തീയറ്റർ പ്രതിസന്ധി; സിനിമാ ടിക്കറ്റിൻമേലുള്ള വിനോദ നികുതി ഒഴിവാക്കി സർക്കാർ
തിരുവനന്തപുരം; ഡിസംബർ 31 വരെ സിനിമാ ടിക്കറ്റിൻ മേലുള്ള വിനോദ നികുതി സർക്കാർ ഒഴിവാക്കി. സിനിമാ മേഖല നേരിടുന്ന പ്രശ്‌നങ്ങളിൽ അനുഭാവപൂർണമായി നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. 2021 ഏപ്രിൽ 1 മുതൽ ഡിസംബർ 31 വരെയുള്ള നികുതിയിലും തിയേറ്ററുകൾ അടഞ്ഞു കിടന്ന കാലത്തെ വൈദ്യുതി ഫിക്‌സഡ് ചാർജിലും ഇളവുകൾ നൽകാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല യോഗം തീരുമാനിച്ചു.

ഡിസംബർ 31 വരെയുള്ള ഫിക്‌സഡ് ചാർജിൽ 50 ശതമാനം ഇളവ് നൽകും. ബാക്കി തുക 6 തവണകളായി അടക്കുവാനും അവസരം നൽകും. കോവിഡ് കാരണം തിയേറ്ററുകൾ അടഞ്ഞുകിടന്ന കാലയളവിലെ കെട്ടിടനികുതി പൂർണമായും ഒഴിവാക്കും. ഇതിനായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അപേക്ഷ നൽകണം. ഒരു ഡോസ് വാക്‌സിനേഷൻ എടുത്തവരെയും തിയേറ്ററുകളിൽ പ്രവേശിപ്പിക്കുവാൻ തീരുമാനമായിട്ടുണ്ട്. എന്നാൽ 50 ശതമാനം സീറ്റിങ് കപ്പാസിറ്റി എന്ന നിബന്ധന ആദ്യഘട്ടത്തിൽ തുടരും. ഇക്കാര്യത്തിൽ ഇളവുകൾ അനുവദിക്കുന്ന കാര്യം അടുത്തഘട്ടത്തിൽ ആലോചിച്ചു തീരുമാനം കൈക്കൊള്ളാനും യോഗം തീരുമാനിച്ചു.
നേരത്തേ രണ്ട് ഡോസ് കൊവിഡ് വാക്സിനെടുത്തവർക്കായിരുന്നു തീയറ്റിൽ പ്രവേശിക്കാൻ അനുമതി.എന്നാൽ ഈ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ ചലച്ചിത്ര സംഘടനകൾ സർക്കാരിനെ സമീപിച്ചിരുന്നു.അതേസമയം ശാരീരിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കാൻ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ധനകാര്യസ്ഥാപനങ്ങളിൽ തിയേറ്റർ ഉടമകൾക്കും സിനിമാ സംരഭകർക്കുമുള്ള ലോൺ കടബാധ്യതകൾ തിരിച്ചടക്കുവാൻ മൊറട്ടോറിയം വേണമെന്ന ആവശ്യം ചർച്ച ചെയ്യാൻ സംസ്ഥാനതല ബാങ്കിങ് സമിതി യോഗം വിളിച്ചു ചേർക്കും. സിനിമാ ഷൂട്ടിങ്ങുകൾക്ക് നിലവിലെ പൊതുമാനദണ്ഡങ്ങൾ പാലിക്കണം. സിനിമാ തിയേറ്ററുകൾ തുറക്കുന്നതിനുള്ള പ്രാരംഭ ചെലവുകൾക്കായി തിയേറ്ററുകൾക്ക് പ്രത്യേക ധനസഹായ പാക്കേജ് നൽകുന്ന കാര്യം പരിശോധിച്ച് തീരുമാനമെടുക്കാൻ ധനകാര്യവകുപ്പിനോട് യോഗം ആവശ്യപ്പെട്ടു.
സാധാരണ തിയേറ്ററുകളിൽ സ്‌ക്രീൻ വിഭജിക്കുമ്പോൾ അധിക വൈദ്യുതി താരിഫ് വരുന്നു എന്ന വിഷയം പഠിച്ചു തീരുമാനം അറിയിക്കാൻ വൈദ്യതി വകുപ്പിനെ യോഗം ചുമതലപ്പെടുത്തി.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ, ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ, തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ, ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്, വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications