'കരുണാകരനെ കൊണ്ട് വളർന്നവർക്ക് കരുണാകരന്റെ മക്കളെ വേണ്ട, അടുത്ത ലക്ഷ്യം മുരളീധരൻ'; തുറന്നടിച്ച് പത്മജ
തിരുവനന്തപുരം: തൃശൂരില്‍ നിന്ന് താൻ ജീവനും കൊണ്ട് രക്ഷപ്പെട്ടതാണെന്നും നട്ടും ബോള്‍ട്ടും ഇല്ലാത്ത തൃശൂര്‍ എന്ന വണ്ടിയില്‍ തന്നോട് കയറാന്‍ ആവശ്യപ്പെടുകയായിരുന്നുമുള്ള കെ മുരളീധരന്റെ ആരോപണങ്ങളോട് പ്രതികരിച്ച് സഹോദരിയും ബിജെപി നേതാവുമായ പത്മജ വേണുഗോപാൽ. കോൺഗ്രസിൽ താൻ ആട്ടും തുപ്പും കേട്ടാണ് നിന്നതെന്നും അടുത്ത ഇര മുരളീധരൻ ആയിരിക്കുമെന്നും പത്മജ പ്രതികരിച്ചു.
ഒരുമാസം കൊണ്ട് തന്നെ കെ മുരളീധരന് കാര്യങ്ങൾ മനസിലായെന്നും പത്മജ ചൂണ്ടിക്കാട്ടി. കെ കരുണാകരനെ കൊണ്ട് വളർന്ന പലർക്കും കരുണാകരന്റെ മക്കളെ വേണ്ടെന്നും പത്മജ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആരോപിച്ചു. പത്ത് വർഷത്തോളം താൻ കോൺഗ്രസിൽ ആട്ടും തുപ്പും കേട്ട നിൽക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.

ഞങ്ങളെയൊക്കെ തോൽപ്പിക്കാൻ നിന്നവർക്ക് ഉയർന്ന പദവിയും സമ്മാനങ്ങളും കിട്ടിയെന്നും പത്മജ ആരോപിക്കുന്നു.കരുണാകരന്റെ മക്കളെ പുകച്ചു പുറത്തു ചാടിക്കലാണ് ചിലരുടെ ഉദ്ദേശം. എന്റെ കാര്യത്തിൽ അവർ വിജയിച്ചു. അടുത്ത ലക്ഷ്യം കെ മുരളീധരനാണെന്നും പത്മജ തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ പറയുന്നു.
അതേസമയം, തൃശൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ രൂക്ഷ വിമർശനമാണ് പാർട്ടിക്കെതിരെ കഴിഞ്ഞ ദിവസം കെ മുരളീധരൻ തന്നെ ഉന്നയിച്ചത്. നട്ടും ബോൾട്ടും ഇല്ലാത്ത തൃശൂർ എന്ന വണ്ടിയിൽ കയറാൻ തന്നോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് മുരളീധരൻ ആരോപിച്ചത്. താൻ തൃശൂരിൽ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.
തൃശൂരിൽ ബിജെപിയുടെ വോട്ട് ചേർക്കലിനെ കുറിച്ചും മുരളീധരൻ പരാമർശിച്ചു. അമ്പതിനായിരത്തിൽ അധികം വോട്ടുകൾ ബിജെപി ചേർത്തെങ്കിലും കോൺഗ്രസുകാർ അതൊന്നും അറിഞ്ഞില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. മുതിർന്ന നേതാക്കളെ വേദിയിലിരുത്തി കൊണ്ടായിരുന്നു മുരളീധരന്റെ പരാമർശം എന്നതാണ് ശ്രദ്ധേയം.
നേരത്തെ തന്നെ തൃശൂർ തിരഞ്ഞെടുപ്പ് തോൽവിയിൽ മുരളീധരൻ നേതൃത്വവുമായി കടുത്ത ഭിന്നതയിലാണ്. ഇതിന് പിന്നാലെ താൽക്കാലികമായി പൊതുപ്രവർത്തന രംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണെന്നും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് വട്ടിയൂർക്കാവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കും എന്ന നിലയിലേക്ക് ഇത് തിരുത്തി.
സിറ്റിങ് സീറ്റായിരുന്ന തൃശൂർ നഷ്‌ടമായതിന് പുറമേ ബിജെപി ഇവിടെ ജയിച്ചതാണ് കോൺഗ്രസിനും മുരളീധരനും വലിയ ക്ഷീണമായത്. വൻ ഭൂരിപക്ഷം ഉണ്ടായിരുന്ന പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്‌തിരുന്നു. ഇവിടെ ബിജെപിക്ക് വേണ്ടി ഇറങ്ങിയ സുരേഷ് ഗോപി ഇടത് വലത് മുന്നണികളെ കാഴ്‌ചക്കാരാക്കി ജയം കൊയ്യുകയായിരുന്നു.












Click it and Unblock the Notifications