തിരുവാങ്കുളത്തെ മൂന്ന് വയസുകാരിയുടെ കൊലപാതകം; കുട്ടിയുടെ അമ്മയുടെ അറസ്‌റ്റ് രേഖപ്പെടുത്തി, കുറ്റം സമ്മതിച്ചു
കൊച്ചി: ആലുവ തിരുവാങ്കുളത്ത് കൊല്ലപ്പെട്ട മൂന്ന് വയസുകാരിയായ കല്യാണിയുടെ അമ്മ സന്ധ്യയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതായി പോലീസ്. ഇവര്‍ കുറ്റം സമ്മതിച്ചതായാണ് ആലുവ റൂറല്‍ എസ്‌പി എം ഹേമലത പറഞ്ഞത്. എന്നാൽ ഇവരുടെ മൊഴിയിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. കുട്ടിയുടെ അമ്മ ഇപ്പോഴും മൊഴികള്‍ മാറ്റിപ്പറയുന്ന സാഹചര്യമാണ് ഉള്ളതെന്നാണ് വിവരം.
ഈ സാഹചര്യത്തിൽ ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമേ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാവൂ. മൂന്ന് വയസുകാരിയുടേത് മുങ്ങിമരണമാണ് എന്നതാണ് പ്രാഥമിക നിഗമനം. അമ്മ കുട്ടിയുമായി പുഴയുടെ പരിസരത്തേക്ക് പോകുന്നതും കുട്ടി കൂടെയില്ലാതെ തിരികെ വരുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പെടെ പോലീസിന് ലഭിച്ചിട്ടുണ്ട്.

കുട്ടിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കൊല ചെയ്യാനുള്ള അമ്മ സന്ധ്യയുടെ പ്രേരണ മനസിലായിട്ടില്ലെന്നാണ് റൂറൽ എസ്‌പി ഹേമലത പറയുന്നത്. കൂടുതൽ പ്രതികളുണ്ടോ എന്ന് പരിശോധിക്കണമെന്നും നിലവിൽ സന്ധ്യ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും റൂറൽ എസ്‌പി വ്യക്തമാക്കി.
കേസിൽ അടുത്ത ബന്ധുക്കളുടെ മൊഴിയെടുക്കാനും തീരുമാനമായിട്ടുണ്ട്. മുൻപും കൊലപാതക ശ്രമം നടന്നിട്ടുണ്ടോ എന്നതുൾപ്പടെയാണ് പരിശോധിക്കുക. വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കിയ ശേഷം ഡോക്‌ടർ ആവശ്യപ്പെടുകയാണെങ്കിൽ സന്ധ്യയുടെ മാനസിക നിലയെപ്പറ്റി കുറിച്ച് വിദഗ്‌ധ അഭിപ്രായം തേടുന്നും എസ്‌പി അറിയിച്ചു.
അതിനിടെ ഒരു മാസം മുമ്പ് സന്ധ്യയെ ആശുപത്രിയിൽ കൊണ്ടു പോയിരുന്നുവെന്നും സന്ധ്യക്ക് മാനസിക വളർച്ച കുറവാണെന്ന് ഡോക്‌ടർ പറഞ്ഞിരുന്നതായും യുവതിയുടെ അമ്മ പ്രതികരിച്ചു. വീട്ടിൽ ഇരുവരും തമ്മിൽ ഇടയ്ക്കിടെ വഴക്കുകൾ ഉണ്ടാവാറുണ്ടായിരുന്നു. കുട്ടികൾ സന്ധ്യക്കൊപ്പം വരാറില്ലായിരുന്നുവെന്നും അമ്മ അല്ലി പറഞ്ഞു.
ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് കുഞ്ഞിനെ കാണാതായത്. കല്യാണിയെ അങ്കണവാടിയില്‍ നിന്ന് വിളിച്ചതിന് ശേഷം ഓട്ടോയില്‍ തിരുവാങ്കുളത്തേക്ക് പോയി എന്നായിരുന്നു കുട്ടിയുടെ അമ്മ നൽകിയ മൊഴി. എന്നാൽ എട്ട് മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ കല്യാണിയുടെ മൃതദേഹം ചാലക്കുടിപ്പുഴയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്നു കല്യാണിയുടെ പോസ്‌റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. അച്ഛന്റെ വീട്ടുകാരാണ് കല്യാണിയുടെ മൃതദേഹം ഏറ്റുവാങ്ങിയത്. ഇന്ന് വൈകീട്ടോടെയാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. തിരുവാണിയൂർ പൊതു ശ്‌മശാനത്തിലായിരുന്നു കുഞ്ഞിന്റെ സംസ്‌കാരം നടന്നത്. നിരവധി പേരാണ് അവസാനമായി കുഞ്ഞിനെ ഒരുനോക്ക് കാണാനായി എത്തിയത്.












Click it and Unblock the Notifications