'ടിപി ചന്ദ്രശേഖരനെ കൊല്ലാൻ കാരണം ഊരാളുങ്കൽ പിടിച്ചടക്കുമോ എന്ന ഭയം..'; ആരോപണവുമായി കെഎം ഷാജി
എറണാകുളം: ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരൻ വധത്തിൽ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ കെഎം ഷാജി. ഊരാളുങ്കൽ സൊസൈറ്റി പിടിച്ചെടുക്കുമോ എന്ന ഭയമാണ് ടിപി കൊല്ലപ്പെടാൻ കാരണമെന്നാണ് കെഎം ഷാജിയുടെ ആരോപണം. എറണാകുളം മൂവാറ്റുപുഴയിൽ യുഡിഎഫ് സംഘടിപ്പിച്ച കുറ്റവിചാരണ സദസ്സിലായിരുന്നു ഷാജിയുടെ ഈ വെളിപ്പെടുത്തൽ.
ടിപി ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ഊരാളുങ്കൽ സൊസൈറ്റി പിടിച്ചെടുത്താൽ കേരളത്തിലെ സിപിഎം നേതാക്കളുടെ കള്ളപ്പണ സ്രോതസ്സ് പുറത്തുവരുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനിൽ നിന്ന് അന്വേഷണം മുകളിലേക്ക് പോയിരുന്നെങ്കിൽ മുഖ്യമന്ത്രിയടക്കം മറുപടി പറയേണ്ടി വരുമായിരുന്നുവെന്നും ഷാജി ചൂണ്ടിക്കാട്ടി.

അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കേസന്വേഷണം പി മോഹനനിൽ നിർത്താൻ ചില കളികളിലൂടെ സിപിഎമ്മിന് സാധിച്ചുവെന്നും കെഎം ഷാജി ആരോപിച്ചു. ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് സിപിഎം നേതാക്കൾ അദ്ദേഹവുമായി ചർച്ച നടത്തിയത് ഊരാളുങ്കൽ സൊസൈറ്റിയിൽ നിന്നു പിന്മാറണമെന്ന് ആവശ്യപ്പെടാനായിരുന്നുവെന്നും ഷാജി ആരോപിക്കുന്നു.
ഈ വെളിപ്പെടുത്തലിലൂടെ തനിക്ക് എന്തു സംഭവിക്കുമെന്നുള്ള നല്ല ബോധ്യമുണ്ടെന്നും, ഊരാളുങ്കൽ ഒരു ചെറിയ മീനല്ലെന്നും കെഎം ഷാജി കൂട്ടിച്ചേർത്തു. 2012 മെയ് 4നാണ് സിപിഎം വിട്ട് ആർഎംപിയിലെത്തിയ ടിപി ചന്ദ്രശേഖരനെ വടകരയ്ക്ക് അടുത്ത് വള്ളിക്കാട് വെച്ച് കാറിൽ പിന്തുടർന്നെത്തിയ സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.
കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു സംഭവമില്ല എന്ന് വേണം പറയാൻ.വലിയ വിവാദങ്ങൾക്കാണ് ഈ കൊലപാതകം വഴിയൊരുക്കിയത്. സിപിഎം ആണ് കൊലപാതകത്തിന് പിന്നിലെന്ന് ആർഎംപി ഉൾപ്പെടെ ആരോപിച്ചതോടെ കേസ് മറ്റൊരു തലത്തിലേക്ക് മാറുകയായിരുന്നു.
2009ലാണ് ടിപി ചന്ദ്രശേഖരൻ സിപിഎം വിട്ട് ആർഎംപി എന്ന പുതിയ പാർട്ടി രൂപീകരിച്ചത്. 2009ലെ പൊതു തിരഞ്ഞെടുപ്പിൽ സിപിഎം വിമതരുടെ കൂട്ടായ്‌മയായ 'ഇടതുപക്ഷ ഏകോപന സമിതി'യ്ക്കുവേണ്ടി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ടിപി ഇരുപതിനായിരത്തിൽ അധികം വോട്ടുകൾ നേടി എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയത്തിലേക്ക് നയിച്ചു. പിന്നീട് ഇങ്ങോട്ട് ഒരിക്കലും വടകര ലോക്‌സഭാ മണ്ഡലം എൽഡിഎഫിനോട് ചേർന്ന് നിന്നില്ല എന്നതാണ് കൗതുകകരമായ വസ്‌തുത.












Click it and Unblock the Notifications