'സഹിക്കാന്‍ പറ്റാത്ത കാര്യങ്ങൾ, മമ്മൂക്കയെക്കാളും ലാലേട്ടനെക്കാളും വലുതെന്ന അബദ്ധ ധാരണ', വിമർശിച്ച് രഞ്ജിത്ത്
കൊച്ചി: സിനിമാ ലൊക്കേഷനുകളിൽ നിരന്തരം പ്രശ്നമുണ്ടാക്കുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്ന് യുവനടന്മാരായ ഷെയ്ൻ നിഗത്തിനും ശ്രീനാഥ് ഭാസിക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് സിനിമാ സംഘടനകൾ. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കകയും അടക്കമുളള സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. താരങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉയർത്തി രംഗത്ത് വന്നിരിക്കുകയാണ് നിർമ്മാതാക്കളുടെ സംഘടനയുടെ പ്രസിഡണ്ടായ എം രഞ്ജിത്ത്.
മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിനോടാണ് രഞ്ജിത്തിന്റെ പ്രതികരണം. എം രഞ്ജിത്തിന്റെ വാക്കുകള്‍: ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ സഹിക്കാന്‍ പറ്റാത്ത കാര്യങ്ങളുടെ അങ്ങേയറ്റം കഴിഞ്ഞു. നിര്‍മ്മാതാക്കള്‍ ഇല്ലെങ്കില്‍ സിനിമയില്ല. എന്നാല്‍ ഒരു നിര്‍മ്മാതാവിനും ഒരു ലൊക്കേഷനിലും മനസ്സമാധാനത്തോടെ നില്‍ക്കാന്‍ സാധിക്കുന്നില്ല എന്ന് വരുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ സാധ്യമല്ല.

2019ല്‍ ഷെയ്ന്‍ നിഗത്തിനെതിരെ പരാതി വന്നപ്പോള്‍ നടപടിയെടുക്കുകയും കുറേക്കാലം മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. വിലക്ക് അല്ല ഇത്. നിസ്സഹകരണമാണ്. നിര്‍മ്മാതാക്കള്‍ക്ക് ഇവരെ വെച്ച് സിനിമയെടുക്കാതിരിക്കാന്‍ പറ്റും. സംഘടനകളുടെ യോഗം വിളിച്ചപ്പോള്‍ തങ്ങളെ അത്ഭുതപ്പെടുത്തിയത് മറ്റ് സംഘടനകളിലെ ആളുകള്‍ അതിനേക്കാള്‍ സഹികെട്ട് നില്‍ക്കുകയാണ് എന്നതാണ്.
മമ്മൂക്കയും ലാലേട്ടനും സുരേഷ് ഗോപിയുമൊക്കെ എത്ര അച്ചടക്കത്തോടെ എല്ലാ നിര്‍മ്മാതാക്കളുടേയും കൂടെ നിന്ന് സിനിമ എടുത്തവരാണ്. അവര്‍ കാണിക്കാത്ത കാര്യം എന്തിനാണ് മറ്റുളളവര്‍ കാണിക്കുന്നത്. അതിന് ശേഷം വന്ന തലമുറയിലെ ദിലീപ്, ജയറാം, പൃഥ്വിരാജിനെ പോലുളളവര്‍ ആരും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറില്ല.
തങ്ങള്‍ ഇതിനേക്കാള്‍ വലിയ ആളുകളാണ് എന്നുളള അബദ്ധ ധാരണയുണ്ട്. അത് വെച്ചിട്ടാണ് പെരുമാറുന്നത്. ഇവര്‍ ബോധത്തോടെയാണോ എന്ന് സംശയമുണ്ട്. കേരളത്തിലെ സമൂഹം കാണുന്നില്ലേ ഇന്റര്‍വ്യൂകളെല്ലാം. രണ്ട് പേരുടെ പേരിലും പരാതികളുണ്ട്. ഈ രണ്ട് പേരുമായി സഹകരിക്കില്ല. അസോസിയേഷന്‍ നേരത്തെ അനുമതി കൊടുത്ത ചില സിനിമകളുണ്ട്. അതില്‍ മാത്രമേ സഹകരിക്കുകയുളളൂ.
മുന്നോട്ട് പോകണോ എന്നത് നന്നാവുകയാണെങ്കില്‍ ആലോചിക്കാം. നിര്‍മ്മാതാക്കള്‍ക്ക് സിനിമ എടുക്കാതിരിക്കാം. തങ്ങളുടെ പ്രശ്‌നങ്ങള്‍ ഫെഫ്കയോടും അമ്മയോടും ഒക്കെ പറഞ്ഞപ്പോള്‍ ആദ്യം തന്നെ അവര്‍ പിന്തുണ പ്രഖ്യാപിച്ചു. നിര്‍മ്മാതാക്കളെ കടലിലാക്കുന്ന ആളുകളുടെ സിനിമകള്‍ തിയറ്റര്‍ ഉടമകള്‍ പ്രദര്‍ശിപ്പിക്കില്ല. തിയറ്ററുകളില്‍ അല്ലെങ്കില്‍ തന്നെ ആളുകളില്ല. പിന്നെ ഈ പ്രശ്‌നം കൂടി വേണോ.

