ബോബിയെ പുറത്തിറക്കരുത്, പൂട്ടാൻ സർക്കാരും, നടിയെ പിന്നാലെ നടന്ന് അപമാനിച്ചു, കടന്ന് പിടിച്ചു, ജാമ്യം നൽകരുത്
കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കേസില്‍ വ്യാഴാഴ്ച മുതല്‍ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കേ ഇന്നത്തെ ദിവസം ബോബി ചെമ്മണ്ണൂരിന് നിര്‍ണായകമാണ്. വൈകിട്ട് 3.30ന് ജാമ്യഹർജിയിൽ കോടതി വിധി പറയും. അതേസമയം ബോബി ചെമ്മണ്ണൂര്‍ ജാമ്യം നേടി പുറത്തിറങ്ങുന്നത് തടയാനുളള നീക്കത്തിലാണ് സര്‍ക്കാര്‍.
ബോബിക്ക് ജാമ്യം നല്‍കരുത് എന്ന നിലപാടായിരിക്കും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സ്വീകരിക്കുക. ഇത്തരം കുറ്റകൃത്യങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുന്ന വ്യക്തിയാണെന്നും പരാതിക്കാരിയായ നടിയെ മാത്രമല്ല ബോബി അധിക്ഷേപിച്ചിട്ടുളളതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

പരാതിക്കാരിയെ ബോബി ചെമ്മണ്ണൂര്‍ പിന്നാലെ നടന്ന് അപമാനിച്ചു. മാത്രമല്ല പൊതുപരിപാടിക്കിടയില്‍ വെച്ച് നടിയുടെ അനുവാദമില്ലാതെ ശരീരത്തില്‍ കടന്ന് പിടിക്കുകയും ചെയ്തു. ഇത്തരത്തില്‍ നിരന്തരമായി സ്ത്രീത്വത്തെ പരസ്യമായി അവഹേളിക്കുകയും ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തുകയും ചെയ്യുന്ന ആള്‍ക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുക എന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നിലപാട് സ്വീകരിക്കും.
അതേസമയം നടിയോട് താന്‍ മോശമായി പെരുമാറിയിട്ടില്ല വാദം ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതിയിലും ആവര്‍ത്തിച്ചേക്കും. ഈ കേസില്‍ പോലീസ് തന്നെ ചോദ്യം ചെയ്ത് കഴിഞ്ഞിട്ടുളളതാണ്. മാത്രമല്ല അത്ര ഗുരുതരമായ ആരോപണം അല്ല തനിക്കെതിരെ ഉളളത്. അതുകൊണ്ട് തന്നെ ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതിയില്‍ ബോബി ചെമ്മണ്ണൂര്‍ ആവശ്യപ്പെടും.
ഹണി റോസിന്റെ പരാതിയില്‍ ജനുവരി 8 ബുധനാഴ്ചയാണ് വയനാട്ടില്‍ വെച്ച് ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിലായത്. തൊട്ട് പിന്നാലെ ജാമ്യത്തിനായി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജാമ്യം നിഷേധിച്ച കോടതി ബോബിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കും എന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
ബോബി ചെമ്മണ്ണൂരിന് എതിരെയുളള പരാതി ഗൗരവുമുളളതാണ് എന്നും ജാമ്യം നല്‍കിയാല്‍ പ്രതി നാട് വിടാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട് എന്നുളള പോലീസ് വാദം കോടതി അംഗീകരിച്ചു. ഇതേത്തുടര്‍ന്നാണ് ജാമ്യത്തിനായി ബോബി ചെമ്മണ്ണൂര്‍ വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കുന്നത്. അടിയന്തര പ്രാധാന്യത്തോടെ ജാമ്യഹര്‍ജി പരിഗണിക്കണം എന്നുളള ആവശ്യം ഹൈക്കോടതി തള്ളി. എല്ലാ പ്രതികള്‍ക്കുമുളള പരിഗണന മാത്രമേ ബോബിക്കും ഉളളൂ എന്ന് വ്യക്തമാക്കി ഹൈക്കോടതി ജാമ്യഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.












Click it and Unblock the Notifications