'ആളും തരവും നോക്കി കളി, സുരേന്ദ്രന്റെ വിഡ്ഢിത്തം കേട്ടവർ ചിരി നിർത്തി കാണില്ല'; കെ സുധാകരൻ
തിരുവനന്തപുരം: തന്റെ മനസ് ബി ജെ പിക്കൊപ്പമാണെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ.
സുരേന്ദ്രന്റെ വിഡ്ഢിത്തം കേട്ടവർ ഇപ്പോഴും ചിരി നിർത്തിക്കാണില്ലെന്ന് സുധാകരൻ പറഞ്ഞു. എ കെ ജി സെന്ററിൽ നിന്ന് തന്നെയാണ് സുരേന്ദ്രനും പ്രസ്താവനകൾ എഴുതി നൽകുന്നത് എന്നതിനുള്ള തെളിവാണ് ഇതെന്നും സുധാകരൻ പറഞ്ഞു.

'കൊടകര കുഴൽപ്പണക്കേസ് ഒതുക്കിത്തീർത്തതിനുള്ള രാഷ്ട്രീയ പാരിതോഷികങ്ങളാണ് ഇത്തരം പ്രസ്താവനകളെന്ന് സമകാലിക കേരള രാഷ്ട്രീയം പഠിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും. എന്റെ മനസ്സ് കേരള ജനതയ്‌ക്കൊപ്പമാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്റെയും പിണറായിയുടെയും സീറ്റുകള്‍ വലിയ തോതില്‍ നഷ്ടപ്പെട്ടു. തൃക്കാക്കരയില്‍ അതിദയനീയമായി രണ്ടുപേരും തോറ്റു. ജോഡോ യാത്രയില്‍ വന്‍ ജനാവലി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഹൃദയം ചേര്‍ന്നു നടന്നു. ഇതിനെയെല്ലാം സി പി എമ്മും ബി ജെ പിയും ഒരു പോലെ ഭയന്നു'.

'ബി ജെ പിയുടെ സംഹാരാത്മക രാഷ്ട്രീയത്തിനെതിരെ ഇന്ത്യന്‍ മനസ്സാക്ഷിയുണര്‍ത്താനുള്ള രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തോല്‍പ്പിക്കാന്‍ പിണറായി - സുരേന്ദ്ര കക്ഷികളുടെ നെട്ടോട്ടം കേരളം കണ്ടതാണ്. ഇതില്‍നിന്നെല്ലാം മുഖം രക്ഷിക്കാന്‍ എന്റെ പ്രസംഗങ്ങളിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്തു രണ്ടുകൂട്ടരും ഒരുമിച്ചു നടത്തുന്ന പന്ത് തട്ടിക്കളിയാണ് കേരളം കാണുന്നത്. കോണ്‍ഗ്രസുകാരെ ബി ജെ പിയിലേക്ക് ക്ഷണിക്കുന്ന സുരേന്ദ്രന്റെ വിടുവായിത്തം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു'

'ഇ ഡിയോട് പോയി പണി നോക്കാന്‍ പറഞ്ഞ സോണിയയുടെയും രാഹുലിന്റെയും അനുയായികളാണ് ഞങ്ങള്‍, അവരെ കണ്ടാൽ മുട്ട് വിറക്കുന്നവരല്ല. ബി ജെ പിയെ സുഖിപ്പിക്കാന്‍ അമിത് ഷായെ ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേരിലുള്ള വള്ളംകളിയ്ക്ക് ഞങ്ങള്‍ ക്ഷണിച്ചിട്ടില്ല. കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രഥമാതിഥിയായി ഇറക്കിയിട്ടില്ല. ഭരണമികവ് പഠിക്കാന്‍ ന്യൂനപക്ഷ വേട്ടയുടെ നാട്ടിലേക്ക് സര്‍ക്കാര്‍ പ്രതിനിധികളെ അയച്ചിട്ടില്ല'.

'വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ തോല്‍പ്പിക്കാന്‍ കമ്മി- സംഘി കൂട്ടായ്മ സംഘടിപ്പിച്ചിട്ടില്ല. ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ നരേന്ദ്രമോദിയ്ക്കുമുന്നില്‍ ശിരസ്സ് കുനിച്ചിട്ടില്ല. ഇതെല്ലാം ചെയ്ത പിണറായിയും സഖാക്കളുമാണ് സംഘി മനസ്സുള്ളവര്‍ എന്ന് കേരളത്തില്‍ ആര്‍ക്കാണറിയാത്തത്. സുരേന്ദ്രാ ആളും തരവും നോക്കി കളിയ്ക്കണം 'എന്നേ പറയാനുള്ളൂ. ജീവനുള്ള ഒരു കോൺഗ്രസുകാരനും ബി ജെ പിക്കൊപ്പം വരില്ല. മരിച്ചു കഴിഞ്ഞാലും അയാളുടെ ഓർമ്മകൾ ബി ജെ പിക്കെതിരെ ശബ്ദിച്ചു കൊണ്ടിരിക്കും', സുധാകരൻ പറഞ്ഞു.

സുധാകരന്റെ മനസ് ബിജെപിക്ക് ഒപ്പമാണെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രസ്താവന. കോണ്‍ഗ്രസ് നേതാക്കളുടെ മനസിലുള്ള അരക്ഷിതബോധമാണ് സുധാകരനിലൂടെ പുറത്ത് വന്നത്. വലിയ ഓഫർ ലഭിക്കുമായിരുന്നുവെങ്കിൽ കേരളത്തിലെ ഒട്ടുമിക്ക കോൺഗ്രസ് നേതാക്കളും ബി ജെ പിയിൽ ചേർന്നേനെയെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.












Click it and Unblock the Notifications