ഉദ്ഘാടനത്തിന് വരണമെങ്കില്‍ പണം വേണം... വരുന്നത് എംപിയല്ല, നടനാണ്; സുരേഷ് ഗോപി
തൃശൂര്‍: കേന്ദ്രമന്ത്രിയും എംപിയും ആയെന്ന് കരുതി സൗജന്യമായി ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കില്ല എന്ന് നടനും കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ഏങ്ങണ്ടിയൂരില്‍ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കവെ ആയിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഉദ്ഘാടനത്തിന് വിളിക്കുന്നവര്‍ എം പി എന്ന നിലയില്‍ തന്നേക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതേണ്ട.
സിനിമാ നടന്‍ എന്ന ലേബലിലായിരിക്കും താന്‍ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനുള്ള പണം വാങ്ങിയേ പോകൂവെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇങ്ങനെ ലഭിക്കുന്ന പണം സമൂഹനന്മക്കായി ഉപയോഗിക്കും. ഏങ്ങണ്ടിയൂരില്‍ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിയായെങ്കിലും സിനിമയില്‍ നിന്ന് മാറില്ല എന്ന വ്യക്തമായ സൂചനയും അദ്ദേഹം നല്‍കി. ''ഞാന്‍ ഇനിയും സിനിമ ചെയ്യും. എന്റെ സിനിമകളില്‍ നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ അഞ്ച് മുതല്‍ എട്ടു ശതമാനം, അത് നല്‍കാനേ എനിക്ക് അവകാശമുള്ളൂ. കണക്കുകളൊക്കെ കൊടുക്കണ്ടേ,' സുരേഷ് ഗോപി പറഞ്ഞു. അങ്ങനെ വരുന്ന കാശ് ഇനി വ്യക്തികള്‍ക്കല്ല കൊടുക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമായിട്ടും ജനങ്ങള്‍ക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് അത് വന്നിരിക്കും എന്നും സുരേഷ് ഗോപി പറഞ്ഞു. അതിനു പിരിവ് ഉണ്ടാകില്ല എന്നും എന്നാല്‍ ചില കാര്യങ്ങളില്‍ പിരിവുണ്ടാകും എന്ന ഉറപ്പും സുരേഷ് ഗോപി നല്‍കി. 'ഏതെങ്കിലും പരിപാടിക്ക് പോകുമ്പോള്‍ എം പിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാം എന്ന് വിചാരിക്കേണ്ട,' സുരേഷ് ഗോപി പറയുന്നു.
അവിടെ സിനിമാ നടനായിട്ടേ വരൂ എന്നും അതിന് യോഗ്യമായ ശമ്പളം തന്റെ സഹപ്രവര്‍ത്തകര്‍ വാങ്ങുന്ന തരത്തില്‍ വാങ്ങിയേ പോകൂ എന്നും അദ്ദേഹം വ്യക്തമാക്കി. ആ കാശില്‍ നിന്ന് നയാ പൈസ താന്‍ എടുക്കില്ല എന്നും അത് തന്റെ ട്രസ്റ്റിലേക്കും അതുവഴി നേരത്തേ സൂചിപ്പിച്ച കാര്യങ്ങള്‍ക്കായി ആ കാശ് ചെലവഴിക്കും എന്നും മന്ത്രി പറഞ്ഞു. ഇനി ആക്രമണം വരാന്‍ പോകുന്നത് ആ രീതിക്കൊക്കെയായിരിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'അത് ഞാന്‍ ഇപ്പോഴേ പിരിവെട്ടി നല്ല കപ്ലിങ് ഇട്ട് അടച്ച് കൊടുത്തിരിക്കുകയാണ്. ഇനി അങ്ങനെ തന്നെയാണ്. തൃശൂരിലെ ജനങ്ങളാണ് ഒരു ഉത്തരവാദിത്തം ഏല്‍പ്പിച്ചിരിക്കുന്നതെങ്കില്‍ നിങ്ങളുടെയൊന്നും ഒരു ഉപദേശം ആവശ്യമില്ല. കൃത്യമായി തന്നെ ഉത്തരവാദിത്ത നിര്‍വഹണം നടത്തിയിരിക്കും. അതിനുള്ള ചങ്കൂറ്റം ഉണ്ടെന്ന് നേരത്തേ തെളിയിച്ചതാണ്,' സുരേഷ് ഗോപി പറഞ്ഞു.
താന്‍ പറഞ്ഞതൊന്നും വെറുതെ പറഞ്ഞതല്ല എന്നും ഈശ്വരന്‍ അനുഗ്രഹിച്ചാല്‍ അതുക്കും മേലെ ചെയ്തിരിക്കും എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ നിന്ന് ആദ്യമായി ബിജെപി ടിക്കറ്റില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചയാളാണ് സുരേഷ് ഗോപി. 74000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സുരേഷ് ഗോപിയുടെ ജയം. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് കേന്ദ്രമന്ത്രി സ്ഥാനവും ലഭിച്ചത്.












Click it and Unblock the Notifications