തൃശൂർ പൂരം കലക്കൽ; എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടില്ല, കാരണം അതിന്റെ രഹസ്യ സ്വഭാവം
തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട എഡിജിപി എംആർ അജിത്കുമാറിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടില്ലെന്ന് സർക്കാർ. തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ വിഎസ് സുനിൽകുമാറിന്റെ വിവരാവകാശ രേഖയ്ക്ക് മറുപടിയായാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവം ഉള്ളതിനാൽ റിപ്പോർട്ട് നൽകാൻ കഴിയില്ലെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ അപ്പീൽ നൽകാനാണ് സുനിൽ കുമാറിനോട് നിർദ്ദേശിച്ചിരിക്കുന്നത്. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് സർക്കാർ തുടക്കത്തിൽ പ്രഖ്യാപിച്ച അന്വേഷണത്തിലെ റിപ്പോർട്ടാണ് ഇത്.

പിവി അൻവർ ആരോപണം ഉന്നയിക്കുന്നതിനും മാസങ്ങൾക്ക് മുൻപാണ് ക്രമസമാധാന ചുമതല വഹിച്ചിരുന്ന എഡിജിപി എംആർ അജിത് കുമാറിന് പൂരത്തിൽ ഇക്കുറിയുണ്ടായ വീഴ്‌ചകളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് ഇഴ മാസത്തിന് ശേഷം ഈ അന്വേഷണ റിപ്പോർട്ട് എഡിജിപി സർക്കാരിന് സമർപ്പിച്ചത്.
ഈ റിപ്പോർട്ട് പുറത്തുവിടാൻ കഴിയില്ലെന്നാണ് സർക്കാർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. നേരത്തെ റിപ്പോർട്ടിലെ ചില ഉള്ളടക്കങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. കമ്മീഷണർ അങ്കിത് അശോകനെ പഴിചാരിയാണ് എഡിജിപി റിപ്പോർട്ട് തയ്യാറാക്കിയത് എന്നായിരുന്നു വാർത്തകൾ. എന്നാൽ ഇത് ഡിജിപി തള്ളിയെന്നും സൂചനകൾ പുറത്തുവന്നിരുന്നു.
ആഭ്യന്തര വകുപ്പും റിപ്പോർട്ട് കൈയൊഴിഞ്ഞതോടെ സർക്കാർ ത്രിതല അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ ഉൾപ്പെടെ ആരോപണ വിധേയനായ എഡിജിപി എംആർ അജിത്കുമാർ നടത്തിയ അന്വേഷണത്തിൽ സിപിഐ ഉൾപ്പെടെ സംശയം പ്രകടിപ്പിച്ചത്. തുടർന്ന് വിഎസ് സുനിൽകുമാർ വിവരാവകാശത്തിന് നൽകുകയായിരുന്നു.
തൃശൂർ പൂരം കലക്കൽ റിപ്പോർട്ടിനെതിരെ നേരത്തെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു എന്നത് ശ്രദ്ധേയമാണ്. സിപിഐയുടെ മുഖപത്രമായ ജനയുഗത്തിൽ ഉൾപ്പെടെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. അതുകൊണ്ടാണോ സർക്കാർ റിപ്പോർട്ട് പുറത്തുവിടാത്തത് എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. റിപ്പോർട്ടിലെ ഉള്ളടക്കം എഡിജിപിക്ക് എതിരായ ആരോപണത്തിന് ശക്തി കൂട്ടുമെന്ന് ചില കോണുകളിൽ നിന്ന് അഭിപ്രായം ഉയരുന്നുണ്ട്.
ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയിൽ ആരോപണ വിധേയനായ എഡിജിപിക്ക് എതിരെ നേരത്തെ സർക്കാർ നടപടിയെടുത്തിരുന്നു. പ്രതിപക്ഷത്തിന്റെയും സഖ്യക്ഷിയായ സിപിഐയുടെയും ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് സർക്കാർ നടപടി. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത്കുമാറിനെ നീക്കിയ സർക്കാർ അദ്ദേഹത്തിന് ബറ്റാലിയൻ ചുമതല മാത്രമാക്കിയിരുന്നു.
തൃശൂരിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിനോട് അമർഷമുള്ള സിപിഐ എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന് വേണ്ടി സമ്മർദ്ദ തന്ത്രം പയറ്റുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. പ്രത്യേകിച്ചും സുനിൽ കുമാറിനെ പോലെ മുതിർന്ന നേതാവ് വിവരാവകാശ രേഖ സമർപ്പിച്ച സാഹചര്യത്തിൽ. പാർട്ടിയോട് കൂടിയാലോചിച്ച ശേഷമാവും അപ്പീൽ ഉൾപ്പെടെയുള്ള തുടർനടപടികൾ എന്നാണ് സുനിൽകുമാർ ഇന്ന് അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications