ലോക്സഭയിലേക്ക് മത്സരിക്കാന്‍ പേടി? അതൃപ്തിയില്‍ താരിഖ് അന്‍വർ, ശശി തരൂരിനും മറുപടി
തിരുവനന്തപുരം: 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന കേരളത്തിലെ എംപിമാരുടെ നിലപാടില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. ആരൊക്കെ മത്സരിക്കണം, പിന്മാറണം എന്ന് തീരുമാനിക്കുന്നത് പാർട്ടി ഹൈക്കമാന്റാണെന്നാണ് കേരളത്തിലെത്തിയ എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വർ വ്യക്തമാക്കിയത്. സ്ഥാനാർത്ഥിത്വം തീരുമാനിക്കാന്‍ നടപടിക്രമമുണ്ടെന്ന് വ്യക്തമാക്കിയ താരീഖ് അന്‍വർ ശശി തരൂരിനെതിരേയും രംഗത്ത് വന്നു. തരൂർ അഭിപ്രായം പറയേണ്ടത് ഹൈ കമാന്‍റിനോടാണ്. ആർക്കും പദവികൾ ആഗ്രഹിക്കാം. പക്ഷെ പാർട്ടി നടപടി പാലിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി ആകാൻ തയ്യാർ എന്ന പ്രതികരണത്തേയും എ ഐ സി സി ജനറല്‍ സെക്രട്ടറി വിമർശിച്ചു. കെ പി സി സി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരന്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ.സുധാകരൻ സജീവമല്ലെന്ന വിമർശനങ്ങൾ ഉയർത്തിക്കാട്ടി ഒരു വിഭാഗം നേരത്തെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ തല്‍ക്കാലം സുധാകരന്‍ തന്നെ തുടരട്ടേയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.

അതിനിടെ ശശി തരൂർ എംപിക്കെതിരെ വിമർശനം ഉന്നയിച്ചുകൊണ്ട് യു ഡി എഫ് കണ്‍വീനർ അധ്യക്ഷന്‍ എം എം ഹസനും രംഗത്ത് വന്നു. നിയമസഭയിലേക്ക് മത്സരിക്കാനാണ് താല്‍പര്യമെങ്കില്‍ തരൂര്‍ അത് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കണമെന്നും അല്ലാതെ പത്രക്കാരോടല്ല പറയേണ്ടതെന്നുമാണ് മുന്‍ കെ പി സി സി അധ്യക്ഷന്‍ കൂടിയായ ഹസന്‍ വ്യക്തമാക്കിയത്. സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശശി തരൂർ, രാജ്മോഹൻ ഉണ്ണിത്താൻ, ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ് തുടങ്ങിയ നിരവധി കോണ്‍ഗ്രസ് എംപിമാരാണ് ലോക്സഭയിലേക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന തോല്‍വി ഭയവും, നിയമസഭയില്‍ മത്സരിച്ച് സര്‍ക്കാരിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയിലുമാണ് നേതാക്കള്‍. മുഖ്യമന്ത്രി മോഹം പരസ്യമായി വ്യക്തമാക്കിയ തരൂർ കേരളത്തില്‍ സജീവമാകണമെന്ന് എല്ലാവരും ആവശ്യപ്പെടുമ്പോള്‍ എങ്ങനെ പറ്റില്ലെന്ന് പറയുമെന്നാണ് തരൂര്‍ ചോദിക്കുന്നത്.
എം കെ രാഘവന്‍ എംപി ഉള്‍പ്പെടേയുള്ളവരും പാര്‍ലമെന്‍റില്‍ മത്സരിക്കാതെ നിയമസഭയിലേക്ക് ഇറങ്ങുമെന്നും സൂചനയുണ്ട്. എന്നാല്‍ വടകര ലോക്‌സഭ മണ്ഡലത്തില്‍ വീണ്ടും സ്ഥാനാർഥിയാവാന്‍ താല്‍പര്യമുണ്ടെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. തന്‍റെ താൽപര്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു












Click it and Unblock the Notifications