മണിച്ചന് ജയില്‍മോചനം; പിഴ ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി
ന്യൂദല്‍ഹി: കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസ് പ്രതി മണിച്ചന് ജയില്‍ മോചനം. പിഴത്തുക ഒഴിവാക്കിയ സുപ്രീംകോടതി മണിച്ചനെ ഉടന്‍ വിട്ടയയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. 30.45 ലക്ഷം രൂപ പിഴത്തുക കെട്ടിവെക്കണം എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം.
എന്നാല്‍ ഇത് സുപ്രീംകോടതി തള്ളി. സര്‍ക്കാരിന്റെ നിര്‍ദേശം ചോദ്യം ചെയ്ത് മണിച്ചന്റെ ഭാര്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഒരു മനുഷ്യന് പിഴ നല്‍കാന്‍ പണമില്ലാത്തതിന്റെ പേരില്‍ അയാളെ എങ്ങനെ ദീര്‍ഘകാലം ജയിലിലിടാന്‍ ആകും എന്നാണ് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചത്.

ഉത്തരവിറക്കിയത് ഗവര്‍ണര്‍ ആയത് കൊണ്ട് തന്നെ പിഴ ഒഴിവാക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ട് കൂടെ എന്ന ചോദ്യവും മണിച്ചന്റെ ഭാര്യയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകനോട് സുപ്രീംകോടതി ചോദിച്ചിരുന്നു. കഴിഞ്ഞ 22 വര്‍ഷമായി കല്ലുവാതുക്കല്‍ കേസുമായി ബന്ധപ്പെട്ട് മണിച്ചന്‍ ജയിലിലാണ്.
22 വര്‍ഷമായി ജയിലില്‍ കഴിയുന്ന മണിച്ചന് അത്രയും വലിയ പിഴ തുക കെട്ടിവെക്കാനാകില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നേരത്തെ കേസിലെ പ്രതികളായ മണിച്ചന്റെ സഹോദരങ്ങളെ വിട്ടയച്ചും സമാനമായിട്ടായിരുന്നു. എട്ട് ലക്ഷം രൂപ പിഴ ഒഴിവാക്കിയാണ് അന്ന് സുപ്രീംകോടതി ഇവരെ വിട്ടയച്ചത്.
മണിച്ചന്‍ പിഴത്തുക അടച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കണം എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്. 22 വര്‍ഷവും ഒമ്പതു മാസവും കൂടി ജയില്‍ശിക്ഷ അനുഭവിക്കണമെന്നായിരുന്നു സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറഞ്ഞത്.
ശിക്ഷാവിധിയിലെ പിഴ ഒഴിവാക്കാനാകില്ല എന്നും പിഴ മണിച്ചന്‍ അടച്ചാല്‍ ആ തുക മദ്യദുരന്തക്കേസിലെ ഇരകള്‍ക്ക് കൈമാറുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. നേരത്തെ മണിച്ചന് ശിക്ഷാ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ പിഴത്തുക അടയ്ക്കാത്തതിനാലാണ് മോചനം നീണ്ട് പോയത്.
സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് മണിച്ചന്റെ ജയില്‍ മോചനത്തിനുള്ള ഉത്തരവ് സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയത്. കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തം 2000 ഒക്‌ടോബര്‍ 21 നാണ് സംഭവിക്കുന്നത്.
അന്ന് 33 പേര്‍ വ്യാജമദ്യം കഴിച്ച് മരിക്കുകയും നിരവധി പേര്‍ക്ക് കാഴ്ച്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു. ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മണിച്ചനെ ശിക്ഷയില്‍ ഇളവ് നേടിയാണ് പുറത്തിറങ്ങുന്നത്. കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തത്തിന് 22 വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ ആണ് മണിച്ചന്റെ പുറത്തേക്കുള്ള വഴി തെളിയുന്നത് എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications