പിവി അൻവറിനെതിരെ കേസെടുക്കാൻ നിർദ്ദേശം; നടപടി വിലക്ക് ലംഘിച്ച് വാർത്താസമ്മേളനം നടത്തിയതിന്
തൃശൂർ: ചേലക്കരയിൽ പോലീസിന്റെ വിലക്ക് ലംഘിച്ച് വാർത്താസമ്മേളനം നടത്തിയ സംഭവത്തിൽ പിവി അൻവർ എംഎൽഎക്കെതിരെ കേസെടുക്കാൻ നിർദ്ദേശം. തൃശൂർ കളക്‌ടറാണ് ഇത് സംബന്ധിച്ച നിർദ്ദേശം റിട്ടേണിംഗ് ഓഫീസർക്ക് നൽകിയത്. ജില്ലാ വരണാധികാരി കൂടിയാണ് കളക്‌ടർ. അർജുൻ പാണ്ഡ്യനാണ് അൻവറിനെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
നേരത്തെ വാർത്താ സമ്മേളനം നടത്തരുതെന്ന് കാണിച്ച് പിവി അൻവറിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ചു കൊണ്ടാണ് അൻവർ വാർത്താസമ്മേളനം നടത്തിയതെന്ന് കളക്‌ടർ കണ്ടെത്തിയിരുന്നു. ഇതോടെയാണ് റിട്ടേണിംഗ് ഓഫീസർക്ക് കേസെടുക്കാനുള്ള നിർദ്ദേശം നൽകിയിരിക്കുന്നത്.

നേരത്തെ നാടകീയ രംഗങ്ങൾക്കായിരുന്നു ചേലക്കര സാക്ഷ്യം വഹിച്ചത്. വാർത്താസമ്മേളനം നടത്തരുതെന്ന് പലവട്ടം ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും അൻവർ വഴങ്ങാൻ കൂട്ടാക്കിയിരുന്നില്ല. താൻ പെരുമാറ്റ ചട്ടം ലംഘിക്കുന്നില്ല എന്നായിരുന്നു അൻവറിന്റെ നിലപാട്. ഇതിന്റെ പേരിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോട് അൻവർ തർക്കിക്കുന്ന സാഹചര്യവുമുണ്ടായി.
നവംബർ 13 ബുധനാഴ്‌ച വോട്ടെടുപ്പ് നടക്കുന്ന മണ്ഡലമാണ് തൃശൂരിലെ ചേലക്കര. ഇവിടെയായിരുന്നു അൻവർ വാർത്താ സമ്മേളനം നടത്തിയത്. എന്നാൽ ഇത് പെരുമാറ്റ ചട്ട ലംഘനമാണെന്നാണ് കളക്‌ടർ കണ്ടെത്തിയിരിക്കുന്നത്. മണ്ഡലത്തിലെ പരസ്യ പ്രചാരണത്തിനുള്ള സമയ പരിധി തിങ്കളാഴ്‌ച വൈകീട്ടോടെ അവസാനിച്ചിരുന്നു.
ഇതോടെയാണ് അൻവറിന്റെ വാർത്താ സമ്മേളനം തടയാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ശ്രമിച്ചത്. നിശബ്‌ദ പ്രചാരണം മാത്രമാണ് വോട്ടെടുപ്പിന്റെ തലേദിവസം അനുവദിക്കുക എന്നതായിരുന്നു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നിലപാട്. എന്നാൽ ഈ ചട്ടം കാണിക്കാൻ ആവശ്യപ്പെട്ട് ഉദ്യോഗസ്ഥനെ അൻവർ തിരിച്ചയക്കുകയും ചെയ്‌തിരുന്നു.
നിയമസഭാംഗം ആയതിനാൽ തന്നെ അൻവറിനെതിരെ കേസെടുക്കാൻ കോടതിയുടെ അനുമതി തേടണമെന്നാണ് ചട്ടം. ഇതിനുള്ള നടപടിക്രമങ്ങൾ ഇന്ന് ആരംഭിക്കാനാണ് സാധ്യത. പോലീസ് ഇതിനായി വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകുമെന്നാണ് ലഭ്യമായ വിവരം. ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.
മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് തന്റെ വാർത്താ സമ്മേളനം തടയുന്നതെന്നായിരുന്നു നിലമ്പൂർ എംഎൽഎ ആരോപിച്ചത്. പിണറായി എന്തിനാണ് ഭയക്കുന്നതെന്നായിരുന്നു ശേഷം വാർത്താ സമ്മേളനത്തിൽ അൻവർ ഉയർത്തിയ പ്രധാന ചോദ്യം. ഇന്ന് പ്രചാരണം നടത്തരുതെന്ന് ചട്ടത്തിൽ എവിടെയും പറയുന്നില്ലെന്നും അൻവർ ചൂണ്ടിക്കാട്ടിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാർട്ടികളും മുന്നണികളും മണ്ഡലത്തിൽ ചിലവഴിച്ച പണത്തെ കുറിച്ചായിരുന്നു പിവി അൻവർ വാർത്താസമ്മേളനത്തിൽ സംസാരിച്ചത്. കോളനികളിൽ ഉൾപ്പെടെ ഇടതുമുന്നണി പണവും മദ്യവും ഒഴുക്കുകയാണെന്ന് അൻവർ ആരോപിച്ചിരുന്നു. ചെറുതുരുത്തിയിൽ നിന്ന് പിടിച്ചെടുത്ത പണം ആരുടേതായിരുന്നുവെന്നും അൻവർ ചോദിക്കുകയുണ്ടായി.
കൂടാതെ വാർത്താ സമ്മേളനത്തിന് പിന്നാലെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയും പിവി അൻവർ സമാനമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്‌തിരുന്നു. മൂന്ന് മുന്നണികളും ചേർന്ന് കോടികണക്കിന് രൂപയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചിലവഴിച്ചതെന്നും ഇത് കമ്മീഷൻ അനുവദിച്ചതിലും പതിന്മടങ്ങ് അധികമാണെന്നും അൻവർ ആരോപിക്കുകയുണ്ടായി.












Click it and Unblock the Notifications