ആ പണം പൊതുജനങ്ങള്‍ക്ക് കൊടുത്തേക്ക്; ബ്രഹ്‌മപുരത്തിലും മുഖ്യമന്ത്രിക്കെതിരെ സ്വപ്ന
ബ്രഹ്‌മപുരം തീപിടുത്ത വിവാദത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇതിനെ പരിഹസിച്ച് കൊണ്ടാണ് സ്വപ്‌ന സുരേഷിന്റെ പ്രതികരണം

തിരുവനന്തപുരം: ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രി പിണറായി വിജയന് എതിരെ സ്വപ്‌ന സുരേഷ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സ്വപ്‌ന സുരേഷിന്റെ പ്രതികരണം. സോണ്ട കമ്പനിയുമായുള്ള കരാറിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് സ്വപ്‌ന സുരേഷ് ആരോപിക്കുന്നത്.
ബ്രഹ്‌മപുരത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി ഇത്രയും നാള്‍ മൗനം പാലിച്ചത് അതിനാലാണ് എന്നും സ്വപ്‌ന സുരേഷ് ആരോപിക്കുന്നു. കരാര്‍ കമ്പനിക്ക് നല്‍കിയ മൊബിലൈസേഷന്‍ അഡ്വാന്‍സ് തിരിച്ചെടുത്ത് ബ്രഹ്‌മപുരത്തെ തീ അണക്കാന്‍ മുന്നോട്ട് വന്ന സാധാരണക്കാര്‍ക്ക് വിതരണം ചെയ്യണം എന്ന് സ്വപ്‌ന സുരേഷ് പറയുന്നു.
കേരള നിയമസഭയില്‍ ഇതിനെ കുറിച്ച് ഒരക്ഷരം മിണ്ടാത്തതിന് കാരണം തനിക്കറിയാം എന്നും സ്വപ്‌ന സുരേഷ് അവകാശപ്പെടുന്നു. താനും കൊച്ചിയില്‍ ജീവിച്ചിരുന്നുവെന്നും അതിനാലാണ് ഈ വിഷയത്തില്‍ സംസാരിക്കുന്നത് എന്നും സ്വപ്‌ന സുരേഷ് പറയുന്നു.

തന്റെ ജീവിതത്തിന് മേല്‍ അപായങ്ങളുണ്ടെന്ന തിരിച്ചറിവോടെ തന്നെയാണ് ഈ വിഷയത്തില്‍ താന്‍ കൊച്ചിയിലെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നത് എന്നും സ്വപ്‌ന സുരേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അതേസമയം ബ്രഹ്‌മപുരം വിവാദത്തില്‍ നാളെ മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവന നടത്തും എന്ന് അറിയിച്ചിട്ടുണ്ട്.
തീ അണച്ചപ്പോള്‍ അഗ്നിശമന സേനയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതല്ലാതെ ബ്രഹ്‌മപുരം വിഷയത്തില്‍ ഇതുവരെ മുഖ്യമന്ത്രി ഒരു പ്രതികരണവും നടത്തിയിരുന്നില്ല. ഇന്ന് മുഖ്യമന്ത്രിയുടെ മൗനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചിരുന്നു.
വിഷയത്തില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇതിന് പിന്നാലെയാണ് ബുധനാഴ്ച പ്രത്യേക പ്രസ്താവന നടത്തും എന്ന് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. പൊതുപ്രാധാന്യമുള്ള വിഷയത്തില്‍ സ്പീക്കറുടെ അനുമതിയോടെ മന്ത്രിമാര്‍ക്കോ മുഖ്യമന്ത്രിക്കോ പ്രസ്താവന നടത്താന്‍ അനുവദിക്കുന്ന കേരളനിയമസഭാ ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രി നാളെ പ്രതികരണം നടത്തുന്നത്.












Click it and Unblock the Notifications