ചെന്നിത്തല, മുല്ലപ്പള്ളി, കൊടിക്കുന്നില്‍: നേതൃത്വത്തിനെതിരെ വീണ്ടും പടയൊരുക്കം, ഒന്നും അറിയിച്ചില്ല
എ ഐ സി സി പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ 60 പേർക്കായിരുന്നു കെ പി സി സി അംഗത്വം നല്‍കിയത്.

ദില്ലി: കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ വീണ്ടും കടുത്ത എതിർപ്പുമായി എ, ഐ ഗ്രൂപ്പുകള്‍. റായ്പൂരില്‍ നടക്കുന്ന എ ഐ സി സി പ്ലീനറി സമ്മേളന പ്രതിനിധികളേയും പി സി സി അംഗങ്ങളേയും കൂടിയാലോചനയില്ലാതെ തീരുമാനിച്ചുവെന്നാണ് ഗ്രൂപ്പുകളുടെ ആരോപണം.
കേരളത്തിലെ പാർട്ടി നേതൃത്വത്തില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും പ്ലീനറി ക്ഷണിതാക്കളുടെ പട്ടികയില്‍ പാർട്ടിയില്‍ അതൃപ്തിയുണ്ടെന്നും റായ്പൂരില്‍ വെച്ച് രമേശ് ചെന്നിത്തല തുറന്നടിച്ചു. ഇതിന് പിന്നാലെയാണ് കെ പി സി സി വർക്കിങ് പ്രസിഡന്റായ കൊടുക്കുന്നില്‍ സുരേഷ് തന്നെ നേതൃത്വത്തിനെതിരെ രംഗത്ത് വരുന്നത്.

കൊടിക്കുന്നില്‍ സുരേഷിന്റെ അതൃപ്തി
കെ പി സി സി അംഗങ്ങളെ തീരുമാനിച്ചതിലാണ് കൊടിക്കുന്നില്‍ സുരേഷിന്റെ അതൃപ്തി. മറ്റുള്ളവരുമായി കൂടിയാലോചന നടത്താന്‍ തയ്യാറാവാതെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും സ്വന്തം ഇഷ്ടക്കാരെ കുത്തിനിറച്ചെന്നാണ് വർക്കിങ് പ്രസിഡന്റ് ആരോപിക്കുന്നത്.

നേതൃത്വത്തിനെതിരെ എ ഐ സി സിയിൽ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട് കൊടിക്കുന്നില്‍. ആരോപണങ്ങൾ പരിശോധിക്കുമെന്ന് ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കുന്നു. കെ പി സി സി അംഗങ്ങളെ തീരുമാനിച്ചതിൽ, കൂടിയാലോചനകൾ നടത്തി എന്ന വി ഡി സതീശന്‍റെ പ്രതികരണം എന്തുകൊണ്ടെന്ന് അറിയില്ല. സംവരണം വഴിയാണ് കൂടുതൽ പേരെ ഉൾപെടുത്തിയത് എന്നാണ് പറയുന്നതെന്നും എംപി ചൂണ്ടിക്കാണിക്കുന്നു.

സംവരണം വഴി കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി
സംവരണം വഴി കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയെന്ന അവകാശവാദം പരിശോധിക്കേണ്ടതാണ്. നേതൃത്വത്തിനെതിരെ വ്യാപകമായ പരാതിയാണ് നിലവിലുള്ളത്. വർക്കിങ് പ്രസിഡന്‍റായ താൻ, സമൂഹമാധ്യമങ്ങളിലൂടെയാണ് പുതിയ അംഗങ്ങളെക്കുറിച്ച് അറിഞ്ഞത്. ഇത് ശരിയായ രീതിയല്ല. കെ സുധാകരനും വി ഡി സതീശനുമെതിരെയുള്ള പല പരാതികളെക്കുറിച്ചും കേന്ദ്രനേതൃത്വത്തിന് അറിയാമെന്നും കൊടിക്കുന്നിൽ സുരേഷ് പറയുന്നു.
ഈ ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഒരിക്കലും മുരിങ്ങ കഴിക്കാതിരിക്കില്ല: അറിയാം അത്ഭുത നേട്ടങ്ങള്‍

കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രനും നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു. സഹിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ് പാർട്ടിയില്‍ ഞാന്‍ നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനയെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. ഹൃദയവേദനയോടെയാണ് ഒടുവില്‍ എ ഐ സി സി യുടെ പ്ലീനറി സമ്മേളനത്തിന് പോവേണ്ടെന്ന് തീരുമാനിച്ചതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

കെ പി സി സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷം
രണ്ടുവര്‍ഷം മുന്‍പ് കെ പി സി സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷം ഉത്തരവാദപ്പെട്ടവര്‍ ആരും ബന്ധപ്പെടുകയോ, അഭിപ്രായം തേടുകയോ ചെയ്യാറില്ല. ഇത്തരമൊരു സാഹചര്യത്തില്‍ സമ്മേളനത്തിന് പോവുന്നതില്‍ അര്‍ഥമില്ലെന്ന് തോന്നിയതുകൊണ്ട് സ്വയം മാറിനില്‍ക്കാന്‍ തീരുമാനിച്ചത്. റായ്പുരില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പോവാന്‍ വിമാന ടിക്കറ്റ് വരെ എടുത്തതാണ്. എപ്പോഴാണ് വരികയെന്നോ വരുമല്ലോയെന്നോ അന്വേഷിച്ച് ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ആരും വിളിച്ചില്ലെന്നും മുന്‍ കെ പി സി സി അധ്യക്ഷന്‍ ആരോപിച്ചു.

എ ഐ സി സി പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ 60 പേർക്കായിരുന്നു കെ പി സി സി അംഗത്വം നല്‍കിയത്. പരാതി ഒഴിവാക്കാൻ പട്ടിക പ്രസിദ്ധീകരിക്കാതിരുന്ന കെ പി സി സി നേതൃത്വം അംഗത്വം ലഭിച്ചവരെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. നിലവിൽ ഭാരവാഹികളാണെങ്കിലും കെ.പി.സി.സി അംഗങ്ങൾ അല്ലാത്തവർക്കും മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായിരിക്കെ സെക്രട്ടറിമാരായി പ്രവർത്തിച്ചിരുന്നവരെയുമാണ് അംഗങ്ങളാക്കിയതെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.












Click it and Unblock the Notifications