സുരേഷ് ഗോപി ഉറപ്പിച്ചു, ഡല്‍ഹിക്ക് പുറപ്പെട്ടു: രണ്ടാമതൊരു സർപ്രൈസ് പേര്, ക്രിസ്ത്യന്‍ മുഖം
ഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കേന്ദ്ര മന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് ഉറപ്പിച്ച് സുരേഷ് ഗോപി. കരാറൊപ്പിട്ട സിനിമകളുടെ തിരക്കുള്ളതിനാല്‍ ക്യാബിനറ്റ് പദവി ഏറ്റെടുക്കാന്‍ സുരേഷ് ഗോപി വിസമ്മതിച്ചെന്ന തരത്തിലുള്ള വാർത്തകള്‍ പുറത്ത് വന്നിരുന്നു. ഡല്‍ഹിയിലേക്ക് പോകാതെ തിരുവനന്തപുരത്ത് തന്നെ തുടർന്ന സുരേഷ് ഗോപിയുടെ നടപടിയും അഭ്യൂഹങ്ങള്‍ ശക്തമാക്കി. എന്നാല്‍ ഒടുവില്‍ സുരേഷ് ഗോപി തന്നെ ആ അഭ്യൂഹങ്ങള്‍ക്ക് വിരാമം കുറിച്ചിരിക്കുകയാണ്.
"അദ്ദേഹം തീരുമാനിച്ചു, ഞാന്‍ അനുസരിക്കുന്നു" എന്നാണ് തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സുരേഷ് ഗോപി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. 12.30 നുള്ള വിമാനത്തില്‍ കുടുംബത്തോടൊപ്പമാണ് സുരേഷ് ഗോപി ഡല്‍ഹിയേക്ക് യാത്ര ചെയ്യുന്നത്. തീരുമാനിച്ചത് അദ്ദേഹമാണ്, ഉടന്‍ എത്തണമെന്ന് പറഞ്ഞു. 11.30 ന് വീട്ടിലെത്താനാണ് നരേന്ദ്ര മോദി പറഞ്ഞതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായാല്‍ സിനിമകള്‍ മുടങ്ങുമോയെന്ന ആശങ്ക കാരണം സുരേഷ് ഗോപി മന്ത്രി പദവി ഏറ്റെടുത്തേക്കില്ലെന്ന തരത്തില്‍ സൂചനകളുണ്ടായിരുന്നു. 4 സിനിമകള്‍ക്കായി ഇതിനോടകം തന്നെ താരം കരാറിലേർപ്പെട്ടിട്ടുണ്ട്. ജെഎസ്കെ, ഒറ്റക്കൊമ്പന്‍, മമ്മൂട്ടി കമ്പനിയുടെ ചിത്രം തുടങ്ങിയവയാണ് സുരേഷ് ഗോപിയുടെ അടുത്തതായി വരാനിരിക്കുന്ന ചിത്രങ്ങള്‍.
രണ്ട് വർഷത്തേക്ക് സിനിമകളിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടെന്നും, അതിന് കേന്ദ്രമന്ത്രി സ്ഥാനം തടസമാകുമോയെന്ന ആശങ്കയും സുരേഷ് ഗോപി പാർട്ടി നേതൃത്വത്തെ നേരത്തെയും അറിയിച്ചിരുന്നു. എന്നാല്‍ മന്ത്രിപദവി ഏറ്റെടുക്കാന്‍ സുരേഷ് ഗോപിക്ക് മേല്‍ ബി ജെ പി കേന്ദ്ര നേതൃത്വം ശക്തമായ സമ്മർദ്ദം ചെലുത്തുകയായിരുന്നു. കേരളത്തില്‍ ഒരു സീറ്റെന്ന ബി ജെ പിയുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നം പൂർത്തീകരിച്ച സുരേഷ് ഗോപിയെ ക്യാബിനറ്റില്‍ ഉള്‍പ്പെടുത്തുന്നതില്‍ പ്രധാനമന്ത്രിയും പ്രത്യേക താല്‍പര്യമെടുത്തു.
അതേസമയം, സുരേഷ് ഗോപിക്ക് പുറമെ ആരായിരിക്കും കേരളത്തില്‍ നിന്നും മന്ത്രിസഭയില്‍ ഇടംപിടിക്കുകയെന്ന ചർച്ചകളും ശക്തമാണ്. രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന രാജീവ് ചന്ദ്രശേഖർ, വി മുരളീധരന്‍ എന്നിവരില്‍ ആർക്കെങ്കിലും ഒരാള്‍ക്ക് നറുക്ക് വീഴാനുള്ള സാധ്യത കൂടുതലാണ്. ഇതിന് പുറമെ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോർജ് കുര്യന്റെ പേരും ഇപ്പോള്‍ ഉയർന്ന് കേള്‍ക്കുന്നു എന്നാണ് ശ്രദ്ധേയം.
ബി ജെ പി ദേശീയ നേതാക്കള്‍ ജോർജ് കുര്യനുമായി ചർച്ച നടത്തിയെന്നാണ് 24 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ജോർജ് കുര്യന്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ തുടരുന്നുണ്ട്. പാർട്ടിയുടെ ന്യൂനപക്ഷ മുഖമാണ് അദ്ദേഹം. കേരളത്തില്‍ മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ ക്രിസ്ത്യന്‍ വിഭാഗങ്ങളെ ബി ജെ പിയിലേക്ക് എത്തിക്കാന്‍ നിർണ്ണായക പ്രവർത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ജോർജ് കുര്യന്‍.












Click it and Unblock the Notifications