'സിപിഎം-ബിജെപി ധാരണ ഇല്ലായിരുന്നെങ്കിൽ മട്ടന്നൂരിൽ കഥ മാറിയേനെ', സീറ്റ് നേട്ടം ആഘോഷിച്ച് യുഡിഎഫ്
മട്ടന്നൂര്‍: നഗരസഭാ തിരഞ്ഞെടുപ്പ് വിജയിക്കാനായില്ലെങ്കിലും മട്ടന്നൂരില്‍ ഇത്തവണ കരുത്ത് കാട്ടിയിരിക്കുകയാണ് യുഡിഎഫ്. എല്‍ഡിഎഫിന്റെ 8 സീറ്റുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ സീറ്റ് നേട്ടം ഇരട്ടി. എല്‍ഡിഎഫിന്റെ കോട്ടയിലെ ഈ മുന്നേറ്റം യുഡിഎഫ് കേന്ദ്രങ്ങള്‍ ആഘോഷമാക്കിയിരിക്കുകയാണ്. സീറ്റ് നേട്ടം ഉയർന്നതിൽ സിപിഎം പ്രവർത്തകർക്ക് കൂടി പങ്കുണ്ടെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രതികരണം. യുഡിഎഫ് പിടിച്ചെടുത്ത സീറ്റുകൾ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണ് എന്നും സുധാകരൻ പ്രതികരിച്ചു.
കെ സുധാകരന്റെ പ്രതികരണം: ' കൈയ്യും മെയ്യും മറന്ന് പൊരുതി മട്ടന്നൂരിൽ സീറ്റ് ഇരട്ടിയാക്കി വർദ്ധിപ്പിച്ച എൻ്റെ പ്രിയപ്പെട്ട UDF പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ. കേരളത്തിൻ്റെ മാറുന്ന രാഷ്ട്രീയമാണ് ചെങ്കോട്ടയെന്ന് CPM അവകാശപ്പെടുന്ന മട്ടന്നൂരിൽ കണ്ടത്. ഇരുൾ നിറഞ്ഞ പാർട്ടി ഗ്രാമങ്ങളിൽ ജനാധിപത്യത്തിൻ്റെ വെള്ളിവെളിച്ചം അരിച്ചു കേറുന്നു. ഭരണം നിലനിർത്താൻ CPM ന് കഴിഞ്ഞെങ്കിലും അഴിമതിക്കാരനും കള്ളക്കടത്തുകാരനുമായ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണ് അവരിൽ നിന്നും UDF പിടിച്ചെടുത്ത 7 സീറ്റുകൾ.

കേരളത്തെ ഇന്ത്യയുടെ ''കോവിഡ് ഹബ്ബ് " ആക്കി നാണംകെടുത്തിയ കെ കെ ഷൈലജ പോലും വൻ ഭൂരിപക്ഷത്തിൽ ജയിച്ച മട്ടന്നൂരിലെ UDF ൻ്റെ മിന്നുന്ന പ്രകടനത്തിൽ പിണറായിയുടെ ധാർഷ്ട്യത്തിലും അഴിമതിയിലും മനം മടുത്ത CPM പ്രവർത്തകർക്ക് കൂടി പങ്കുണ്ട്. സ്വന്തം മനസ്സാക്ഷിയുടെ വിലയേറിയ അംഗീകാരം UDF ന് രേഖപ്പെടുത്തിയ പ്രബുദ്ധ ജനതയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി'.
എല്ലാവരും മാറ്റം ആഗ്രഹിക്കുന്നതിന്റെ തുടക്കമാണ് മട്ടന്നൂരിൽ കണ്ടതെന്ന് വിഡി സതീശൻ പ്രതികരിച്ചു: ' അധികാരത്തിന്റെ ഹുങ്കില്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യവും സ്വജനപക്ഷപാതവും ജനം തിരിച്ചറിഞ്ഞ് തുടങ്ങി. എല്ലാവരും മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിന്റെ തുടക്കമാണ് സി.പി.എമ്മുകാര്‍ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂരില്‍ കണ്ടത്. ഏത് കോട്ടയും പൊളിയും. മട്ടന്നൂരില്‍ എല്‍.ഡി.എഫിന് മൃഗീയ ആധിപത്യമുള്ള 8 സീറ്റുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിന്റെ സീറ്റ് ഇരട്ടിയായി. ഒരു വാര്‍ഡ് നാല് വോട്ടിനാണ് പരാജയപ്പെട്ടത്. നാല് സീറ്റുകള്‍ കൂടി നേടിയിരുന്നെങ്കില്‍ യു.ഡി.എഫ് നഗരസഭ ഭരിക്കുമായിരുന്നു.
ചില സീറ്റുകളിൽ സി.പി.എം-ബി.ജെ.പി ധാരണയും എസ്.ഡി.പി.ഐ സഹായവും ഇല്ലായിരുന്നുവെങ്കിൽ മട്ടന്നൂരിൽ കഥ മാറിയേനെ. കേരളത്തിലെ യു.ഡി.എഫ് സുസജ്ജമാണെന്നതിന്റെ തെളിവ് കൂടിയാണ് മട്ടന്നൂര്‍. മികച്ച ആസൂത്രണവും ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും ഏകോപിപ്പിച്ച കണ്ണൂരിലെ യു.ഡി.എഫ് നേതാക്കളെ അഭിനന്ദിക്കുന്നു. ശക്തമായ രാഷ്ട്രീയ മത്സരത്തിലൂടെ സീറ്റ് ഇരട്ടിയാക്കിയ യു.ഡി.എഫ് പോരാളികളെയും മട്ടന്നൂരിലെ ജനാധിപത്യ വിശ്വാസികളെയും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നു. ഹൃദയാഭിവാദ്യങ്ങള്‍....'












Click it and Unblock the Notifications