വിലക്കയറ്റത്തിൽ സപ്ലൈക്കോയും തുണയായില്ല; അവശ്യ സാധനങ്ങൾക്ക് ക്ഷാമം, പ്രതികരിച്ച് ഭക്ഷ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായി തുടരുമ്പോഴും വിപണിയിൽ കൃത്യമായി ഇടപെടാതെ സപ്ലൈക്കോ. ജനങ്ങൾ വിലക്കയ്യറ്റം കാരണം പൊറുതിമുട്ടിയ വേളയിലും സപ്ലൈക്കോയിൽ ഇതുവരെ അവശ്യ സാധനങ്ങൾ പൂർണമായും ലഭ്യമായിട്ടില്ല. പഞ്ചസാര ഉൾപ്പെടെ സബ്‌സിഡി സാധനങ്ങൾ സപ്ലൈക്കോയിൽ കിട്ടാതായിട്ട് മാസങ്ങളായി.
വിപണിയിൽ ഭക്ഷ്യ വസ്‌തുക്കളുടെ വില കുതിച്ചുയരുമ്പോൾ സാധാരണക്കാരന് താങ്ങാവേണ്ട സപ്ലൈക്കോയുടെ ഇടപെടൽ കാര്യക്ഷമല്ലെന്ന വിമർശനം ശക്തമാണ്. സബ്‌സിഡി വസ്‌തുക്കളിൽ പലതും ഔട്ട്ലെറ്റുകളിൽ ലഭ്യമല്ലാത്തതിന് പുറമെ സബ്‌സിഡി ഇല്ലാത്തവയ്ക്ക് പൊതു വിപണിയെക്കാൾ വില കൂടുതലാണെന്ന സാഹചര്യവും ചിലയിടത്ത് നിലനിൽക്കുന്നുണ്ട്.

ഈ പ്രതിസന്ധി ഘട്ടത്തിലും സപ്ലൈക്കോയുടെ അമ്പതാം വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ഇതോടെ വിമർശനം ശക്തമാണ്. സപ്ലൈക്കോയുടെ 50-ാം വാർഷികം ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്നാണ് ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങുകളുടെ ഉദ്‌ഘാടനം നിർവഹിക്കുക.നിലവിൽ 1600ഓളം ഔട്ട്‌ലെറ്റുകൾ സപ്ലൈക്കോയ്ക്ക് ഉണ്ടെന്ന് മന്ത്രി ജിആർ അനിൽ പറഞ്ഞു. ഇതിൽ അവശ്യസാധനങ്ങളുടെ വിൽപനയ്ക്ക് പുറമെ മെഡിസിൻ, പെട്രോളിയം, എൽപിജി, മണ്ണെണ്ണ എന്നീ മേഖലകളിലും പ്രവർത്തനം വ്യാപിപ്പിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.
നിലവിൽ സപ്ലൈക്കോയ്ക്ക് എതിരായി ഉയരുന്ന വിമർശനങ്ങളോടും മന്ത്രി പ്രതികരിച്ചു. സപ്ലൈക്കോക്കെതിരെ തെറ്റായ പ്രചാരണം നടക്കുന്നതായും ഇത് സാരമായി ബാധിച്ചതായും മന്ത്രി ആരോപിച്ചു. സബ്‌സിഡിയില്ലാത്ത സാധനങ്ങളും കൂടി വിൽക്കുന്ന സ്ഥാപനത്തിൽ എല്ലാ ഉത്പന്നങ്ങളും 5 മുതൽ 30 ശതമാനം വരെ വിലകുറച്ചാണ് നൽകുന്നത്; മന്ത്രി പറഞ്ഞു.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം സബ്‌സിഡി സാധനങ്ങളുടെ ലഭ്യതയിൽ കാര്യമായ കുറവ് നേരിട്ടിട്ടുണ്ട്. എന്നിട്ടും ഏഴ് മുതൽ ഒൻപത് വരെ സാധനങ്ങൾ ലഭ്യമായിരുന്നു. തെറ്റായ പ്രചാരണങ്ങൾ ഉണ്ടായതോടെ സംസ്ഥാനത്തിന് പുറത്ത് നിന്ന് ലഭിക്കുന്ന സാധനങ്ങൾ മുൻകാലങ്ങളിലേത് പോലെ കടമായി വാങ്ങാൻ കഴിയാത്ത സ്ഥിതി ഉണ്ടായെന്നും ഭക്ഷ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായി തുടരുകയാണ്. പല വ്യഞ്ജനങ്ങൾക്കും അവശ്യ സാധനങ്ങൾക്കും പുറമെ പച്ചക്കറി, മത്സ്യം എന്നിവയ്ക്കും തീവിലയാണ്. കഴിഞ്ഞ ദിവസം ഒരു കിലോ തക്കാളിക്ക് നൂറ് രൂപയിലേക്ക് കടക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. മറ്റ് പച്ചക്കറികൾക്കും വിലയിൽ കാര്യമായ വർധനവ് ഉണ്ടായിട്ടുണ്ട്.
തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് നിലവിലെ വിലക്കയറ്റത്തിന് കാരണം. ഇത്തവണ കാര്യമായി മഴ കിട്ടാത്തതിനാൽ പച്ചക്കറി കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. ട്രോളിങ് നിരോധനം ഏർപ്പെടുത്തിയതോടെ മീൻ വിലയും കുതിച്ചുയരുകയാണ്.












Click it and Unblock the Notifications