അദ്ദേഹത്തിന് ദ്രോണാചാര്യ ലഭിക്കുന്നത്. 1984 ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സില്‍ ഉഷയ്ക്ക് നേരിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമാവുമ്പോള്‍ നമ്പ്യാരായിരുന്നു ഉഷയുടെ കോച്ച്. തന്റെ കായിക ജീവിത കാലയളവിനുള്ളിൽ ഉഷയെ പോലെ മികച്ചൊരു കായിക താരത്തെ കണ്ടിട്ടില്ലെന്ന് അദ്ദേഹം മുൻ പ് പറഞ്ഞിരുന്നു. ഏകദേശം 32 വർഷത്തോളമാണ് അദ്ദേഹം കോച്ചായി പ്രവർത്തിച്ചത്.

1955 ൽ എയര്‍ഫോഴ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നമ്പ്യാര്‍ സര്‍വീസസിനെ പ്രതിനിധീകരിച്ച് നിരവധി ദേശീയ അത്‌ലറ്റിക് മീറ്റുകളില്‍ ഭാഗമായിട്ടുണ്ട്. 1970 ലായിരുന്നു അദ്ദേഹം കേരള സ്പോർട്സ് കൗൺസിലർ കോച്ചാകുന്നത്. പിന്നീട് കണ്ണൂര്‍ സ്പോര്‍ട്സ് സ്‌കൂളില്‍ അധ്യാപകനായി.ഇവിടെ വെച്ചാണ് അദ്ദേഹം പിടി ഉഷയെ പരിശീലിപ്പിക്കുനന്ത്.പതിനാലര വർഷം നമ്പ്യാർ ഉഷയെ പരിശീലിപ്പിച്ചിട്ടുണ്ട്.
കൗണ്‍സില്‍ വിട്ട് 1990 ല്‍ നമ്പ്യാര്‍ സായിയിൽ ചേർന്നിരുന്നു. ബീന അഗസ്റ്റിന്‍, സുകുമാരി, ലിനെറ്റ്, ഷീബ, ജിജി,പത്മിനി, സാറാമ്മ, വന്ദന റാവു തുടങ്ങിയ താരങ്ങളെയെല്ലാം അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. രണ്ട് ഒളിംപിക്‌സ്, നാല് ഏഷ്യാഡ്, ഒരു വേള്‍ഡ് ചാംപ്യന്‍ഷിപ്പ് എന്നിവയിലെല്ലാം അദ്ദേഹം പരിശീലകനായി പങ്കെടുത്തിട്ടുണ്ട്.
ഒരിക്കലും നികത്താനാവാത്ത ശൂന്യത-പിടി ഉഷ
എന്റെ ഗുരു , എന്റെ പരിശീലകൻ, എനിക്ക് വഴികാട്ടിയായ പ്രകാശം. ഒരിക്കലും നികത്താനാവാത്ത ശൂന്യത അവശേഷിപ്പിച്ചാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ.എന്റെ ജീവിതത്തിലെ അദ്ദേഹത്തിന്റെ സംഭാവനകൾ വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയില്ല.ദു:ഖത്താൽ അസ്വസ്ഥമാണ്. ഒഎം നമ്പ്യാർ സർ നിങ്ങളെ മിസ് ചെയ്യും, പിടി ഉഷ പറഞ്ഞു.
Recommended Video
അനുശോചിച്ച് മുഖ്യമന്ത്രി
ഒളിമ്പ്യൻ പി ടി ഉഷ ഉൾപ്പെടെ നിരവധി രാജ്യാന്തര താരങ്ങളുടെ മാർഗ്ഗദർശിയും പരിശീലകനുമായിരുന്ന ഒ.എം നമ്പ്യാരുടെ സംഭാവനകൾ കായിക ലോകം എന്നും ഓർക്കുമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഒ.എം നമ്പ്യാരുടെ വേർപാട് ഏറെ വേദനാജനകം-കായിക മന്ത്രി വി അബ്ദുറഹ്മാൻ
കേരളത്തിലെ ഏറ്റവും പ്രമുഖനായ പരിശീലകരിൽ ഒരാളായ ഒ.എം നമ്പ്യാരുടെ വേർപാട് ഏറെ വേദനാജനകമാണെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ.പി.ടി ഉഷയുടെ പരിശീലകൻ എന്ന നിലയിലാണ് നമ്പ്യാർ ശ്രദ്ധേയനായത്. വലിയ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്തും തന്റെ പരിശീലന മികവ് കാണിക്കാൻ നമ്പ്യാർക്ക് സാധിച്ചു. നമ്പ്യാരുടെ പരിശീലന വൈദഗ്ധ്യമാണ് ഉഷയെന്ന അത് ലറ്റിനെ കൂടുതൽ ഉയരങ്ങളിൽ എത്തിച്ചത്.എയർഫോഴ്സിൽ ഉദ്യോഗസ്ഥനായ അദ്ദേഹം കേരള ഗവൺമെന്റിന്റെ ക്ഷണപ്രകാരം സ്പോട്സ് കൗൺസിൽ പരിശീലകനായി എത്തുകയായിരുന്നു. പിന്നീട് ഉഷയിലൂടെ ചരിത്രം രചിച്ചു.നമ്പ്യാരുടെ സമർപ്പണമനോഭാവമാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യം. ശിഷ്യരോട് അദ്ദേഹത്തിന് അളവറ്റ വാത്സല്യമായിരുന്നു. അവരുടെ പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കാൻ അദ്ദേഹം ഓടിയെത്തി. പരിശീലകൻ എന്നതിനൊപ്പം വ്യക്തി എന്ന നിലയിലും ഉന്നത മൂല്യങ്ങൾ സൂക്ഷിക്കാൻ കഴിഞ്ഞിരുന്നു. കേരള കായികലോകം ഈ മനുഷ്യനെ ഒരിക്കലും മറക്കില്ല.അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications