രോഗപ്രതിരോധ ശേഷിയുടെ തോത് കണ്ടെത്താൻ കേരളം, ആദ്യമായി സെറോ സര്‍വ്വേ നടത്താന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാതെ തുടരുന്നതിനിടെ സ്വന്തം നിലയ്ക്ക് സെറോ സര്‍വ്വേ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ ആളുകളിലെ രോഗപ്രതിരോധ ശേഷിയുടെ തോത് കണ്ടെത്തുന്നതിന് വേണ്ടിയാണ് സെറോ സര്‍വേ നടത്തുന്നത്. ഇതാദ്യമായാണ് കേരളം സ്വന്തം നിലയ്ക്ക് സെറോ സര്‍വ്വേ നടത്തുന്നത്. കൊവിഡ് വൈറസ് ബാധിച്ചതിന് ശേഷം ആര്‍ജ്ജിക്കുന്ന രോഗ പ്രതിരോധ ശേഷിയും കൊവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് വഴി ലഭിക്കുന്ന രോഗപ്രതിരോധ ശേഷിയുടേയും തോത് കണ്ടെത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സെറോ സര്‍വ്വേ നടത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
നേരത്തെ ഐസിഎംആര്‍ സെറോ സര്‍വ്വേ നടത്തിയതില്‍ കേരളത്തിലെ പ്രതിരോധ ശേഷി നിരക്ക് 44.4 ആയിരുന്നു. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഇനിയും കൂടാനുളള സാധ്യത ആണ് ചൂണ്ടിക്കാണിക്കപ്പെട്ടത്. രാജ്യത്തെ തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ ജനസംഖ്യയുടെ 60 ശതമാനത്തിനും മുകളില്‍ ആന്റി ബോഡി രൂപപ്പെട്ട് കഴിഞ്ഞിട്ടുളളതാണ്. കേരളത്തിലാകട്ടെ 56 ശതമാനത്തോളം ആളുകളില്‍ രോഗവ്യാപനത്തിന് സാധ്യത അവശേഷിക്കുന്നു എന്നാണ് ഐസിഎംആര്‍ സെറോ സര്‍വ്വേ വിലയിരുത്തിയത്.

ചേരികള്‍, ഗ്രാമങ്ങള്‍, നഗരങ്ങള്‍, തീരപ്രദേശങ്ങള്‍ എന്നിങ്ങനെ തരം തിരിച്ചാണ് കേരളം സെറോ സര്‍വ്വേ നടത്തുക. ഈ മേഖലകളിലുളള അഞ്ച് മുതല്‍ ഏഴ് വയസ്സ് വരെ പ്രായമുളള കുട്ടികളില്‍ സര്‍വ്വേ നടത്തും. പതിനെട്ട് വയസ്സും അതിന് മുകളിലും പ്രായമുളളവര്‍, 18 വയസ്സിന് മുകളില്‍ പ്രായമുളള ആദിവാസി വിഭാഗത്തിലേയും തീരദേശ വിഭാഗത്തിലേയും ആളുകള്‍, ഗര്‍ഭിണികള്‍ അടക്കമുളളവരിലാണ് സെറോ സര്‍വ്വേ നടത്തുക.
അതേസമയം കൊവിഡിന്റെ കാര്യത്തില്‍ സ്വയം പ്രതിരോധമാണ് ഏറ്റവും വലിയ പ്രതിരോധം എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം ചുറ്റുപാടും നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും ശ്രദ്ധിക്കണം. ഹോം ഐസൊലേഷനില്‍ കഴിയുന്നവരും അവരുടെ വീട്ടുകാരും അല്‍പം ശ്രദ്ധിച്ചാല്‍ മറ്റുള്ളവര്‍ക്ക് രോഗം വരാതെ സംരക്ഷിക്കാനാകുമെന്ന് വീണാ ജോർജ് വ്യക്തമാക്കി. സംസ്ഥാനത്ത് ആശുപത്രികളില്‍ നിലവില്‍ ഐ.സി.യു., വെന്റിലേറ്റര്‍ പ്രതിസന്ധിയില്ല. ഒരു ജില്ലയിലും തീവ്രപരിചണ ചികിത്സയ്ക്ക് ഇപ്പോള്‍ ബുദ്ധിമുട്ട് നേരിടുന്നില്ല. ആശങ്ക പരത്തുന്ന തരത്തിലുള്ള പ്രചാരണങ്ങൾ ഒഴിവാക്കണം എന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.












Click it and Unblock the Notifications