സുരേഷ് ഗോപി ജോലിയിലാണ്; ഓഫീസ് ചിത്രങ്ങള്‍ പങ്കുവച്ച് കേന്ദ്രമന്ത്രി, കമന്റുകളുടെ പൂരം
'സുരേഷ് ഗോപിയെ കാണാനില്ല' എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ ചര്‍ച്ച സജീവമാണ്. ബിജെപി ഓഫീസില്‍ ബന്ധപ്പെട്ടിട്ടും വ്യക്തമായ മറുപടി ലഭിച്ചില്ല എന്ന് കാണിച്ച് പോലീസില്‍ പരാതി ലഭിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. കന്യാസ്ത്രീകളുടെ അറസ്റ്റ്, വോട്ട് വിവാദം തുടങ്ങിയ തൃശൂരുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമ്പോഴും സുരേഷ് ഗോപി എവിടെ എന്ന് കോണ്‍ഗ്രസ്-ഇടതുപക്ഷ നേതാക്കള്‍ ചോദിച്ചിരുന്നു.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ആക്ഷേപ ഹാസ്യത്തോടെ വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കിയത്. തൊട്ടുപിന്നാലെ കെഎസ്‌യു പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സുരേഷ് ഗോപി ബിജെപി വിട്ടോ എന്ന് ശിവന്‍കുട്ടി പിന്നീട് മാധ്യമങ്ങളുമായി സംസാരിക്കവെ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. എല്ലാത്തിനും മറുപടിയായി ഇപ്പോള്‍ സുരേഷ് ഗോപി അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്.

പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായുള്ള യോഗത്തില്‍ പങ്കെടുക്കുന്ന ചിത്രമാണ് കേന്ദ്ര പെട്രോളിയം സഹമന്ത്രി കൂടിയായ സുരേഷ് ഗോപി ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്നത്. ഇന്നത്തെ തിയ്യതിയും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഫോട്ടോയ്ക്ക് താഴെ അദ്ദേഹത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി കമന്റുകളാണ് വരുന്നത്.
മോങ്ങുന്നവര്‍ മോങ്ങട്ടെ നമുക്ക് ജോലി വൃത്തിയായി ചെയ്യാം, പുള്ളി ജോലി ചെയ്യുന്നു ഇവിടെ ചിലര്‍ വോട്ടര്‍ പട്ടികയുമായി കരയുന്നു, ഒറ്റപോസ്റ്റില്‍ എല്ലാര്‍വര്‍ക്കുമുള്ള ഉത്തരം ആയി... ഇങ്ങനെ പോകുന്നു കമന്റുകള്‍. ലൂര്‍ദ് മാതാവ് അന്വേഷിക്കുന്നുണ്ട് എന്ന് കേട്ടു ഒന്നുപോയി കാണണം എന്ന കമന്റുമുണ്ട്. പുതിയ പോസ്റ്റിന് താഴെ അസാധാരണമായ വിധത്തില്‍ നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്.
അതേസമയം, സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും തൃശൂരിലെ വോട്ടുകളുമായി ബന്ധപ്പെട്ട വിവാദം തൃശൂരില്‍ ശക്തിപ്പെടുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തൃശൂരില്‍ വോട്ട് ചേര്‍ത്തുകയും അതിന് ശേഷം വീട് വില്‍ക്കുകയും ചെയ്തു എന്നാണ് ആക്ഷേപം. തൃശൂരിലെ വോട്ടര്‍പട്ടികയിലെ വിലാസത്തില്‍ ഇപ്പോള്‍ സുരേഷ് ഗോപിയുടെ കുടുംബം താമസിക്കുന്നില്ല എന്ന റിപ്പോര്‍ട്ടുകളും വന്നുകഴിഞ്ഞു.
സുരേഷ് ഗോപി, സഹോദരന്‍ എന്നിവരുടെയും കുടംബാംഗങ്ങളുടെയും ഉള്‍പ്പെടെ 11 വോട്ടുകള്‍ തൃശൂരില്‍ ചേര്‍ത്തുവെന്നും തിരഞ്ഞെടുപ്പിന് ശേഷം ഇവരെ തൃശൂരിലെ വീട്ടില്‍ കാണാനില്ല എന്നുമാണ് തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞത്. സുരേഷ് ഗോപി വോട്ടര്‍ പട്ടികയില്‍ നല്‍കിയ വിലാസത്തില്‍ മറ്റൊരു കുടുംബമാണ് ഇപ്പോള്‍ താമസിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.
നടന്‍മാരായ നവാസ്, ഷാനവാസ്, സാഹിത്യകാരന്‍ എംകെ സാനു എന്നിവരുടെ വിയോഗ വേളയില്‍ അനുശോചിച്ച് സുരേഷ് ഗോപി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് മണിപ്പൂരുമായി ബന്ധപ്പെട്ട ചിത്രങ്ങളും സുരേഷ് ഗോപി പങ്കുവച്ചിരുന്നു. അതിന് താഴെയും നിരവധി പേര്‍ തൃശൂരിലെ വോട്ട് വിവാദവും കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവവുമാണ് കമന്റ് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications