'വാങ്ങി നക്കിയിട്ട് വോട്ട് തിരിച്ചു കുത്തിയില്ലേ എന്ന് ഞങ്ങൾ പറയാറില്ല, സിപിഎമ്മിന് പകപോക്കൽ';രമ്യ ഹരിദാസ്
ഇടതുപക്ഷത്തിനെതിരെ മുൻ എംപി രമ്യ ഹരുദാസ്. ഇടതുപക്ഷത്തിന് രാഷ്ട്രീയം പകപോക്കൽ ആണെന്നും ദുരന്തമുഖങ്ങളിൽ പോലും അവരത് ഉപയോഗിക്കും എന്നതിനുള്ള തെളിവാണ് കഴിഞ്ഞ ദിവസം വയനാട്ടിൽ കണ്ടതെന്നും രമ്യ കുറ്റപ്പെടുത്തി.പൊതുജനങ്ങളിൽ നിന്നും ഐക്യ ജനാധിപത്യ മുന്നണി ഉൾപ്പെടെയുള്ള നിയമസഭാംഗങ്ങളിൽ നിന്നും സാധാരണക്കാരിൽ നിന്നും പിരിവെടുത്ത പണംകൊണ്ട് നിർമ്മിച്ച പുനരധിവാസ പദ്ധതിയിൽ സ്ഥലം എംഎൽഎയെ കൂകി വിളിക്കാൻ പദ്ധതി തയ്യാറാക്കി പുറത്തു നിന്ന് ആളെ ഏർപ്പെടുത്തിയതും ഈ രാഷ്ട്രീയ പകപോക്കലിന്റെ ബാക്കി തന്നെയാണെന്നും രമ്യ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം വായിക്കാം
' രാഷ്ട്രീയ മാന്യത എന്നത് ഇടതുപക്ഷ നേതാക്കളിൽ നിന്ന് പ്രതീക്ഷിക്കരുത്. അത് പലപ്പോഴും തെളിയിച്ചതാണ്. യുഡിഎഫിന് രാഷ്ട്രീയം സേവനമാണ്, പക്ഷേ ഇടതുപക്ഷത്തിനും വിശിഷ്യാ സിപിഐഎമ്മിനും രാഷ്ട്രീയം പകപോക്കൽ ആണ്, അല്ലെങ്കിൽ വ്യക്തിവൈരാഗ്യം തീർക്കലാണ്..
ദേശീയ തലം മുതൽ പ്രാദേശിക തലം വരെ അത് കാണാം. ദുരന്തമുഖങ്ങളിൽ പോലും അവരത് ഉപയോഗിക്കും എന്നതിനുള്ള തെളിവാണ് കഴിഞ്ഞ ദിവസം വയനാട്ടിൽ കണ്ടത്. ജനങ്ങളുടെ ക്ഷേമത്തിനും സഹായത്തിനും അപ്പുറം അവരുടെ നോട്ടം രാഷ്ട്രീയ ലാഭത്തിലാണ്.

രാഷ്ട്രീയത്തിൽ അവരെ എതിർക്കുന്നവരെ വ്യക്തിപരമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും സാമ്പത്തികമായി തകർക്കുകയും സാമൂഹികമായി ഒറ്റപ്പെടുത്തുകയും ചെയ്യുക എന്നത് സ്ഥിരം രീതിയാണ്. ഇരുട്ടിന്റെ മറവിൽ എത്ര ആളുകളുടെ കടകൾ അടിച്ചുതകർത്തു. കൃഷികൾ വെട്ടി നശിപ്പിച്ചു, വഴിമുടക്കി, കടകളും ബിസിനസ് സ്ഥാപനങ്ങളും പൂട്ടിച്ചു.ജോലി നഷ്ടപ്പെടുത്തി... പ്രാദേശിക തലത്തിലെ യുഡിഎഫിന്റെ നിരവധി പ്രവർത്തകർ ഇത്തരം രീതികൾ നേരിട്ടനുഭവിച്ച വരായിരിക്കും. സ്വന്തം പാർട്ടിക്കാർ ആണെങ്കിൽ പോലും എതിരെ അഭിപ്രായം പറഞ്ഞാൽ അതോടുകൂടി പകപോക്കൽ തുടങ്ങും. അതാണ് പഥ്യം.
രാഷ്ട്രീയ മാന്യത ഇവർക്കൊട്ടുമില്ല എന്നതിന്റെ തെളിവായിരുന്നു ഐക്യ ജനാധിപത്യ മുന്നണി സർക്കാർ നിർമ്മാണം തുടങ്ങി 90% പൂർത്തിയാക്കിയ കണ്ണൂർ വിമാനത്താവളത്തിന്റെയും, കൊച്ചി മെട്രോ യുടെയും ഉദ്ഘാടനം. അതിനുവേണ്ടി പ്രവർത്തിച്ച, അത്തരമൊരു നൂതന പദ്ധതി ആവിഷ്കരിച്ചഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയെ ഉത്ഘാടന സമയത്ത് വാക്കുകൾ കൊണ്ട് പോലും പരാമർശിക്കാൻ തയ്യാറാകാത്ത രാഷ്ട്രീയ കുടിലത.
വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന സമയത്ത് തുറമുഖത്തിന്റെ കോൺട്രാക്ട് ഏറ്റെടുത്ത അദാനി കാണിച്ച മര്യാദ പോലും ഇടതുപക്ഷ സർക്കാർ കാണിച്ചില്ല. ഉമ്മൻചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ചിന്തയും ഊർജ്ജവും ആ പദ്ധതിക്ക് പിന്നിൽ ഉണ്ടായിരുന്നു എന്ന് പറയാനുള്ള രാഷ്ട്രീയ മാന്യത പോലും അവിടെ കാണിച്ചില്ല.
ചൂരൽ മലയിലും മുണ്ടക്കൈയിലും സംഭവിച്ചതും അത് തന്നെ. പൊതുജനങ്ങളിൽ നിന്നും ഐക്യ ജനാധിപത്യ മുന്നണി ഉൾപ്പെടെയുള്ള നിയമസഭാംഗങ്ങളിൽ നിന്നും സാധാരണക്കാരിൽ നിന്നും പിരിവെടുത്ത പണംകൊണ്ട് നിർമ്മിച്ച പുനരധിവാസ പദ്ധതിയിൽ സ്ഥലം എംഎൽഎയെ കൂകി വിളിക്കാൻ പദ്ധതി തയ്യാറാക്കി പുറത്തു നിന്ന് ആളെ ഏർപ്പെടുത്തിയതും ഈ രാഷ്ട്രീയ പകപോക്കലിന്റെ ബാക്കി തന്നെയാണ്. കാരണം നിങ്ങൾക്ക് വലുത് രാഷ്ട്രീയമാണ്, സാധരണക്കാരുടെ ദുരിതമോ പുനരധിവാസമോ അല്ല.
ഈ പദ്ധതിയിൽ കോൺഗ്രസ് ഭരിക്കുന്ന കർണാടക സർക്കാർ നൽകിയത് 100 വീടുകൾക്കുള്ള പണമാണ്.അതിന് മുൻകൈ എടുത്തത് ബഹു. രാഹുൽജി ആയിരുന്നു. വയനാടിനു വേണ്ടി മാത്രം പിരിച്ച കോടിക്കണക്കിനു രൂപ കൈയിൽ ഉണ്ടായിട്ടും സർക്കാർ അവഗണിച്ച അവിടെയുള്ള വ്യാപാരികൾക്ക് 5 ലക്ഷം രൂപ വീതമാണ് പ്രിയങ്കാജിയുടെ നേതൃത്വത്തിൽ നൽകിയത്. പക്ഷെ ഇവിടെയുള്ള കോൺഗ്രസ്‌കാർ അത് ആഘോഷിച്ചോ? മുസ്ലിം ലീഗ് എത്ര വീട് നൽകി.. കോൺഗ്രസ് എത്ര എത്ര വീടുകൾ നിർമിക്കാൻ പോകുന്നു... കാരണം രാഷ്ട്രീയത്തിനപ്പുറം സേവനമാണ് ഞങ്ങൾക്ക് വലുത്.
"കല്ലിട്ട് പോകലല്ല പണിയെന്ന് " മേനി പറഞ്ഞ ബഹു.റവന്യൂ മന്ത്രി, ജനങ്ങളിൽ നിന്നും പിരിച്ച 760 കോടി രൂപ കൊണ്ട് രണ്ടുകൊല്ലം കാത്തിരുന്നു. ദുരിതബാധിതർ ഉൾപ്പെടെ ജനം നിരവധി തവണ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും നടത്തേണ്ടി വന്നു പുനരധിവാസ പദ്ധതി ആരംഭിക്കാൻ. എത്ര തവണ സമരം ചെയ്തു വാടക വീടിന്റെ കുടിശ്ശിക ലഭിക്കാൻ? എത്ര തവണ പ്രതിഷേധമുയർത്തി സൗജന്യ ഭക്ഷണം കിട്ടാൻ...
അതുമാത്രമല്ല കല്ലിട്ട് പോകാത്ത റവന്യൂ മന്ത്രിയുടെ പാർട്ടി എത്ര രൂപ ഈ ഫണ്ടിലേക്ക് നൽകി?
ഞങ്ങൾക്ക് രാഷ്ട്രീയം സേവനമാണ്. രാഷ്ട്രീയ എതിരാളികൾ ആണെന്ന് കരുതി ഒരാളെയും അവഗണിക്കാറില്ല,ആക്രമിക്കാറില്ല, പകപോക്കാറില്ല... പെൻഷൻ കൊടുക്കേണ്ടത്, ശമ്പളം കൊടുക്കേണ്ടത്, സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കേണ്ടത് ഭരണകർത്താക്കളുടെ കടമയാണെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങൾ..
അത് വാങ്ങുന്നവരോട് " വാങ്ങി നക്കിയിട്ട് വോട്ട് തിരിച്ചു കുത്തിയില്ലേ" എന്ന് ഞങ്ങൾ പറയാറില്ല..
അവരുടെ വിവരങ്ങൾ ചോർത്തി, കൊടുത്ത കാശിന് മേനി നടിച്ച് മെസ്സേജ് അയക്കാറില്ല , കാരണം അതൊന്നും ഔദാര്യമല്ല അവരുടെ അവകാശമാണ്. സർക്കാരിന്റെ ബാധ്യതയാണ് എന്ന് ചിന്തിക്കുന്നവരാണ് യുഡിഎഫുകാർ'












Click it and Unblock the Notifications