'സിപിഎമ്മിനും ഒരു തോറ്റ ആരോഗ്യമന്ത്രിയെ കിട്ടി' ;ട്രോളി എസ് എസ് ലാൽ
കൊച്ചി; തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ സി പി എമ്മിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് എസ് എസ് ലാൽ. 'സി പി എമ്മിനും ഒരു തോറ്റ മന്ത്രിയെ കിട്ടി' എന്നായിരുന്നു ലാലിന്റെ പരിഹാസം. 'ഡോക്ടർ ജോ ജോസഫ് വിഷമിക്കരുത്. യഥാർത്ഥത്തിൽ താങ്കൾ രക്ഷപ്പെടുകയാണ് ചെയ്തത്. വലിയ അപകടം പിടിച്ച പാർട്ടിയിലാണ് താങ്കൾ കഴിഞ്ഞ മാസം ഓടിക്കേറിയത്. പഴയത് പോലെ ഹൃദയ ചികിത്സ തുടരണം. അഥവാ രാഷ്ടീയ പ്രവർത്തനം വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഈ ബഹളമൊക്കെ കഴിയുമ്പോൾ കോൺഗ്രസിലേയ്ക്ക് വരണമെന്നും', ലാൽ ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

'എന്റെ കോൺഗ്രസുകാർ കുറച്ച് സമയത്തേയ്ക്ക് എന്നോട് ക്ഷമിക്കണം. ജീവിതത്തിൽ ആദ്യമായി ഞാൻ സി.പി.എമ്മിന്റെ ചില വരികൾ കടമെടുക്കുകയാണ്."സി.പി.എമ്മിനും ഒരു തോറ്റ ആരോഗ്യമന്ത്രിയെ കിട്ടി"
ഇനി എന്റെ ഡോക്ടറനിയനോട്. അനിയൻ വിഷമിക്കരുത്. അനിയൻ യഥാർത്ഥത്തിൽ രക്ഷപെട്ടിരിക്കുകയാണ്. വലിയ അപകടം പിടിച്ച പാർട്ടിയിലാണ് താങ്കൾ കഴിഞ്ഞ മാസം ഓടിക്കേറിയത്. ആശ്വസിക്കാൻ ഒരു വകയും കൂടി ഉണ്ട്. സി.പി.എം ചെയ്തതുപോലെ കോൺഗ്രസ് പാർട്ടി ബി.ജെ.പിയുമായി അഡ്ജസ്റ്റ്മെന്റ് ഉണ്ടാക്കിയില്ല. അതുകൊണ്ടാണ് മൂന്നാം സ്ഥാനം കിട്ടാതെ രക്ഷപെട്ടത്.
അനിയൻ ഹൃദയചികിത്സ തുടരണം. പാർട്ടി നോക്കാതെ. അഥവാ രാഷ്ടീയ പ്രവർത്തനം വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഈ ബഹളമൊക്കെ കഴിയുമ്പോൾ കോൺഗ്രസിലേയ്ക്ക് വരണം. ഇവിടെ ഒരുപാട് ഡോക്ടർമാർ ഉണ്ട്. പഴയതുപോലെ അവർ 51 വെട്ടൊന്നും വെട്ടില്ല. എല്ലായിടത്തും മാദ്ധ്യമങ്ങളും കാമറയും ഉണ്ട്'. പോസ്റ്റിൽ പറയുന്നു.
തൃക്കാക്കര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം2022
മുഖ്യമന്ത്രിയും മന്ത്രി പടയും നേരിട്ടെത്തി പ്രചരണം നയിച്ചിട്ടും മണ്ഡലത്തിൽ വലിയ തിരിച്ചടിയാണ് എൽ ഡി എഫ് നേരിട്ടത്. കെ റെയിൽ ഉൾപ്പെടെയുള്ള വികസന വിഷയങ്ങൾ ഉയർത്തിയായിരുന്നു എൽ ഡി എഫ് തിരഞ്ഞെടുപ്പിൽ പ്രചരണം നയിച്ചത്. എന്നാൽ ഒന്നും തന്നെ മണ്ഡലത്തിൽ വിലപ്പോയില്ല. അതേസമയം കോൺഗ്രസിനെ സംബന്ധിച്ചെടുത്തോളം മണ്ഡല ചരിത്രത്തിലെ ഏറ്റവും വലിയ ലീഡുമായാണ് ഉമ തോമസിന്റെ വിജയം. 25000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ ജയിച്ചത്. വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും വ്യക്തമായ ലീഡ് നേടിയായിരുന്നു ഉമ മുന്നേറിയത്. ഉമ തോമസിന് 72767 വോട്ട്, ജോ ജോസഫിന് 47752 വോട്ട്,എഎൻ രാധാകൃഷ്ണന് 12955 വോട്ട് എന്നിങ്ങനെയാണ് ലഭിച്ചത്.












Click it and Unblock the Notifications