'200 കോടി രൂപ ചെലവു വരും, 24 മാസവുമെടുക്കും', കേന്ദ്രം ഇനിയെങ്കിലും കണ്ണ് തുറക്കുമോയെന്ന് തോമസ് ഐസക്
തിരുവനന്തപുരം: 1 കോടി ഡോസ് കൊവിഡ് വാക്സിൻ വാങ്ങാൻ കേരള സർക്കാർ തീരുമാനിച്ചിരിക്കുകയാണ് എങ്കിലും അവ ലഭിക്കാൻ വൈകും. സംസ്ഥാനത്ത് തന്നെ കൊവിഡ് വാക്സിൻ ഉത്പാദിപ്പിക്കാനുളള സാധ്യതയും കേരളം തേടുന്നുണ്ട്. ഈ നീക്കത്തെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ധനമന്ത്രി ടിഎം തോമസ് ഐസക്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ഒരുകോടി ഡോസ് കൊവിഡ് വാക്സിൻ വാങ്ങുന്നതിനു കരാർ ഉണ്ടാക്കാൻ കാബിനറ്റ് തീരുമാനിച്ചു. ഇതിൽ 30 ലക്ഷം ഡോസ് ഭാരത് ബയോടെകിന്റെ കൊ-വാക്സിനായിരിക്കും. അവർക്ക് ഇത്രയേ തരാൻ കഴിയൂവെന്ന് അറിയിച്ചിട്ടുണ്ട്. അതുതന്നെ ജൂൺ മാസം മുതലേ ലഭ്യമാകൂ. 70 ലക്ഷം ഡോസ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവി-ഷീൽഡാണ്. അവരാണെങ്കിൽ എന്നുമുതൽ തരാൻ കഴിയുമെന്നു പറയാൻ തയ്യാറുമല്ല.

ഏതായാലും കൊവി-ഷീൽഡിന്റെ വില 400 രൂപയിൽ നിന്നും 300 രൂപയായി കുറച്ചിട്ടുണ്ട്. ഇതും കൊള്ളലാഭ വിലയാണ്. ഇതിന്റെ പാതി വിലയാണെങ്കിലും ലാഭമുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുതലാളി തന്നെ പരസ്യമായി സമ്മതിച്ചിട്ടുള്ളതാണ്. ഉൽപ്പാദന ചെലവിനു വിൽക്കണമെന്നാണ് കൊവി-ഷീൽഡിന്റെ പേറ്റന്റ് ഉടമ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് വിലയുടെ തർക്കമൊന്നും പെട്ടെന്നു തീരാൻ പോകുന്നില്ല.
ഇപ്പോഴത്തെ അടിയന്തര വെല്ലുവിളി വാക്സിൻ ലഭ്യമാക്കുക എന്നുള്ളതാണ്. വാക്സിൻ ആവശ്യത്തിന് ഇല്ല എന്നതാണ് മുഖ്യപ്രശ്നം. ഇന്ത്യയിലെ 18 വയസ്സിനു മുകളിലുള്ള മുഴുവൻ പേർക്കും 2022 ജനുവരി ആകുമ്പോൾ വാക്സിനേഷൻ നൽകണമെങ്കിൽ പ്രതിദിനം 68 ലക്ഷം ഡോസ് വേണം. ഇപ്പോൾ ഉൽപ്പാദനം 30 ലക്ഷം ഡോസാണ്. ഒരു വർഷം നമുക്ക് തയ്യാറെടുപ്പുകൾക്ക് ഉണ്ടായിരുന്നു. എന്തായാലും ഇന്ത്യാ സർക്കാർ ചെയ്തത് തങ്ങളുടെ ഇഷ്ടക്കാരായ സിറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെകിനും ഇന്ത്യയിലെ വാക്സിൻ ഉൽപ്പാദനത്തിന്റെ കുത്തക നൽകാനുള്ള ഉപജാപങ്ങൾ നടത്തുകയായിരുന്നു. അതിന്റെ ഫലമാണ് ഇന്നത്തെ പ്രതിസന്ധി.
