ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ്; സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: മുൻ മന്ത്രി ആന്റണി രാജുവിനെതിരായ തോണ്ടി മുതൽ കേസിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. കേസിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ വൈകുന്നതിനെതിരെയാണ് കോടതി വിമർശനം ഉന്നയിച്ചത്. സംസ്ഥാന സർക്കാർ പ്രതിയുമായി കൈകോർക്കുകയാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ജസ്‌റ്റിസ് സിടി രവികുമാർ, രാജേഷ് ബിൻഡൽ എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
എല്ലാ വസ്‌തുതകളും വ്യക്തമാണെന്നിരിക്കെ കേരളത്തിന് ഇനി എന്ത് മറുപടിയാണ് നൽകാനുള്ളതെന്നും കോടതി ചോദിച്ചു. സത്യവാങ്മൂലം നൽകാൻ കേരളത്തിന് കോടതി കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. നേരത്തെ ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ് പുനരന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്‌ത് ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹർജി പരിഗണിക്കവെയാണ് കോടതി കടുത്ത ഭാഷയിൽ വിമർശിച്ചത്.

കേസ് പരിഗണിക്കുന്നതിനിടെ നിങ്ങൾ കുറ്റാരോപിതനുമായി കൈ കോർക്കുകയാണോ എന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ചെത്തിയ സ്‌റ്റാൻഡിങ് കൗൺസലിനോട് ചോദിക്കുകയായിരുന്നു. ഇക്കാരണത്താലാണോ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ വൈകുന്നതെന്നും കോടതി ആരാഞ്ഞു.
എന്താണ് സംസ്ഥാന സർക്കാരിന് മുന്നിലുള്ള തടസമെന്ന് ചോദിച്ച സുപ്രീം കോടതി, കേസിൽ എത്രയും വേഗം എതിർ സത്യവാങ്മൂലം സമർപ്പിക്കാനും നിർദ്ദേശിച്ചു. ഇത് വളരെ പ്രധാനപ്പെട്ട കേസാണെന്നും, ജനങ്ങൾക്ക് ഇത്തരം സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്‌ടപ്പെടാൻ ഇതുപോലുള്ള നടപടികൾ കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വിദേശി ഉൾപ്പെട്ട ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മജിസ്ട്രേറ്റ് കോടതിയിൽ മാറ്റി നൽകി തെളിവ് നശിപ്പിച്ചെന്നാണ് ആൻറണി രാജുവിനെതിരായ കേസ്. 1990 ഏപ്രിൽ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്ന് കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ രക്ഷപ്പെടുത്താനാണ് ഈ തലൈവ മാറ്റിയതെന്നാണ് ആരോപണം.
ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു കേസിൽ ഒന്നും രണ്ടും പ്രതികൾ. കഴിഞ്ഞ നവംബറിൽ നിർദ്ദേശം നൽകിയിട്ടും കേരളം ഇതുവരെ മറുപടി നൽകാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.
പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന് എതിരെയാണ് ആന്റണി രാജു സുപ്രീം കോടതിയില്‍ അപ്പീല്‍ നൽകിയത്. ഇതിലാണ് കോടതിയുടെ വിമർശനം സംസ്ഥാന സർക്കാരിന് കേൾക്കേണ്ടി വന്നത്. അടുത്തിടെ മുന്നണി ധാരണ പ്രകാരം മന്ത്രി സ്ഥാനം ഒഴിഞ്ഞ ആന്റണി രാജുവിനും കേസ് നിർണായകമാണ്. കെബി ഗണേഷ് കുമാറാണ് ആന്റണി രാജുവിന് പകരം ഗതാഗത വകുപ്പിന്റെ ചുമതല ഏറ്റെടുത്തത്.












Click it and Unblock the Notifications