'കൗമാരക്കാരെ ഒരുമിച്ച് ഇരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗം, സ്വവർഗരതി'; രണ്ടത്താണി, വിവാദം
കണ്ണൂർ: കൗമാരകാലത്ത് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒന്നിച്ചിരുത്തി പഠിപ്പുക്കുന്നതിനെതിരെ വിവാദ പ്രസ്താവനയുമായി ലീഗ് നേതാവ് അബ്ദുറഹിമാൻ രണ്ടത്താണ. കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിച്ചാൽ നാടിന്റെ സംസ്കാരം എങ്ങോട്ട് പോകുമെന്നായിരുന്നു രണ്ടത്താണിയുടെ ചോദ്യം. കണ്ണൂരിൽ യു ഡി എഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു രണ്ടത്താണിയുടെ വിവാദ പ്രസംഗം. ലൈംഗിക വിദ്യാഭ്യാസം അടിച്ചേൽപ്പിക്കേണ്ടതില്ലെന്നും രണ്ടത്താണി പറഞ്ഞു. മുൻ എം എൽ എ പറഞ്ഞത്-

'വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾക്ക് വലിയ പ്രാധാന്യമുണ്ട്. അവർ വലിയ വളർച്ച നേടിയിട്ടുണ്ട്. അതൊന്നും ഒരുമിച്ചിരുത്തിയിട്ടില്ല,
കൗമാര പ്രായത്തിൽ ആൺകുട്ടികളേയും പെൺകുട്ടികളേയും ഒരുമിച്ച് ഇരുത്തിയാൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകുമത്രേ. എന്നിട്ടോ പഠിപ്പിക്കുന്ന വിഷയങ്ങളാണ് അറിയേണ്ടത് സ്വയം ഭോഗവും സ്വവർഗ രതിയും. അതല്ലേ ഹരം. ഈ കൗമാരപ്രായത്തിലെത്തിയ കുട്ടികളെ ഒരുമിച്ചിരുത്തിയിട്ട് ഇത് പഠിപ്പിച്ച് കൊടുത്താൽ എങ്ങനെയുണ്ടാകും. എന്താകും നാടിന്റെ സംസ്കാരം.ആ നാടിന്റെ സംസ്കാരം എവിടേക്ക് എത്തും?

ഇവർക്കാവശ്യം എന്താണ്, ധാർമ്മികമായ വിശ്വാസപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടരുത്. സ്ത്രീക്കും പുരുഷനും ഭരണഘടന സമത്വം കൊടുക്കാൻ ഭരണഘടന പറഞ്ഞിട്ടുണ്ട്. അത് മാത്രമല്ല ഭരണഘടന പറഞ്ഞത്. ഓരോ വ്യക്തിയുടെയും മതപരമായ വിശ്വാസം സംരക്ഷിക്കാനും ഭരണഘടന പറയുന്നുണ്ട്. ഈ രീതിയിലൊക്കെ പഠിപ്പിച്ചാൽ ശരിയാകുമെന്ന് ആരാണ് പറഞ്ഞത്? കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രം ഇതൊക്കെ പറഞ്ഞിട്ടുണ്ട്.

കുട്ടികൾ വിവാഹ ശേഷം ഉണ്ടാകുന്നതോ അല്ലയോ എന്ന് നോക്കാതെ സമൂഹം അവരെ കാത്ത് സംരക്ഷിക്കണം, അങ്ങനെ താൻ സ്നേഹിക്കുന്ന പുരുഷനുമായി സ്വതന്ത്രമായ ലൈഗംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പെൺകുട്ടികൾക്ക് തടസമായി നിൽക്കുന്ന ഭവിഷ്യത്തുകളെ ഇല്ലായ്മ ചെയ്യണം, വേറെ എന്തൊക്കെയാണെന്ന് പിടിത്തം കിട്ടീട്ടുണ്ടാകുമല്ലോ, ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സൈദ്ധാന്തിക വീക്ഷണമാണ്. ആ വീക്ഷണമാണ് കലാലയങ്ങളിലൂടെ കുട്ടികൾക്ക് നൽകാൻ ഇവർ പരിശ്രമിച്ചത്. പക്ഷേ ഐക്യജനാഥിപത്യമുന്നണി ഇതിനെതിരെ ശക്തമായി നിന്നു', അബ്ദുറഹ്മാൻ രണ്ടത്താണി പ്രസംഗത്തിൽ പറഞ്ഞു.

രണ്ടത്താണിയുടെ പരാമശത്തിനെതിരെ പല കോണുകളിൽ നിന്നും കടുത്ത വിമർശനം ഉയരുന്നുണ്ട്. കേരളം പോലൊരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ച പരാമർശമല്ല അബ്‌ദു റഹ്‌മാൻ രണ്ടത്താണി നടത്തിയിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പറഞ്ഞു. എല്ലാ കാലത്തും മതനിലപാടിന്റേയും ആചാരങ്ങളുടേയെല്ലാം ഭാഗമായി സ്ത്രീകൾ എന്നത് മാറ്റി നിർത്തപെടേണ്ടവരാണെന്ന് കുഞ്ഞുനാൾ മുതൽ കുട്ടികളെ പഠിപ്പിക്കാനുള്ള ശ്രമം ഉണ്ടാകാറുണ്ട്. എന്നാൽ നവോത്ഥാന പ്രക്രിയയിലൂടെ മുന്നോട്ട് പോകുന്ന സമൂഹം എന്ന നിലയിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് ഇരുന്ന് പഠിച്ചുവെന്നത് കൊണ്ട് മറ്റെന്തെങ്കിലും സംഭവിക്കുമോയെന്ന കാഴ്ചപ്പാടിനെ ആശങ്കയായിട്ടല്ല, വികലമായ കാഴ്ചപ്പാടായി മാത്രമേ കാണാൻ സാധിക്കൂവെന്നും ബിന്ദു കൃഷ്ണ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

അതേസമയം പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. വികലമായ രീതിയിലേക്ക് പാഠ്യ പദ്ധതി പരിഷ്കാരം കൊണ്ടു പോകുന്നതിനെയാണ് എതിർത്തതെന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് രണ്ടത്താണി പ്രതികരിച്ചത്. കുട്ടികളുടെ വസ്ത്രധാരണത്തിലടക്കം മതപരമായ കാര്യങ്ങൾ സംരക്ഷിക്കണം. കൗമാര കാലത്ത് അപകടകരമായ കാര്യങ്ങളിലേക്ക് പോകുന്നത് ശരിയല്ല. സർക്കാർ നീക്കത്തിൽ സൈദ്ധാന്തിക അജണ്ട ഉണ്ടോയെന്ന് സംശയിക്കുന്നുവെന്നും ലൈഗിംക വിദ്യാഭ്യാസം അടിച്ചേൽപ്പിക്കേണ്ടതല്ലെന്നും രണ്ടത്താണി പറഞ്ഞു.


Click it and Unblock the Notifications