എന്താണ് പോം വഴി? സ്വന്തമായി വാക്സിൻ ഉൽപ്പാദിപ്പിക്കാനാവുന്ന ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയാണ്. അവയെ പുനരുജ്ജീവിപ്പിക്കണം. വേണ്ടിവന്നാൽ ഇന്ത്യൻ നിയമത്തിലെ Compulsory Licensing വകുപ്പ് ഉപയോഗിച്ച് ഉൽപ്പാദനം ആരംഭിക്കാൻ നടപടി സ്വീകരിക്കണം. ഇതിനു പുറമേ വാക്സിൻ ഉൽപ്പാദിപ്പിക്കാൻ കഴിവില്ലെങ്കിലും ജി.എം.പി നിലവാരത്തിൽ ഇഞ്ചക്ഷൻ പ്ലാന്റുകളുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ വാക്സിൻ കോൺസെൻട്രേറ്റ് ഇറക്കുമതി ചെയ്ത് ഓരോ ഡോസ് ഇഞ്ചക്ഷൻ കുപ്പികളിൽ (vial) നിറച്ച് വാക്സിനേഷൻ കേന്ദ്രങ്ങളിൽ ലഭ്യമാക്കുക. ഇപ്പോഴും അടച്ചുപൂട്ടാത്ത കർണ്ണാടക ബയോടെക്, ഗോവ ബയോടെക് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇതിനു കഴിയും. ആലപ്പുഴയിലെ കെഎസ്ഡിപിയിലും ഇതു സാധിക്കും.
കെഎസ്ഡിപിയിൽ നമ്മൾ ഈ വർഷം നോൺബീറ്റാലാക്ടം ഇഞ്ചക്ഷൻ പ്ലാന്റ് ഉദ്ഘാടനം ചെയ്തതേയുള്ളൂ. ഏറ്റവും ആധുനികമായ ജർമ്മൻ യന്ത്രം ഇതിനായി ഇറക്കുമതി ചെയ്തു. മൊത്തം 50 കോടിയോളം രൂപ ചെലവായിട്ടുണ്ട്. ഇതിൽ ഒരു ലൈനിൽ മിനിറ്റിൽ 300 ആംപ്യൂളുകളും 160 വയലുകളും ഉണ്ടാക്കാനുള്ള കപ്പാസിറ്റിയുണ്ട്. ഇതോടൊപ്പം കൊവിഡ് വാക്സിൻ കോൺസെൻട്രേറ്റുകൾ സൂക്ഷിക്കാനുള്ള -20 മുതൽ -80 ഡിഗ്രി വരെ തണുപ്പുള്ള ഡിഫ്രീസറും 2-8 ഡിഗ്രിയുടെ കോൾഡ് റൂമും മറ്റ് അത്യാവശ്യം യന്ത്രസാമഗ്രികൾകൂടി ഉറപ്പാക്കിയാൽ കൊവിഡ് കോൺസെൻട്രേറ്റിൽ നിന്ന് ഈ ലൈൻ ഉപയോഗപ്പെടുത്തി ഡോസുകൾ നിറയ്ക്കാനാവും. ഇതിനു 10 കോടി രൂപയേ ചെലവുള്ളൂ. കിണഞ്ഞു ശ്രമിച്ചാൽ മൂന്നു മാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാക്കാം. പുതിയ വാക്സിൻ പ്ലാന്റിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കേണ്ടതില്ല. 200 കോടി രൂപ ചെലവു വരും. 24 മാസവുമെടുക്കും.
വ്യവസായ വകുപ്പ് ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചുതുടങ്ങി. കേന്ദ്രസർക്കാർ ഇനിയെങ്കിലും കണ്ണുതുറക്കുമോ? അതോ തങ്ങളുടെ ശിങ്കിടികൾ മാത്രം വാക്സിൻ ഉണ്ടാക്കിയാൽ മതിയെന്ന ഇന്നത്തെ നയം തുടരുമോ?''












Click it and Unblock the Notifications