ദേവന് നേദിക്കുന്നതിന് മുമ്പ് വള്ളസദ്യ മന്ത്രിക്ക് വിളമ്പിയത് ആചാരലംഘനം; പരിഹാരക്രിയ നിര്‍ദേശിച്ച് തന്ത്രി
പത്തനംതിട്ട: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം നടന്നതായി തന്ത്രി. ദേവന് നേദിക്കുന്നതിന് മുന്‍പ് മന്ത്രിക്ക് സദ്യ നേദിച്ചത് ആചാരലംഘനമാണ് എന്നും അതിന് പരിഹാര ക്രിയ ചെയ്യണം എന്നുമാണ് തന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡിന് തന്ത്രി നല്‍കുകയും ചെയ്തിട്ടുണ്ട്. തന്ത്രി തെക്കേടത്തു കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടാണ് കത്ത് നല്‍കിയിരിക്കുന്നത്.
സെപ്റ്റംബര്‍ 14 നായിരുന്നു അഷ്ടമിരോഹിണി വള്ളസദ്യ നടന്നത്. പ്രസ്തുത പരിപാടിയില്‍ മന്ത്രിമാരായ വിഎന്‍ വാസവന്‍, പി. പ്രസാദ് എന്നിവര്‍ പങ്കെടുത്തിരുന്നു. വാസവനായിരുന്നു ഉദ്ഘാടകന്‍. ദേവന് നേദിക്കുന്നതിന് മുന്‍പെ മന്ത്രിക്ക് സദ്യ വിളമ്പിയത് ആചാര ലംഘനമാണ് എന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ മന്ത്രിക്കും മറ്റു വിശിഷ്ട വ്യക്തികള്‍ക്കും തിരക്കുണ്ടായിരുന്നതിനാലാണ് ആദ്യം സദ്യ വിളമ്പിയത് എന്നായിരുന്നു അഷ്ടമിരോഹിണി വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘത്തിന്റെ വിശദീകരണം.

ഇതിന് പിന്നാലെയാണ് തന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പള്ളിയോട സേവാ സംഘത്തിലെ മുഴുവന്‍ പേരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ഭരണ ചുമതലയിലുള്ള ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറും ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ഉള്‍പ്പെടെ ദേവന് മുന്നില്‍ ഉരുളിവെച്ച് എണ്ണപ്പണം സമര്‍പ്പിക്കണം എന്നാണ് പരിഹാരക്രിയ എന്നോണം തന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.
അഷ്ടമിരോഹിണി വള്ളസദ്യ പൂര്‍ണമായും ആചാരവിരുദ്ധമായാണ് നടന്നിട്ടുള്ളതെന്നും അത് ഗുരുതരമായ ആചാരലംഘനമാണെന്നും തന്ത്രിയുടെ കത്തില്‍ പറയുന്നു. ചെയ്യാന്‍ പാടില്ലാത്തതു ചെയ്താല്‍ പ്രായശ്ചിത്തം വേണം എന്നും അദ്ദേഹം കത്തില്‍ പറഞ്ഞു. പിഴവുകള്‍ ഉണ്ടാകാതിരിക്കാനുള്ള വ്യവസ്ഥയും ഉണ്ടാവണം എന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.
'11 പറ അരിയുടെ സദ്യ വയ്ക്കണം. തിടപ്പള്ളിയില്‍ ഒരു പറ അരിയുടെ നേദ്യവും നാലു കറിയും പാകം ചെയ്യണം. സദ്യ ദേവന് സമര്‍പ്പിച്ച ശേഷം എല്ലാവര്‍ക്കും വിളമ്പണം. എല്ലാവരും പ്രായശ്ചിത്ത പ്രാര്‍ഥനയോടെ അത് കഴിക്കണം. അതിനു ശേഷം ബന്ധപ്പെട്ടവരെല്ലാം നടയ്ക്കല്‍ ചെന്ന് ഇനി ഇത്തരം പിഴവുണ്ടാവില്ലെന്നും വള്ളസദ്യ ആചാരപരമായിത്തന്നെ നടത്താമെന്നും സത്യം ചെയ്യണം. പ്രായശ്ചിത്ത ക്രിയകളെല്ലാം പരസ്യമായിത്തന്നെ വേണം,' എന്നാണ് കത്തിലെ മറ്റ് നിര്‍ദേശങ്ങള്‍.
കഴിഞ്ഞ അഷ്ടമി രോഹിണി ദേവന്‍ സ്വീകരിച്ചിട്ടില്ല എന്നും അതിനാല്‍ പരിഹാരക്രിയകള്‍ ചെയ്യണം എന്നുമാണ് തന്ത്രിയുടെ നിര്‍ദേശം. ഉച്ചപൂജയ്ക്ക് പിന്നാലെ ഭഗവാന് നിവേദിച്ച ശേഷം അഷ്ടമി രോഹിണി വള്ളസദ്യ വിളമ്പുന്നതാണ് ആചാരം.












Click it and Unblock the Notifications