ലൊക്കേഷനിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് പരാതികളുടെ പ്രളയമാണ്. അത് ശ്രീനാഥിനേയും ഷെയ്‌നിനേയും കുറിച്ചല്ല. ഇവരുടേത് ലൊക്കേഷനിലെ പല വിഷയങ്ങളാണ്. ബാക്കി പലരുമുണ്ട്. തനിക്ക് പറയാന്‍ ബുദ്ധിമുട്ടൊന്നും ഇല്ല. ഫ്‌ളൈറ്റില്‍ കയറി കോക്പിറ്റ് തുറന്ന ആളുകളില്ലേ.. അവര്‍ക്ക് ബോധത്തോടെ തുറക്കാന്‍ പറ്റുമോ, അതെന്താണ് ആരും ചോദിക്കാത്തത്. കോക്പിറ്റില്‍ കയറി അവിടെ തടഞ്ഞ് വെക്കേണ്ടി വന്ന ആര്‍ടിസ്റ്റ് മലയാളത്തിലെ ഏത് കാലത്തിലുണ്ടായിട്ടുണ്ട്?
നിര്‍മ്മാതാക്കളെ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങള്‍ താരങ്ങള്‍ ചെയ്യാതിരിക്കുക. ഇവരെ വെച്ച് സിനിമ ചെയ്യണം എന്ന് പറഞ്ഞ് ഒരു നിര്‍മ്മാതാവ് വന്നാല്‍ അവിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ആ നിര്‍മ്മാതാവിനെ സഹായിക്കാന്‍ ഒരു സംഘടനയും ഉണ്ടാകില്ല. പറ്റാത്ത കാര്യം പറ്റില്ല എന്ന് പറയും. അവര്‍ കലാകാരന്മാരാണ്, നന്നായി വരട്ടെ. അഭിനയം പാഷനാണ് എന്നൊക്കെ പറയുന്നവര്‍ നാടകത്തില്‍ അല്ലല്ലോ അഭിനയിക്കാന്‍ പോകുന്നത്, സിനിമയിലല്ലേ വരുന്നത്.. പ്രശസ്തിയും കാശും ഒക്കെ തന്നെയല്ലേ കാരണം.
അത് കൊടുക്കുന്നത് ആരാണ്. ഇവരുടെ പോസ്റ്റര്‍ ഒട്ടിച്ച് പരസ്യം കൊടുക്കുന്നത് ആരാണ്. ഈ പോസ്റ്ററിനും സിനിമയ്ക്കും പിന്നില്‍ ഒരാള്‍ കാശ് ചിലവാക്കിയിട്ടല്ലേ ആദ്യമായി ഒരാള്‍ സ്‌ക്രീനില്‍ വരുന്നത്. അല്ലെങ്കില്‍ ആദ്യത്തെ സിനിമ അവര്‍ തന്നെ നിര്‍മ്മിക്കട്ടെ. അങ്ങനെ അല്ലല്ലോ. നിര്‍മ്മാതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പറയാതിരിക്കാന്‍ പറ്റില്ല. അതല്ലാതെ ആരോടും വിരോധമില്ല.












Click it and Unblock the Notifications